263 കൊവിഡ് മരണങ്ങളാണ് ഈ സമയത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4971 ആയി.
ദില്ലി: ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,73,763 ആയി. 24 മണിക്കൂറിനിടെ രാജ്യത്ത് 7964 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 263 കൊവിഡ് മരണങ്ങളാണ് ഈ സമയത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4971 ആയി.
മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ന് 2940 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം 65,168 ആയി. ഇന്ന് മാത്രം 99 രോഗബാധിതരാണ് മഹാരാഷ്ട്രയിൽ മരിച്ചത്. ആകെ മരിച്ചവരുടെ എണ്ണം 2197 ആയി.
ദില്ലിയിൽ തുടർച്ചയായ മൂന്നാം ദിവസവും ആയിരത്തിലേറെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിന് ഇടയിൽ 1163 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 18,549 ആയി. ഇവിടെ ആകെ മരണം 416 ആയി.
തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ 938 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 21,184 ആയി.
ചെന്നൈയിൽ മാത്രം ഇന്ന് 616 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 13,980 ആയി. കന്യാകുമാരി, തേനി, തെങ്കാശി അതിർത്തി ജില്ലകളിലും രോഗബാധിതരുടെ എണ്ണം കൂടിയിട്ടുണ്ട്. തമിഴ്നാട്ടിൽ ഇന്ന് ആറ് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 160 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഗുജറാത്തിൽ 24 മണിക്കൂറിനിടെ 412 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 16356 ആണ്. ഇന്ന് മാത്രം 27 പേർ മരിച്ചു. ആകെ മരണം ഇതോടെ 1007 ആയി. അതേസമയം, കർണാടകത്തിൽ ഇന്ന് 141 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ 2922 കൊവിഡ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗം ബാധിച്ച് ഇന്ന് ഒരാൾ കൂടി കർണാടകത്തിൽ മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 49 ആയി.