രാജ്യത്ത് കൊവിഡ് കണക്ക് മുകളിലേക്ക്, കൂടുതൽ കേസുകൾ മഹാരാഷ്ട്രയിലും കേരളത്തിലും

By Web Team  |  First Published Jun 5, 2022, 10:57 AM IST

കഴിഞ്ഞ ദിവസത്തെ പ്രതിദിന കണക്കുകളെ അപേക്ഷിച്ച്, ഒരു ദിവസം കൊണ്ട് 1636 കേസുകളാണ് കൂടിയത്. ഏറ്റവും കൂടുതൽ കേസുകളുള്ള മഹാരാഷ്ട്രയും കേരളവും അടക്കമുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 


ദില്ലി: രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളുടെ എണ്ണം കൂടുന്നു. പുതുതായി 4270 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ റജിസ്റ്റർ ചെയ്ത കൊവിഡ് കേസുകൾ 4,31,76,817 ആണ്. ടിപിആർ ഒരു ശതമാനത്തിന് മുകളിലാണ്. മുപ്പത്തിനാല് ദിവസത്തിന് ശേഷമാണ് ടിപിആർ ഒരു ശതമാനത്തിന് മുകളിലേക്ക് എത്തുന്നത്. 

ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 24,052 ആയി. 15 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രാജ്യത്ത് മരണസംഖ്യ 5,24,692 ആയി. അതേസമയം, 98.73 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്കെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. 

Latest Videos

undefined

കഴിഞ്ഞ ദിവസത്തെ പ്രതിദിന കണക്കുകളെ അപേക്ഷിച്ച്, ഒരു ദിവസം കൊണ്ട് 1636 കേസുകളാണ് കൂടിയത്. ഏറ്റവും കൂടുതൽ കേസുകളുള്ള മഹാരാഷ്ട്രയും കേരളവും അടക്കമുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് നാലാം തരംഗം വരാൻ സാധ്യതയുള്ളതിനാൽത്തന്നെ, ആശങ്കയല്ല നല്ല ജാഗ്രതയാണ് അത്യാവശ്യമെന്നും ഐസിഎംആർ അഡീഷണൽ ഡയറക്ടർ ജനറൽ സ്മിരൻ പാണ്ഡ വ്യക്തമാക്കുന്നു. 

Read More: വീണ്ടും ലോക‍്‍‍ഡൗൺ പ്രഖ്യാപിച്ച് ചൈന; ഷാങ്ഹായിയിൽ 14 ദിവസത്തേക്ക് നിയന്ത്രണം

മുംബൈ നഗരത്തിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിൽ 889 പുതിയ കേസുകളാണ് റജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം മുംബൈയിൽ രേഖപ്പെടുത്തിയ കൊവിഡ് കേസുകൾ 763 ആയിരുന്നു. മഴക്കാലം വരുന്നതോടെ ഇനിയും കേസുകൾ കൂടാനുള്ള സാധ്യത കണക്കിലെടുത്ത്, നഗരത്തിൽ കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാനാണ് ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷന്‍റെ തീരുമാനം. 

യുദ്ധകാലാടിസ്ഥാനത്തിൽ ടെസ്റ്റിംഗ് കൂട്ടണമെന്ന് ഉദ്യോഗസ്ഥർക്ക് മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ടെസ്റ്റിംഗ് ലാബുകളോട് തയ്യാറായിരിക്കണമെന്നും, സ്റ്റാഫ് എണ്ണം കൂട്ടണമെന്നും നിർദേശം നൽകിയിട്ടുണ്ട്. 

''ദിവസം തോറും മുംബൈയിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. മൺസൂൺ വരാനിരിക്കുന്നതിനാൽ രോഗലക്ഷണങ്ങളോടെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടാനാണ് സാധ്യത'', ബിഎംസി പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു. 

Read More: മഴക്കാലം വരുന്നു, മുംബൈയിൽ കൊവിഡ് നിരക്ക് ഉയരുന്നു, ടിപിആർ 6%, ജാഗ്രത

12 മുതൽ 18 വയസ്സ് വരെയുള്ളവരുടെ വാക്സിനേഷൻ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും ബിഎംസി നിർദേശിക്കുന്നുണ്ട്. രോഗലക്ഷണങ്ങളോടെയുള്ള കേസുകൾ കൂടിയേക്കാമെന്നാണ് കണക്കുകൂട്ടലെന്നതിനാൽ, വലിയ താത്കാലികാശുപത്രികൾ വേണ്ടി വന്നാൽ തയ്യാറാക്കാനും, ആശുപത്രികളോട് തയ്യാറായിരിക്കാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികൾക്കും ജാഗ്രത പാലിക്കാൻ നി‍ർദേശമുണ്ട്. വാർഡ് തലത്തിലുള്ള വാർ റൂമുകളിൽ വേണ്ടത്ര സ്റ്റാഫും മെഡിക്കൽ ടീമുകളും ആംബുലൻസുമുണ്ടെന്ന് ഉറപ്പാക്കണം. ഇനി കൂടുതൽ രോഗികൾ ആശുപത്രിയിലെത്തിയാൽ മലാഡിലെ ജംബോ ആശുപത്രിയായിരിക്കും മുൻഗണനാക്രമത്തിൽ ആദ്യം രോഗികളെ പ്രവേശിപ്പിക്കാനുപയോഗിക്കുക. 

മുംബൈയിൽ ഒമിക്രോണിന്‍റെ ബിഎ.4, ബിഎ5. വകഭേദങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് കേസുകളുടെ എണ്ണത്തിൽ ഇതുവരെ വൻകുതിച്ചുചാട്ടമുണ്ടാക്കിയിട്ടില്ല.  

അതേസമയം, ദില്ലി നഗരത്തിൽ പുതുതായി 405 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 2.07 ശതമാനമാണ്. എന്നാൽ മരണമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇതോടെ ദില്ലിയിലെ ഇതുവരെ കണ്ടെത്തിയ ആകെ കൊവിഡ് കേസുകളുടെ എണ്ണം 19,08,387 ആയി. കൊവിഡ് മൂലമുണ്ടായ മരണസംഖ്യ 26,212 ആണ്. 

Read More: ആശങ്കയായി കേരളത്തിൽ കൊവിഡ് ഉയരുന്നു, പത്ത് ദിവസത്തിനിടെ ഇരട്ടിയിലേറെ കേസുകൾ

click me!