ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യുഎസ്, വിദേശസന്ദർശനം റദ്ദാക്കി പ്രധാനമന്ത്രി

By Web Team  |  First Published Apr 20, 2021, 9:31 AM IST

രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവരാണെങ്കിലും ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് അമേരിക്ക നിർദേശം നൽകിയിരിക്കുന്നത്. ഇനി യാത്ര അത്യാവശ്യമാണെങ്കിൽ രണ്ട് ഡോസ് വാക്സീനും എടുത്തിരിക്കണമെന്നും നിർദേശമുണ്ട്.


ദില്ലി/ വാഷിംഗ്ടൺ: കൊവിഡിന്‍റെ രണ്ടാംതരംഗം കാട്ടുതീ പോലെ പടരുന്ന ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്കയുടെ നിർദേശം. രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവരാണെങ്കിലും ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിർദേശം. ഇനി യാത്ര അത്യാവശ്യമാണെങ്കിൽ രണ്ട് ഡോസ് വാക്സീനും നിർബന്ധമായും എടുത്തിരിക്കണമെന്നാണ് അമേരിക്ക നിർദേശിച്ചിരിക്കുന്നത്.

ഇന്ത്യയെ അമേരിക്ക ലെവൽ നാല് കാറ്റഗറിയിലാണ് പെടുത്തിയിരിക്കുന്നത്. കൊവിഡ് വ്യാപനം അതിരൂക്ഷമായ രാജ്യങ്ങളെയാണ് ലെവൽ നാല് കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നത്.

Latest Videos

undefined

''ഇന്ത്യയിലെ രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ അവിടെപ്പോയി യാത്ര ചെയ്ത് തിരികെ വരുന്നവർക്ക് ജനിതകവ്യതിയാനം വന്ന പല തരം വൈറസ് ബാധയേൽക്കാനും, ഇവിടെയും വ്യാപിപ്പിക്കാനും സാധ്യതയുണ്ട്. അതിനാൽ യാത്ര ഒഴിവാക്കണം'', എന്നാണ് അമേരിക്കയിലെ ഉന്നത മെഡിക്കൽ സ്ഥാപനമായ സിഡിസി (സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആന്‍റ് പ്രിവൻഷൻ) നൽകിയിരിക്കുന്ന മുന്നറിയിപ്പ്. 

രാജ്യത്ത് ഇന്നലെ മാത്രം രേഖപ്പെടുത്തിയ കൊവിഡ് ബാധിതരുടെ എണ്ണം 2.7 ലക്ഷത്തോളമാണ്. ദില്ലി അടക്കം വിവിധ സംസ്ഥാനങ്ങൾ ലോക്ക്ഡൗണിലേക്കും കർഫ്യൂകളിലേക്കും സെമി ലോക്ക്ഡൗണിലേക്കും നീങ്ങുകയാണ്. 

വാക്സീനുള്ള അസംസ്കൃതവസ്തുക്കൾ പ്രധാനമായും ഉത്പാദിപ്പിക്കുന്ന അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് വേണ്ട അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യാനാകുന്നില്ലെന്ന് പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് അടക്കം പറഞ്ഞിരുന്നതാണ്. വാക്സീൻ അസംസ്കൃത വസ്തുക്കൾ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നത് അമേരിക്ക വെട്ടിക്കുറച്ചെന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് അടക്കം വ്യക്തമാക്കുന്നത്. ഇന്നലെ വൈറ്റ് ഹൗസ് നടത്തിയ വാർത്താസമ്മേളനത്തിൽ ഇതേക്കുറിച്ച് ചോദ്യം ഉയർന്നെങ്കിലും വൈറ്റ് ഹൗസ് വക്താവ് പ്രതികരിക്കാതെ മടങ്ങുകയായിരുന്നു. വാക്സീൻ നിർമാണത്തെക്കുറിച്ച് ഇന്ന് വൈകിട്ട് പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ ഇക്കാര്യങ്ങളടക്കം ചർച്ചയാകും.

വിദേശസന്ദർശനം റദ്ദാക്കി പ്രധാനമന്ത്രി

ഇതിനിടെ ഇന്ത്യ - യൂറോപ്യൻ യൂണിയൻ നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കാനായി മെയ് 8-ന് യാത്ര പുറപ്പെടാനിരുന്ന പ്രധാനമന്ത്രി സന്ദർശനം റദ്ദാക്കി. ഫ്രാൻസ്, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലേക്കായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം. ഉച്ചകോടിയിൽ മോദി വിർച്വലായി പങ്കെടുക്കും. നേരത്തേ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിക്കാനിരുന്നത് റദ്ദാക്കിയിരുന്നു. ഈ ചർച്ചകളും വിർച്വലായിത്തന്നെയാകും നടത്തുക.

click me!