പ്രതിഷേധമറിയിച്ചിട്ടും ലോകാരോഗ്യസംഘടന കണക്ക് പ്രസിദ്ധീകരിച്ച സാഹചര്യത്തിലാണ് നീക്കം. സർക്കാർ കള്ളം പറയുകയാണെന്നും മരിച്ച 47 ലക്ഷംപേരുടെയും കുടുബത്തിന് സഹായധനം നല്‍കണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു
ദില്ലി: ലോകാരോഗ്യസംഘടനയുടെ, കൊവിഡ് മരണ കണക്കിനെതിരായ വിമർശനം ഇന്ത്യ വിദേശ വേദികളില്‍ ഉയര്‍ത്തും. പ്രതിഷേധമറിയിച്ചിട്ടും ലോകാരോഗ്യസംഘടന കണക്ക് പ്രസിദ്ധീകരിച്ച സാഹചര്യത്തിലാണ് നീക്കം. സർക്കാർ കള്ളം പറയുകയാണെന്നും മരിച്ച 47 ലക്ഷംപേരുടെയും കുടുബത്തിന് സഹായധനം നല്‍കണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.
ലോകോരോഗ്യ സംഘടനയുടെ കൊവിഡ് മരണക്കണക്കുകള്‍ ശാസ്ത്രീയമല്ലെന്ന വിമർശനം ഇന്ത്യ നേരത്തെ തന്നെ ഉയര്‍ത്തിയിരുന്നു. റിപ്പോർട്ട് പുറത്ത് വരാനിരിക്കെ കത്ത് വഴിയും ഓണ്‍ലൈനായുമായാണ് ഇന്ത്യ ലോകാരോഗ്യസംഘടനയെ പ്രതിഷധം അറിയിച്ചത്. എന്നാല്‍ എതിര്‍പ്പ് നിലനില്‍ക്കെ തന്നെ ലോകാരോഗ്യ സംഘടന കണക്കുകള്‍ ഏകപക്ഷീയമായി പുറത്ത് വിട്ട സാഹചര്യത്തിലാണ് വിദേശ വേദികളില്‍ പ്രതിഷേധം ഉയർത്താനുള്ള ഇന്ത്യയുടെ നീക്കം. സിവില്‍ രജിസ്ട്രേഷന്‍ സിറ്റത്തിലൂടെ കൊവിഡ് മരണം ഉള്‍പ്പെടെയുള്ള എല്ലാ മരണവും കൃത്യമായി കണ്ടെത്താന്‍ കഴിയുമെന്നാണ് ഇന്ത്യയുടെ അവകാശവാദം. പരമാവധി പത്തോ ഇരുപതോ ശതമാനം പൊരുത്തക്കേടിനെ സാധ്യതയുള്ളുവെന്നും അധികൃതർ പറയുന്നു. ഇന്ത്യയില്‍ കൊവിഡ് മരണം അഞ്ച് ലക്ഷമെന്ന് കേന്ദ്രം പറയുന്പോള്‍ 47 ലക്ഷമാണ് യഥാർത്ഥത്തില്‍ ഇന്ത്യയില്‍ മരിച്ചതെന്നാണ് ലോകോരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മോദിയുടെ കീഴില്‍ ഇന്ത്യ നടത്തിയ കൊവിഡ് പോരാട്ടം മാതൃകപരമാണെന്നാണ് ലോകം കരുതെന്ന് ബിജെപി പറഞ്ഞു. പല വികസിത രാജ്യങ്ങളെക്കാള്‍ നന്നായി ഇന്ത്യക്ക് കൊവിഡിനെ നേരിടാന്‍ കഴിഞ്ഞുവെന്നും ബിജെപി വക്താവ് സംപീത് പാത്ര പറഞ്ഞു
undefined
ലോകാരോഗ്യസംഘടനയുടെ കൊവിഡ് മരണക്കണക്ക് ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ വിമർശനം ഉയർത്തുകയാണ് കോണ്‍ഗ്രസ്. ശാസ്ത്രമല്ല മോദിയാണ് കള്ളം പറയുന്നതെന്ന് രാഹുല‍്ഗാന്ധി ട്വീറ്റ് ചെയ്തു.ലോകാരോഗ്യസംഘടനയുടെ കണ്ടെത്തല്‍ അനുസരിച്ചുള്ള 47 ലക്ഷം പേരുടെയും കൂടുംബത്തിന് സർക്കാർ 4 ലക്ഷം രൂപ വീതം സഹായധനം നല്‍കണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.
കൊവിഡിൽ ഇനിയെന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയില്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി റ്റെഡ്‌റോസ് അധാനോം പറഞ്ഞിട്ടുണ്ട്. പല രാജ്യങ്ങളിലും വൈറസിന് ജനിതക വ്യതിയാനം സംഭവിക്കുന്നു. ഇതിന്റെ ഫലം എന്താകുമെന്ന് ഇപ്പോൾ പറയാനാവില്ല. ലോക രാജ്യങ്ങൾ നിരന്തരമായ നിരീക്ഷണവും പരിശോധനകളും തുടരണം. ഇപ്പോഴുള്ള ഒമിക്രോൺ വകഭേദത്തെക്കാൾ ഗുരുതരമായ അവസ്ഥ ഉണ്ടാകുമോയെന്നു വൈകാതെ പറയാനാകുമെന്നും റ്റെഡ്‌റോസ് അധാനോം പറഞ്ഞു.
പല രാജ്യങ്ങളിലും കൊവിഡ് കണക്കുകൾ കുറയുന്നത് പരിശോധന കുറഞ്ഞതുകൊണ്ടാകാം എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ എതിർപ്പ് തള്ളി ലോകാരോഗ്യ സംഘടന പുറത്തുവിട്ട കൊവിഡ് മരണ കണക്കുകളെ ലോകാരോഗ്യ സംഘടനാ മേധാവി ന്യായീകരിച്ചു.