ഒറ്റ ദിവസം, 1.84 ലക്ഷം പുതിയ കൊവിഡ് കേസുകൾ, 1027 മരണം, ഏറ്റവും വലിയ പ്രതിദിന വർദ്ധന

By Web Team  |  First Published Apr 14, 2021, 10:22 AM IST

കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് രാജ്യം. സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി ഇന്ന് ഗവർണർമാരുമായി കൂടിക്കാഴ്ച നടത്തും. മഹാരാഷ്ട്രയിൽ ഇന്ന് മുതൽ രാത്രി കർഫ്യൂ തുടങ്ങുകയാണ്.


ദില്ലി: കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാംതരംഗത്തിൽ ഞെട്ടിവിറച്ച് രാജ്യം. 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 1.84 ലക്ഷം പുതിയ കൊവിഡ് കേസുകളാണ്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിലെ ഏറ്റവും വലിയ പ്രതിദിന വർദ്ധനയാണിത്. പ്രതിദിനമരണം ആയിരം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് മരിച്ചത് 1027 പേരാണ്. ഇതും കഴിഞ്ഞ ആറ് മാസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടതിലെ ഏറ്റവും വലിയ മരണനിരക്കാണ്. രാജ്യത്ത് നിലവിൽ 13 ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കൃത്യം കണക്ക് പരിശോധിച്ചാൽ രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗികളുടെ എണ്ണം 13,65,704 ആണ്. 

സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി ഇന്ന് ഗവർണർമാരുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. മഹാരാഷ്ട്രയിൽ ഇന്ന് മുതൽ രാത്രി കർഫ്യൂ തുടങ്ങും. 

Latest Videos

undefined

നാലാം ദിവസം തുടർച്ചയായി ഒന്നരലക്ഷത്തിലധികം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എട്ട് ദിവസത്തിലധികമായി പ്രതിദിനം ഒരു ലക്ഷത്തിന് മുകളിൽ കൊവിഡ് കേസുകളുണ്ട് രാജ്യത്ത്. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ ഇപ്പോൾ. ഒന്നാംസ്ഥാനത്ത് അമേരിക്കയാണ്. കൊവിഡ് രോഗികളുടെ എണ്ണത്തിലും വ്യാപനത്തിലും ഇന്ത്യ നിലവിൽ ബ്രസീലിനെ മറികടന്നു. 

മഹാരാഷ്ട്ര തന്നെയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട സംസ്ഥാനം. അറുപതിനായിരം പുതിയ കൊവിഡ് കേസുകളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 281 പേർ ഇന്നലെ മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് മരിച്ചു. അടുത്ത 15 ദിവസത്തേക്ക് കടുത്ത നിയന്ത്രണങ്ങളാണ് മഹാരാഷ്ട്രയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡിനെതിരായ യുദ്ധം തുടങ്ങുന്നുവെന്ന് പ്രഖ്യാപിച്ചാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്നലെ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിൽ ആശുപത്രികളിൽ ആശുപത്രി ബെഡ്ഡുകൾക്കും മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകൾക്കും കടുത്ത ക്ഷാമമാണ് നേരിടുന്നത്. 

രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ കേരളം രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്ത് കർണാടകയാണ്. തമിഴ്നാടും ആന്ധ്രാപ്രദേശുമാണ് തൊട്ടുപിന്നിൽ. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ആളുകൾ തിക്കിത്തിരക്കുന്ന കുംഭമേള നടക്കവേ, ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 594 പുതിയ കൊവിഡ് കേസുകളാണ്. 

ദില്ലിയിൽ ഇന്നലെ ഏറ്റവും വലിയ പ്രതിദിന വർദ്ധന രേഖപ്പെടുത്തി. 13,468 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. 81 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. എല്ലാ സിബിഎസ്ഇ ബോർഡ് പരീക്ഷകളും അടിയന്തരമായി റദ്ദാക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

click me!