രണ്ടരലക്ഷം രോഗികള്‍; കൊവിഡ് ആശങ്കയില്‍ രാജ്യം; മഹാരാഷ്ട്രയിൽ 2553 ഉം തമിഴ്നാട്ടിൽ 1562 ഉം പുതിയ കേസുകള്‍

By Web Team  |  First Published Jun 8, 2020, 10:51 PM IST

തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം 33229 ആയി. 17 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 286 ആയി. ചെന്നൈയിൽ കൊവിഡ് ആശങ്ക തുടരുകയാണ്. 


ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടരലക്ഷം പിന്നിട്ടു. തുടര്‍ച്ചയായ അഞ്ചാം ദിവസവും രോഗബാധിതരുടെ എണ്ണം പതിനായിരത്തിനടുത്തെത്തി. ഇന്നലെ 9983 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് മരണം 7135 ആയി. 24 മണിക്കൂറിനിടെ 206 പേരാണ് മരിച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ അതിതീവ്ര രോഗവ്യാപനം തുടരുകയാണ്. 

മഹാരാഷ്ട്രയിൽ 2553 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതരുടെ എണ്ണം 88528 ആയി. 109 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്തെ മരണസംഖ്യ 3169 ആയി. 1661 പേരാണ് മഹാരാഷ്ടയില്‍ ഇന്ന് രോഗമുക്തരായത്. നിലവിൽ 44374 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.  തമിഴ്നാട്ടിൽ 1562 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ, രോഗബാധിതരുടെ എണ്ണം 33229 ആയി. 17 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 286 ആയി. ചെന്നൈയിൽ കൊവിഡ് ആശങ്ക തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1149 പേരും ചെന്നൈയിലാണ്. ചെന്നൈയിൽ മാത്രം ഇന്ന് 12 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ചെന്നൈയിൽ രോഗ ബാധിതരുടെ എണ്ണം 23298 ആയി.

Latest Videos

ദില്ലിയിലും കൊവിഡ് ആശങ്ക ഏറുകയാണ്. ഇന്ന് 1007 കേസുകളാണ് ദില്ലിയിൽ സ്ഥിരീകരിച്ചത്. ഇതോടെ, ആകെ കേസുകൾ 29943 ആയി. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇന്ന് 17 പേര്‍ മരിച്ചു. ഇതോടെ, ആകെ മരണം 874 ആയി ഉയര്‍ന്നു. 17712 കേസുകളാണ് നിലവില്‍ രാജ്യതലസ്ഥാനത്ത് ഉള്ളത്. അതേസമയം, കർണാടകത്തിൽ ഇന്ന് 308 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് മൂന്ന് പേര്‍ മരിക്കുകയും ചെയ്തു. കലബുറഗി, യാദ്ഗിർ, ഉഡുപ്പി ജില്ലകളിൽ രോഗവ്യാപനത്തിന് കുറവില്ല എന്നാണ് റിപ്പോര്‍ട്ട്. ചെന്നൈയിൽ കൂടുതൽ മേഖലകളിൽ രോഗ വ്യാപനം റിപ്പോര്‍ട്ട് ചെയ്തു. കന്യാകുമാരി, തേനി, തെങ്കാശി അതിർത്തി ജില്ലകളിൽ രോഗ ബാധിതർ കൂടി. എന്നാല്‍, കോയമ്പത്തൂർ തിരുപ്പൂർ പുതിയ കേസില്ല.

അതേസമയം, അതിതീവ്ര മേഖലകളിലെ പതിനഞ്ച് മുതല്‍ മുപ്പത് ശതമാനം വരെപ്പേരില്‍ കൊവിഡ‍് ബാധ ഉണ്ടെന്ന് ഐസിഎംആര്‍. പലരിലും നേരിയ ലക്ഷണങ്ങളുമായി ഇതിനോടകം രോഗം വന്നുപോയിട്ടുണ്ടാകാം. ഐസിഎംആര്‍ നടത്തിയ സെറോളജിക്കല്‍ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. രാജ്യത്തെ എഴുപത് ജില്ലകളിലെ ഇരുപത്തിനാലായിരം പേരുടെ രക്തസാമ്പിളാണ് പരിശോധിച്ചത്. റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും കൈമാറി. അതേസമയം, കൊവിഡ് വ്യാപന തോത് അറിയാൻ വീടുകളിൽ സർവ്വേ നടത്തണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. രോഗവ്യാപനം രൂക്ഷമായ 10 സംസ്ഥാനങ്ങളിലെ 38 ജില്ലകളിൽ സർവ്വേ നടത്താനാണ് നിർദ്ദേശം.

click me!