കൊവിഡ്: മുഹറം പ്രദക്ഷിണം പാടില്ലെന്ന് ഉത്തരവിട്ട് സുപ്രീംകോടതി

By Web Team  |  First Published Aug 27, 2020, 3:36 PM IST

ജനങ്ങളെ അപകടത്തിലാക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്‌ എ ബോബ്ഡേ പറഞ്ഞു. മുഹറം പ്രദക്ഷിണം രാജ്യവ്യാപകമായി ഉള്ളതാണെന്നും അതിനാല്‍ അനുമതി നല്‍കാന്‍ കഴിയില്ലെന്ന് കോടതി.


ദില്ലി: മുഹറം പ്രദക്ഷിണത്തതിന് സുപ്രീംകോടതി അനുമതി നിരസിച്ചു. കൊവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിൽ മുഹറം പ്രദക്ഷിണം സുരക്ഷിതമല്ലെന്ന് കോടതി അറിയിച്ചു. ഒരു സമുദായം കൊവിഡ് പരത്തി എന്ന പ്രചരണത്തിന് ഇത് വഴിവെക്കുമെന്ന് കോടതി ഉത്തരവില്‍ പറയുന്നു. ജനങ്ങളെ അപകടത്തിലാക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്‌ എ ബോബ്ഡേ പറഞ്ഞു.

മഹാരാഷ്ട്രയിലെ ജൈന ക്ഷേത്രങ്ങളിലെയും ഒഡീഷയിലെ പുരി ക്ഷേത്രത്തിലെയും ഉത്സവത്തിന് നേരത്തെ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മുഹറം പ്രദക്ഷിണത്തതിന് അനുമതി തേടി യു പിയിൽ നിന്നുള്ള ഷിയ സമുദായ നേതാവ് സുപ്രീംകോടതിയെ സമീപിച്ചത്. മഹാരാഷ്ട്രയിലെ ജൈന ക്ഷേത്രത്തിലെ ഉത്സവവും ഒഡീഷയിലെ പുരി ക്ഷേത്രത്തിലെ ഉത്സവവും അവിടെ മാത്രമുള്ള ചടങ്ങുകളാണ്. എന്നാല്‍, മുഹറം പ്രദക്ഷിണം രാജ്യം മുഴുവൻ നടക്കുന്നതാണ്. കൊവിഡ് കാലത്ത് അത് അപകടങ്ങളും കൊവിഡ് പരത്തിയെന്ന ആക്ഷേപങ്ങളും ഉണ്ടാക്കുമെന്നും ചീഫ് ജസ്റ്റിസ് എസ് എബോബ്ഡെ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ അനുമതി നൽകാനാകില്ലെന്നായിരുന്നു കോടതിയുടെ തീരുമാനം.

Latest Videos

click me!