ഒറ്റ ദിവസം, ഒമ്പതിനായിരത്തോളം രോഗികൾ, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷം കടന്നു

By Web Team  |  First Published Jun 3, 2020, 10:13 AM IST

ചികിത്സയിലുള്ളത് ഒരു ലക്ഷത്തിലധികം രോഗികളാണ്. മരണസംഖ്യ 5815 ആയി. ഒരു ലക്ഷത്തോളം പേർ രോഗമുക്തരായി എന്നത് മാത്രമാണ് ഏക ആശ്വാസം. പക്ഷേ, പുതുതായി രോഗികളാകുന്നവരുടെ എണ്ണം കുത്തനെ കൂടുന്നത് ആശങ്കയേറ്റുന്നു.


ദില്ലി: 24 മണിക്കൂറിൽ പുതുതായി 8909 രോഗികൾ. 217 മരണം. ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 2,07,614 പേർക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ ഏറ്റവുമൊടുവിലത്തെ കണക്ക് അനുസരിച്ച് ഇത് വരെ രോഗം ബാധിച്ചത്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5815 ആയി ഉയർന്നു. ഒരു ലക്ഷത്തോളം പേർക്ക്, കൃത്യമായി പറഞ്ഞാൽ, 1,00,302 പേർക്ക് രോഗമുക്തിയുണ്ടായി എന്നത് മാത്രമാണ് ഈ കണക്കുകളിൽ ആശ്വാസം നൽകുന്ന ഏക കാര്യം. പക്ഷേ, ദിവസം തോറും രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നത്, രാജ്യം പോകുന്നതെങ്ങോട്ട് എന്നതിലെ കൃത്യമായ ചൂണ്ടുപലകയാണ്. ലോകത്ത് രോഗവ്യാപനക്കണക്കുകളിൽ ഇന്ത്യ ഏഴാം സ്ഥാനത്തെത്തി എന്നതും ആശങ്ക കൂട്ടുകയാണ്. 

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് എത്താൻ 109 ദിവസം ആണ് എടുത്തത്. എന്നാൽ ഇത് രണ്ട് ലക്ഷമാകാൻ എടുത്തത് 15 ദിവസം മാത്രമാണ് എന്ന് മനസ്സിലാക്കുമ്പോഴാണ് രോഗബാധയുടെ ഗുരുതരാവസ്ഥ എത്രയുണ്ട് എന്ന് വ്യക്തമാകുന്നത്. 

Latest Videos

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടാൻ തുടങ്ങിയതിന് ശേഷം ഇതാദ്യമായി മഹാരാഷ്ട്രയിൽ രോഗം കൂടുന്നതിന്‍റെ തോത്, രാജ്യശരാശരിയേക്കാൾ താഴെപ്പോയി എന്നതാണ് ആശ്വാസം നൽകുന്ന മറ്റൊരു കാര്യം. ഏഴ് ദിവസത്തെ ശരാശരി രോഗവർദ്ധനാനിരക്ക് കണക്കുകൂട്ടുന്ന Compunded Daily Growth Rate (CDGR) അനുസരിച്ച്, കഴിഞ്ഞ മൂന്ന് ദിവസമായി ദേശീയശരാശരിയേക്കാൾ താഴെയാണ് മഹാരാഷ്ട്രയിൽ രോഗം കൂടുന്ന നിരക്ക്. 

രോഗവ്യാപനം അതിന്‍റെ കൊടുമുടിയിൽ എത്താൻ ഇനിയും സമയമെടുക്കുമെന്നും, നിലവിൽ രാജ്യം ആ സാഹചര്യത്തിൽ നിന്ന് ''ഏറെ അകലെയാണ്'' എന്നുമാണ് ഐസിഎംആർ ഇപ്പോഴും വിശദീകരിക്കുന്നത്. ലോക്ക്ഡൗൺ ഇളവുകൾക്ക് ശേഷം, അൺലോക്ക് ഘട്ടത്തിലേക്ക് രാജ്യം കടക്കുമ്പോൾ, ദിവസംപ്രതി രോഗം ബാധിക്കുന്നവരുടെ ശരാശരി കണക്കിൽ ആയിരത്തോളം പേരുടെ വർദ്ധനയുണ്ടാകുന്ന സാഹചര്യത്തിലും, സ്ഥിതി ഗുരുതരമാണെന്ന വിലയിരുത്തൽ നിഷേധിക്കുകയാണ് ഐസിഎംആർ. സമൂഹവ്യാപനം ഇന്ത്യയിലില്ല എന്നാണ് ഐസിഎംആർ ഇപ്പോഴും പറയുന്നത്.

എന്നാൽ രാജ്യത്ത് കണ്ടെത്തിയ രോഗികളുടെ കണക്കുകൾ പരിശോധിച്ചാൽ ഏതാണ്ട് 77% കേസുകളുടെയും ഉറവിടം എവിടെ നിന്നാണ് എന്ന് അതാത് സംസ്ഥാനങ്ങളുടെ ആരോഗ്യവകുപ്പുകൾക്ക് അറിയില്ല എന്ന് ആരോഗ്യവിദഗ്ധർ തന്നെ വ്യക്തമാക്കുന്നു. ഇത് തന്നെയാണ് സാമൂഹികവ്യാപനത്തിന്‍റെ ലക്ഷണമായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പ്രധാനമന്ത്രി നിയോഗിച്ച ദൗത്യസംഘത്തിലെ രണ്ട് വിദഗ്ധർ തന്നെ രാജ്യത്തെ സാമൂഹ്യവ്യാപനത്തെക്കുറിച്ച് പല തവണ ആവർത്തിച്ച് മനസ്സിലാക്കാൻ ശ്രമിച്ചിട്ടും, കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത് അംഗീകരിക്കാൻ തയ്യാറാകുന്നില്ല എന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരുന്നു. എന്നാൽ രാജ്യവ്യാപകമായി സെറോ ടെസ്റ്റുകൾ നടത്തിയിട്ടുണ്ടെന്നും, ഇതിന്‍റെ ഫലം വന്നാൽ മാത്രമേ സാമൂഹികവ്യാപനം ഉണ്ടോ എന്ന് വ്യക്തമാക്കാൻ കഴിയൂ എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാൽ മിക്ക വികസിത രാജ്യങ്ങളുടെയും കണക്കുകൾ പരിശോധിക്കുമ്പോൾ, സമാനമായ വ‍ർദ്ധന ഇന്ത്യയിലില്ല എന്നാണ് ഐസിഎംആർ ശാസ്ത്രജ്ഞ ഡോ. നിവേദിത ഗുപ്ത പറയുന്നത്. 

click me!