10 ദിവസം - രാജ്യത്ത് മരിച്ചത് 36,110 പേർ, മണിക്കൂറിൽ 150 മരണം, ഇന്ന് 4.14 ലക്ഷം രോഗികൾ

By Web Team  |  First Published May 7, 2021, 10:05 AM IST

അമേരിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളേക്കാൾ എത്രയോ ഉയർന്ന മരണനിരക്കാണിത്. 10 ദിവസത്തിൽ രാജ്യത്ത് മരിച്ചത് 36,110 പേരാണ്. കഴിഞ്ഞ 10 ദിവസമായി മരണനിരക്ക് എല്ലാ ദിവസവും 3000-ത്തിന് മുകളിലാണ്. ശരാശരി കണക്കിലെടുത്താൽ മണിക്കൂറിൽ 150 പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നു.


ദില്ലി: രാജ്യത്ത് ഇന്ന് 4,14,188 പുതിയ കൊവിഡ് രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. രാജ്യത്ത് കൊവിഡ് ബാധിച്ച് 24 മണിക്കൂറിൽ മരിച്ചവരുടെ എണ്ണം നാലായിരത്തോടടുത്തു. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 3915 പേരാണ്. ഭയാനകമായ രീതിയിലാണ് രാജ്യത്തെ മരണനിരക്ക് കുതിച്ചുയരുന്നതെന്ന് ലോകാരോഗ്യസംഘടനയുൾപ്പടെ മുന്നറിയിപ്പ് നൽകുന്നു. മണിക്കൂറിൽ ശരാശരി 150 പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

10 ദിവസത്തിൽ രാജ്യത്ത് മരിച്ചത് 36,110 പേരാണ്. കഴിഞ്ഞ 10 ദിവസമായി മരണനിരക്ക് എല്ലാ ദിവസവും 3000-ത്തിന് മുകളിലാണ്. അതായത്, ശരാശരി കണക്കിലെടുത്താൽ മണിക്കൂറിൽ 150 പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നു.

Latest Videos

undefined

ഇന്നലെയും 4.14 ലക്ഷത്തിന് മുകളിലായിരുന്നു രാജ്യത്തെ പുതിയ രോഗബാധിതർ. മരണനിരക്കിൽ നേരിയ കുറവ് മാത്രമാണ് ഇന്ന് രേഖപ്പെടുത്തുന്നത്. ഇന്നലെ 3,927 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ മരണം 3,915. 

ലോകത്ത് ഇതുവരെ രേഖപ്പെടുത്തപ്പെട്ടതിലെ ഏറ്റവും വലിയ മരണനിരക്കാണിത്. അമേരിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളേക്കാൾ എത്രയോ ഉയർന്ന മരണനിരക്ക്. കഴിഞ്ഞ 10 ദിവസത്തെ കണക്കെടുത്തപ്പോൾ അമേരിക്കയിൽ രേഖപ്പെടുത്തിയ മരണനിരക്ക് 34,798 ആണ്. ബ്രസീലിൽ ഇത് 32,692 ആണ്. 

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തെ 13 സംസ്ഥാനങ്ങളിൽ 100-ലധികം മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. ആറ് സംസ്ഥാനങ്ങളിലും ദില്ലി അടക്കമുള്ള കേന്ദ്രഭരണപ്രദേശങ്ങളിലും ഇതുവരെ ഉണ്ടായതിലെ ഏറ്റവുമുയർന്ന മരണസംഖ്യയാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഈ 13 സംസ്ഥാനങ്ങളിൽ ജനസംഖ്യാനുപാതത്തിൽ ഏറ്റവും ചെറിയ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. എന്നാൽ ഈ ചെറിയ സംസ്ഥാനത്ത് മാത്രം വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത് 151 മരണമാണ്. രാജ്യം അതീവജാഗ്രതയിലേക്ക് പോകേണ്ട കാലഘട്ടത്തിൽ ലക്ഷങ്ങളെ അണിനിരത്തി കുംഭമേള നടന്ന സംസ്ഥാനം കൂടിയാണ് ഉത്തരാഖണ്ഡ്. 

മഹാരാഷ്ട്രയാണ് മരണസംഖ്യയിൽ ഇപ്പോഴും മുന്നിൽ. വ്യാഴാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 853 മരണം. ദില്ലി, ഉത്തർപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ മരണസംഖ്യ 300-ന് മുകളിൽ. ഛത്തീസ്ഗഢിൽ മരണസംഖ്യ 200-ന് മുകളിൽ. 100-ന് മുകളിൽ മരണം റിപ്പോർട്ട് ചെയ്ത മറ്റ് സംസ്ഥാനങ്ങൾ - തമിഴ്നാട്, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ഗുജറാത്ത്, പശ്ചിമബംഗാൾ എന്നിവയാണ്. 

click me!