ഒരു ദിനം, രാജ്യത്ത് മൂന്നരലക്ഷം രോഗികൾ, മരണനിരക്ക് കുതിച്ചുയരുന്നു, 2,767 മരണം

By Web Team  |  First Published Apr 25, 2021, 10:19 AM IST

രാജ്യത്ത് വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം 14 കോടി കടന്ന ദിവസം കൂടിയാണിത്. മെയ് 1 മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സീൻ നൽകുമെന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപനം. എന്നാൽ ഇതിന് വേണ്ട വാക്സീൻ ഉണ്ടോ എന്നതാണ് ആശങ്ക.


ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി മൂന്നരലക്ഷത്തോളം പേർ കൊവിഡ് രോഗബാധിതരായി. 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 3,49,691 പേർക്കാണ്. മരണനിരക്കും രാജ്യത്ത് കുതിച്ചുയരുകയാണ്. 2,767  പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം, 2,17,113 പേർ രോഗമുക്തരായി ആശുപത്രി വിടുകയും ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു.

രാജ്യത്ത് ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,69,60,172 ആയി. ആകെ രോഗമുക്തരുടെ എണ്ണം 1,40,85,110. ഇത് വരെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ആകെ കൊവിഡ് ബാധിച്ച് മരിച്ചത് 1,92,311 പേരാണ്. നിലവിൽ രാജ്യത്ത് 26 ലക്ഷത്തോളം പേരാണ് ചികിത്സയിലുള്ളത്. 26,82,751 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സ തേടുന്നത്. 

Latest Videos

undefined

രാജ്യത്ത് വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം 14 കോടി കടന്ന ദിവസം കൂടിയാണിത്. മെയ് 1 മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സീൻ നൽകുമെന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപനം. എന്നാൽ ഇതിന് വേണ്ട വാക്സീൻ സ്റ്റോക്ക് ഉണ്ടോ എന്നതാണ് ആശങ്ക.

തുടർച്ചയായി നാല് ദിവസം, മൂന്ന് ലക്ഷത്തിലധികം കേസുകൾ

ഇന്നത്തേതും കൂടി ചേർത്താൽ കഴിഞ്ഞ നാല് ദിവസമായി മൂന്ന് ലക്ഷത്തിലധികം രോഗികളാണ് രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കടുത്ത ഓക്സിജൻ പ്രതിസന്ധിയിൽ രാജ്യം ശ്വാസം മുട്ടുമ്പോഴാണ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നത്. 

ഇന്ന് പ്രധാനമന്ത്രിയുടെ മൻ കി ബാത് രാവിലെ 11 മണിക്ക് സംപ്രേഷണം ചെയ്യും. ഇന്നലെ മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച് ചേർത്തിരുന്നു. ഇതിലെ തീരുമാനങ്ങളടക്കം ഇന്ന് പ്രധാനമന്ത്രി മൻ കി ബാത്തിൽ പ്രഖ്യാപിച്ചേക്കാമെന്നാണ് കരുതപ്പെടുന്നത്. 

എന്നാൽ, ദില്ലിയിലെ ആശുപത്രികൾ പലതും ഇപ്പോഴും ഓക്സിജൻ ലഭ്യത ഇല്ലാതെ ശ്വാസം മുട്ടുന്ന കാഴ്ചയാണ് കാണാനാവുന്നത്. മിക്ക ആശുപത്രികളിലെയും മുതിർന്ന ഡോക്ടർമാർ അടക്കം ഓക്സിജൻ എങ്ങനെയെങ്കിലും എത്തിച്ചുതരണമെന്ന അഭ്യർത്ഥനയുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തുന്ന കാഴ്ചകൾ കണ്ടു. 

ദില്ലിയിലെ ജയ്‍പൂർ ഗോൾഡൻ ആശുപത്രിയിൽ മാത്രം ഓക്സിജൻ കിട്ടാതെ വെള്ളിയാഴ്ച രാത്രി മരിച്ചത് 25 പേരാണ്. ദില്ലിയിലെ സർ ഗംഗാറാം ആശുപത്രിയിൽ 25 പേരും മരിച്ചു. 

ഹൃദയഭേദകമായ കാഴ്ചകളാണ് ആശുപത്രികളുടെ അത്യാഹിതവിഭാഗങ്ങൾക്ക് മുന്നിൽ. ദില്ലിയിലെ മിക്ക ആശുപത്രികളിലും കിടക്കകളില്ല. നിലവിളികളോടെ എത്തുന്ന ബന്ധുക്കൾക്ക് മുന്നിൽ രോഗികളെ ആംബുലൻസുകളിൽത്തന്നെ പരിശോധിക്കുകയാണ് ഡോക്ടർമാർ. മരിച്ചവരെ കൊണ്ടുപോകാൻ അടക്കം ആംബുലൻസുകളും ലഭ്യമല്ല. പല ആശുപത്രികളും നിറഞ്ഞു കവിഞ്ഞതോടെ രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തി. ദില്ലി ഫോർട്ടിസ് ആശുപത്രി ഇന്ന് രാവിലെ രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തിവച്ചതായി അറിയിച്ചു. 

ദില്ലിയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായതോടെ എല്ലാ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും ഇന്നലെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ കത്തെഴുതിയിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ അൽപം ഓക്സിജൻ ഞങ്ങൾക്ക് തരാനാകുമെങ്കിൽ തരണം. കേന്ദ്രസർക്കാർ വഴി ഓക്സിജൻ ദില്ലിയിലെത്തിച്ചു തരാനുള്ള വഴി ഞങ്ങൾ ഒരുക്കാം - മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ അഭ്യർത്ഥിക്കുന്നു. 

click me!