ആശുപത്രി കിടക്കകള്‍ നിറഞ്ഞു; ചെന്നൈയില്‍ കൊവിഡ് രോഗികള്‍ക്ക് ചികിത്സ കിട്ടുന്നില്ലെന്ന് പരാതി

By Web Team  |  First Published Jun 9, 2020, 3:15 PM IST

രോഗം സ്ഥിരീകരിച്ചവരോട് വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാനാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഗുരുതരമല്ലാത്തവരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നില്ല.


ചെന്നൈ: കിടക്കകള്‍ നിറഞ്ഞ‌തോടെ ചെന്നൈയിലെ ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ക്ക് ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായി. ചികിത്സ ലഭിച്ചില്ലെന്ന് പരാതിപ്പെട്ട തമിഴ് നാടക നടന്‍ വരദരാജനെതിരെ കേസെടുത്തത് സംസ്ഥാനത്ത് പ്രതിഷേധത്തിന് വഴിവച്ചിരിക്കുകയാണ്. അതേസമയം, ചെന്നൈ റെയില്‍വേ ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരെ സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ദിവസേന ആയിരത്തിന് മുകളില്‍ പുതിയ കൊവിഡ് കേസുകളാണ് തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് സ്ഥിരീകരിച്ചവരോട് വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാനാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഗുരുതരമല്ലാത്തവരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നില്ല. സ്വകാര്യ ആശുപത്രികളിലും ഇടം ഇല്ലെന്നാണ് ഉയരുന്ന പരാതി. അതിനിടെയാണ്, കൊവിഡ് ബാധിച്ച സുഹൃത്തിന് ചെന്നൈയിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കാതെ മടക്കി അയച്ച അനുഭവം വരദരാജന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വച്ചത്. 

Latest Videos

എന്നാല്‍, തെറ്റായപ്രചരണം നടത്തിയെന്ന് ചൂണ്ടികാട്ടി പകര്‍ച്ചവ്യാധി തടല്‍ നിയമ പ്രകാരം വരദജരാജനെതിരെ കേസെടുത്തു. ആവശ്യത്തിന് കിടക്കകള്‍ ഒഴിവുണ്ടെന്നും ചികിത്സ നിഷേധിച്ചിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. അതേസമയം, പെരമ്പൂരിലെ റെയില്‍വേ ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഇരുപത് പേരെ സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന ആരോപണവും ഉയരുന്നുണ്ട്.

click me!