ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,04,641 ആയി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 17,834 ആയി. 3,59,860 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
ദില്ലി: രാജ്യത്ത് ഇന്ന് 19,148 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,04,641 ആയി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 17,834 ആയി. 3,59,860 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കൊവിഡ് കേസുകളുളളത്. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 1,86,626 ആയി. ഇന്ന് മാത്രം 6,330 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്ന് 125 കൊവിഡ് മരണമാണ് സംസ്ഥാനത്തുണ്ടായത്. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 8,178 ആയി.
ദില്ലിയിലെ കൊവിഡ് കേസുകളുടെ എണ്ണം 90,000 പിന്നിട്ടു. ആകെ 92,175 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 2,373 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 61 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ 2,864 കൊവിഡ് മരണമാണ് ദില്ലിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ 63,007 പേർ സംസ്ഥാനത്ത് രോഗമുക്തി നേടി.
തമിഴ്നാട്ടില്‍ സ്ഥിതി രൂക്ഷമായി തുടരുകയാണ്. ഇന്ന് 4343 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 98392 ആയി. ചെന്നൈയില്‍ മാത്രം 2027 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ 62598 കൊവിഡ് രോഗികളാണുള്ളത്. 24 മണിക്കൂറിനിടെ തമിഴ്നാട്ടിൽ 57 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1321 ആയി. കേരളത്തില്‍ നിന്ന് തമിഴ്നാട്ടില്‍ എത്തിയ 13 പേരും ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ഇതോടെ കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് എത്തിയ രോഗബാധിതുടെ എണ്ണം 146 ആയി.
കർണാടകത്തിൽ ആദ്യമായി ഒരു ദിവസത്തെ കൊവിഡ് രോഗികളുടെ എണ്ണം 1500 കടന്നു. ഇന്ന് സംസ്ഥാനത്ത് 1502 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 19 പേർ കൊവിഡ് മൂലം മരിച്ചു. ഇതോടെ ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 272 ആയി. സംസ്ഥാനത്താകെ 18016 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 889 എണ്ണവും ബംഗളൂരു നഗരത്തിലാണ്.
മംഗളൂരു സിറ്റി നോർത്ത് എംഎൽഎയും ബിജെപി നേതാവുമായ ഡോ.ഭരത് ഷെട്ടിക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവാണെന്ന് ട്വിറ്ററിലൂടെ എംഎൽഎ വെളിപ്പെടുത്തി. സമ്പർക്കത്തിലൂടെയാണ് അദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്. രോഗം ഭേദമാകുന്നുണ്ടെന്നും കുറച്ച് ദിവസം കൂടി ചികിത്സയിൽ തുടരുമെന്നും എംഎൽഎ ട്വിറ്ററിൽ കുറിച്ചു. തെലങ്കാനയിലും ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തു. 1213 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് 8 പേർ ഇന്ന് മരിച്ചതോടെ ആകെ മരണം 275 ആയി. സംസ്ഥാനത്താകെ 18570 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. ഹൈദരാബാദിൽ മാത്രം 998 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.