ആശങ്കയുയർത്തുന്ന കണക്കുകളാണ് പുറത്ത് വരുന്നത്, ആയിരത്തിലധിം മരണമാണ് ദിവസവും സ്ഥിരീകരിക്കുന്നത് .ഒരിടവേളയ്ക്ക് ശേഷം ദില്ലിയിൽ രോഗവ്യാപനം വീണ്ടും രൂക്ഷമാകുകയാണ്. മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും സ്ഥിതി ഗുരുതരമാണ്.
ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 42 ലക്ഷം കടന്നു. തുടർച്ചയായി രണ്ടാം ദിവസവും പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 90,000 കടന്നു. 90,802 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇത് വരെ 42,04,613 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 1016 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട് ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 71,642 ആയി. നിലവിൽ 8,82,542 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും സ്ഥിതി ഗുരുതരമാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ രേഖപ്പെടുത്തിയത് ഒരു ദിവസത്തെ എറ്റവും ഉയർന്ന വർധനയായിരുന്നു. 23,350 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രയിൽ 10,794 പേർക്കും, തമിഴ്നാട്ടിൽ 5,783 പേർക്കും രോഗം സ്ഥിരീകരിച്ചു. ഉത്തര്‍ പ്രദേശില്‍ 6,777 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഒഡീഷയിലും റെക്കോഡ് പ്രതിദിന വര്‍ധനയാണ് ഇന്നലെ രേഖപ്പെടുത്തിയത് 3810 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബിഹാര്‍ 1797, ഝാര്‍ഖണ്ഡ് 1774, ജമ്മുകശ്മീര് 1316, ഗുജറാത്ത് 1,335, മധ്യപ്രദേശ് 1,694 എന്നിങ്ങനെയായിരുന്നു മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ.
ഒരിടവേളയ്ക്ക് ശേഷം ദില്ലിയിൽ രോഗവ്യാപനം വീണ്ടും രൂക്ഷമാകുകയാണ്. ആശങ്കയേറ്റി ഒറ്റ ദിവസത്തിനിടെ, വീണ്ടും മൂവായിരത്തിന് മുകളിൽ പേർക്ക് രോഗം സ്ഥിരീകരിച്ചു. 3256 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
undefined
മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ഝാർഖണ്ഡ്, ദില്ലി, പുതുച്ചേരി എന്നിവിടങ്ങളിലെ ആരോഗ്യ വകുപ്പ് സെക്രട്ടറിമാരുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി ചർച്ച നടത്തിയിരുന്നു. കളക്ടർമാർ, മുനിസിപ്പൽ കമ്മീഷണർമാർ എന്നിവരും വീഡിയോ കോൺഫറൻസിൽ
പങ്കെടുത്തു.
കൊവിഡ് വ്യാപനം രൂക്ഷമായ പഞ്ചാബിലേക്കും ചണ്ഡീഗഡിലേക്കും, ആരോഗ്യ മന്ത്രാലയം കേന്ദ്രസംഘത്തെ അയച്ചു. പത്ത് ദിവസം സംഘം മേഖലയിലുണ്ടാകും. പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന, കേന്ദ്രഭരണ സർക്കാരുകളെ കേന്ദ്രസംഘം സഹായിക്കും.