ജനിതകമാറ്റം വന്ന വൈറസ് സ്ഥിരീകരിച്ച എല്ലാ രോഗികളെയും പ്രത്യേകം ഐസൊലേഷൻ കേന്ദ്രങ്ങളിലാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ഇന്ന് മാത്രം പുതുതായി സ്ഥിരീകരിച്ചത് രണ്ട് രോഗികളിലാണ്.
ദില്ലി: യുകെയിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊറോണ വൈറസ് രാജ്യത്ത് ഇന്ന് പുതുതായി രണ്ട് പേരിൽക്കൂടി കണ്ടെത്തി. ഇതോടെ അതിതീവ്രകൊവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം ആകെ 73 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഈ വിവരം സ്ഥിരീകരിച്ചത്.
INSACOG (Indian Sars-CoV-2 Genomics Consortium) എന്ന, ജനിതകമാറ്റം വന്ന കൊവിഡ് വൈറസിനെക്കുറിച്ച് പഠിക്കാൻ രൂപീകരിച്ച സമിതി മേൽനോട്ടം നൽകുന്ന ലാബുകളിൽ നടത്തിയ പരിശോധനയിലാണ് ഇന്ന് രണ്ട് പേർക്ക് കൂടി അതിതീവ്ര കൊവിഡ് ബാധിച്ചതായി കണ്ടെത്തിയത്.
നിലവിൽ കേന്ദ്രസർക്കാർ അംഗീകരിച്ച പത്ത് സർക്കാർ ലാബുകളിലാണ് അതിതീവ്രവൈറസ് കണ്ടെത്താനുള്ള പരിശോധനകൾ നടത്തുന്നത്. കൊൽക്കത്തയിലെ NIBMG, ഭുവനേശ്വറിലെ ILS, പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ 30 ലാബുകളും, പുനെയിലെ NCCS, CCMB ഹൈദരാബാദ്, CDFD ഹൈദരാബാദ്, NIMHANS ബംഗളുരുവിലെ 11 ലാബുകൾ, IGIB ദില്ലിയിലെ 20 ലാബുകൾ, NCDC ദില്ലി എന്നിവിടങ്ങളിലാണ് നിലവിൽ അംഗീകൃതമായ പരിശോധനാകേന്ദ്രങ്ങൾ.
ജനിതകമാറ്റം വന്ന വൈറസ് സ്ഥിരീകരിച്ച എല്ലാ രോഗികളെയും പ്രത്യേകം ഐസൊലേഷൻ കേന്ദ്രങ്ങളിലാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ഇവരുടെയെല്ലാം സമ്പർക്കം പുലർത്തിയവരെ പ്രത്യേകം ക്വാറന്‍റീനിലാക്കിയിട്ടുണ്ട്. ഇവരുടെ കൂടെ യാത്ര ചെയ്ത എല്ലാവരെയും പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്.