രാജ്യത്ത് കൊവിഡ് ആശങ്കയേറുന്നു; മഹാരാഷ്ട്രയില്‍ മരണസംഖ്യ 3500 കടന്നു, ദില്ലിയില്‍ ഇന്ന് മാത്രം 1877 കേസുകള്‍

By Web Team  |  First Published Jun 11, 2020, 10:17 PM IST

തമിഴ്നാട്ടില്‍ മരണസംഖ്യ 349 ആയി. 1875 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതര്‍ 38716 ആയി. 24 മണിക്കൂറിനിടെ 23 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ചെന്നൈയിൽ ആശങ്കയേറുകയാണ്. സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1407 പേരും ചെന്നൈയിലാണ്.


ദില്ലി: രാജ്യത്ത് കൊവിഡ് ആശങ്കയേറുകയാണ്. മഹാരാഷ്ട്രയില്‍ രോഗബാധിതര്‍ ഒരു ലക്ഷത്തിലേക്ക് അടിക്കുകയാണ്. രോ​ഗികളുടെ എണ്ണത്തിലും മരണ സംഖ്യയിലും വലിയ വര്‍ധനവാണ് ഇന്ന് ഉണ്ടായത്. ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മരണ സംഖ്യയാണ് ദില്ലിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്നാട്ടിലും ആശങ്കയേറുകയാണ് 

മഹാരാഷ്ട്രയില്‍ കൊവിഡ് മരണം 3500 കടന്നു. ഇന്ന് 152 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 3,590 ആയി. ഒരു ദിവസത്തെ ഏറ്റവും വലിയ വർധനവാണിത്. ഒരു ദിവസം മരണസംഖ്യ 150 കടക്കുന്നത് ഇത് ആദ്യമായിട്ടാണ്. 3607 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 97,648 ആയി. മുംബൈയിൽ ഇതുവരെ 54,085 കേസുകള്‍ റിപ്പോര്‍ ചെയ്യുകയും 1954 പേര്‍ മരിക്കുകയും ചെയ്തു. ഇന്ന് മാത്രം 97 പേരാണ്. 1418 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 

Latest Videos

ദില്ലിയിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന രോഗവ്യാപനമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് 1877 കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട്‌ ചെയ്തു. ഇതോടെ, ആകെ കേസുകൾ 34687 ആയി. 24 മണിക്കൂറിനിടെ 65 പേര്‍ മരിച്ചു. ആകെ മരണം 1085 ആയി. 12731 പേർക്ക് ഇതുവരെ രോഗം ഭേദമായത്.  നിലവിൽ 20871 പേരാണ് രാജ്യ തലസ്ഥാനത്ത് ചികിത്സയിലുള്ളത്. ദില്ലിയില്‍ ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മരണ സംഖ്യയാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 

അതേസമയം, സ്വകാര്യ ആശുപത്രികൾക്ക് കൊവിഡ് പരിശോധന നടത്താന്‍ ദില്ലി ഹൈക്കോടതി അനുമതി നൽകി. ഐ സി എം ആർ അംഗീകരിച്ച ലാബുകളുള്ള ആശുപത്രികൾക്ക് പരിശോധന നടത്താമെന്ന് കോടതി അറിയിച്ചു. ഇതിനിടെ, ദില്ലിയിൽ 13 റെയിൽവേ ബോർഡ് ഉദ്യോഗസ്ഥർക്ക് വീട്ടിൽ ക്വാറന്റീനിൽ പോവാൻ നിർദേശം നൽകി കൊവിഡ് സ്ഥിരീകരിച്ച ഒരു ഉദ്യോഗസ്ഥനുമായി സമ്പർക്കം പുലർത്തിയതിനാലാണ് ഇവരോട് ക്വാറന്റീനിൽ പോവാൻ നിർദേശം നൽകിയത്.

തമിഴ്നാട്ടില്‍ മരണസംഖ്യ 349 ആയി. 1875 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതര്‍ 38716 ആയി. 24 മണിക്കൂറിനിടെ 23 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ചെന്നൈയിൽ ആശങ്കയേറുകയാണ്. സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1407 പേരും ചെന്നൈയിലാണ്. ഇതോടെ, ചെന്നൈയില്‍ കൊവിഡ് ബാധിതര്‍ 27000 കടന്നു. ചെന്നൈയില്‍ ആശങ്ക വര്‍ധിപ്പിച്ച് മരണനിരക്ക് ഉയരുകയാണ്. ഇന്ന് 19 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ നിലപാട് വ്യക്തമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു. 

കർണാടകത്തിൽ ഇന്ന് മൂന്ന് പേര്‍ മരിക്കുകയും 204 പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്തുകയും ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 6245 ആയി. ഗുജറാത്തില്‍ 510 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരികീരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 21554 ആയി. 1347 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 14743 പേര്‍ക്ക് രോഗം ഭേദമായി. 5464 പേരാണ് നിലവില്‍ രോഗം ബാധിച്ച് ഗുജറാത്തില്‍ ചികിത്സയിലുള്ളത്. 

click me!