ഓക്സിജന് സിലിണ്ടറുകളുടെ ഉപയോഗത്തിന് മാർഗനിർദേശമിറക്കിയിരിക്കുകയാണ് ക്ലിനിക്കല്‍ എക്സപേർട്ട് കമ്മറ്റി. ചികിത്സയ്ക്കായുള്ള ഓക്സിജന്‍ ഉപയോഗം കർശനമായി നിയന്ത്രിക്കണമെന്നാണ് നിർദേശം. വ്യാവസായിക ആവശ്യത്തിനായുള്ള ഓക്സിജന്‍ വിതരണത്തിനും കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
ബംഗളൂരു: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ബെംഗളൂരു നഗരത്തിലെ ആശുപത്രികളില്‍ കടുത്ത ഓക്സിജന്‍ ക്ഷാമം. ഇതോടെ ചികിത്സയ്ക്കായുള്ള ഓക്സിജന്‍ ഉപയോഗം കർശനമായി നിയന്ത്രിക്കാന്‍ നിർദേശിച്ച് കർണാടക സർക്കാർ ഉത്തരവിറക്കി.
ബെംഗളൂരുവിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നിരുന്നു. മുപ്പത്തയ്യായിരത്തോളം രോഗികൾ നിലവില്‍ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതില്‍ 698 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. മറ്റു ജില്ലകളിലുള്ള പ്ലാന്റുകളില്‍നിന്നാണ് സിലിണ്ടറില്‍ ലിക്വിഡ് രൂപത്തിലാക്കി നിറച്ച് ഓക്സിജന്‍ വിവിധ ആശുപത്രികളിലേക്കും വ്യവസായ സ്ഥാപനങ്ങളിലേക്കും എത്തിക്കുന്നത്. എന്നാല്‍ രോഗവ്യാപനം കൂടിയതോടെ സിലിണ്ടറുകൾ തികയുന്നില്ല. ഈ സാഹചര്യത്തില്‍ ഓക്സിജന്‍ സിലിണ്ടറുകളുടെ ഉപയോഗത്തിന് മാർഗനിർദേശമിറക്കിയിരിക്കുകയാണ് ക്ലിനിക്കല്‍ എക്സപേർട്ട് കമ്മറ്റി. ചികിത്സയ്ക്കായുള്ള ഓക്സിജന്‍ ഉപയോഗം കർശനമായി നിയന്ത്രിക്കണമെന്നാണ് നിർദേശം. വ്യാവസായിക ആവശ്യത്തിനായുള്ള ഓക്സിജന്‍ വിതരണത്തിനും കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളിലും ആശുപത്രികളില്‍ അമിതമായി ഓക്സിജന്‍ സിലിണ്ടറുകൾ ഉപയോഗിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തിയെന്നും കർണാടക അഡീഷണല്‍ ചീഫ് സെക്രട്ടറിയിറക്കിയ സർക്കുലറില്‍ പറയുന്നു. ഡോക്ടർമാർ പുതിയ മാർഗനിർദേശം കർശനമായി പാലിക്കണമെന്നും നിർദേശിക്കുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ബെംഗളൂരു കെംപഗൗഡ ആശുപത്രിയില്‍ ഓക്സിജന്‍ സിലണ്ടറുകൾ തീരാറായതിനെ തുടർന്ന് 47 രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റേണ്ടി വന്നിരുന്നു.