ഇത് 'അൺലോക്ക്' വൺ: മൂന്ന് ഘട്ടമായി രാജ്യം ലോക്ക്ഡൗണിന് പുറത്തേക്ക്, ഇളവുകൾ ഇങ്ങനെ

By Web Team  |  First Published May 30, 2020, 8:09 PM IST

ഇതുവരെ ലോക്ക്ഡൗൺ ഒന്നാംഘട്ടം, രണ്ടാംഘട്ടം എന്നിങ്ങനെ നാലാംഘട്ടമായി വരെ മാർഗനിർദേശങ്ങൾ പുറത്തിറക്കിക്കൊണ്ടിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയം, പുതിയ മാർഗനിർദേശത്തെ വിശേഷിപ്പിക്കുന്നത് 'അൺലോക്ക് വൺ' എന്നാണ്. ലോക്ക്ഡൗണിന് പുറത്തേക്ക് എന്നർത്ഥം.


ദില്ലി: ഘട്ടംഘട്ടമായി ലോക്ക്ഡൗണിൽ നിന്ന് പുറത്തുകടക്കുകയാണ് കേന്ദ്രസർക്കാർ. ഇതുവരെ ലോക്ക്ഡൗൺ ഒന്നാംഘട്ടം, രണ്ടാംഘട്ടം എന്നിങ്ങനെ നാലാംഘട്ടമായി വരെ മാർഗനിർദേശങ്ങൾ പുറത്തിറക്കിക്കൊണ്ടിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയം, പുതിയ മാർഗനിർദേശത്തെ വിശേഷിപ്പിക്കുന്നത് 'അൺലോക്ക് വൺ' എന്നാണ്. ലോക്ക്ഡൗണിന് പുറത്തേക്ക് എന്നർത്ഥം. ഇത് ലോക്ക്ഡൗൺ 5.0 അല്ല, അൺലോക്ക് ഒന്നാംഘട്ടമാണ്. മൂന്ന് ഘട്ടങ്ങളിലായാണ് ലോക്ക്ഡൗണിന് പുറത്തേക്കുള്ള മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാ‍ർ നടപ്പാക്കുക. രാജ്യത്ത് ഒരു ദിവസം പുതുതായി രോഗബാധിതരാകുന്നവരുടെ എണ്ണം എണ്ണായിരം പിന്നിടുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗൺ പിൻവലിക്കുന്നതെന്നത് ശ്രദ്ധേയമാണ്. 

ഇളവുകൾ, നിയന്ത്രണങ്ങൾ ഇങ്ങനെ

Latest Videos

പുതിയ അൺലോക്ക് വൺ ഘട്ടത്തിൽ രാജ്യത്ത് തീവ്രബാധിതമേഖലകൾ അല്ലാത്ത ഇടങ്ങളിൽ കൊണ്ടുവരുന്ന ഇളവുകൾ ഇങ്ങനെയാണ്:

തീവ്രബാധിതമേഖലകൾ അല്ലാത്ത ഇടത്ത് എല്ലാ മേഖലകളെയും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുകയാണ് കേന്ദ്രസർക്കാർ. പക്ഷേ, ചില മേഖലകളിൽ നിയന്ത്രണങ്ങളുണ്ട്. നിലവിൽ പ്രഖ്യാപിച്ചമ മാർഗനിർദേശങ്ങൾ അനുസരിച്ച് (Standard Operating Procedures) മാത്രമേ ഇവിടങ്ങളിൽ പ്രവ‍ർത്തനങ്ങൾ അനുവദിക്കൂ. 

ഘട്ടം 1 

ജൂൺ 8 മുതൽ താഴെപ്പറയുന്ന മേഖലകൾക്ക് തുറന്ന് പ്രവർത്തിക്കാം:

1) ആരാധനാലയങ്ങൾ
2) ഹോട്ടലുകൾ, റസ്റ്റാറന്‍റുകൾ, മറ്റ് ഹോസ്പിറ്റാലിറ്റി സർവീസുകൾ
3) ഷോപ്പിംഗ് മാളുകൾ

ഇവിടങ്ങളിൽ പ്രവർത്തനം എങ്ങനെയാകണം, സാമൂഹിക അകലം പാലിക്കാനുള്ള നിർദേശങ്ങൾ എങ്ങനെ വേണം എന്നതിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദമായ മാർഗനിർദേശങ്ങൾ പിന്നീട് പ്രഖ്യാപിക്കും.

ഘട്ടം 2

1) സ്കൂളുകൾ, കോളജുകൾ, കോച്ചിംഗ് സ്ഥാപനങ്ങൾ, മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവ സംസ്ഥാനങ്ങളുമായി ചർച്ച നടത്തിയ ശേഷം, തുറക്കും. എല്ലാ സംസ്ഥാനങ്ങളും അതാത് മേഖലകളിലെ അധികൃതരോട് ചർച്ച നടത്തിയ ശേഷം, ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കും. ജൂലൈ മുതൽ ഇവ ഏതാണ്ട് തുറന്ന് പ്രവർത്തിക്കാൻ കഴിയുന്ന തരത്തിൽ പ്രവർത്തികൾ മുന്നോട്ട് കൊണ്ടുപോകും.

ഇവിടെയും, പ്രവർത്തനം എങ്ങനെയാകണം, സാമൂഹിക അകലം പാലിക്കാനുള്ള നിർദേശങ്ങൾ എങ്ങനെ വേണം എന്നതിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദമായ മാർഗനിർദേശങ്ങൾ പിന്നീട് പ്രഖ്യാപിക്കും.

ഘട്ടം 3

നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം താഴെപ്പറയുന്ന മേഖലകൾ നിയന്ത്രണങ്ങളോടെ എപ്പോൾ തുറന്ന് പ്രവർത്തിക്കാം/ തുറക്കാം/ തുടങ്ങാം എന്ന് തീരുമാനിക്കും.

1) അന്താരാഷ്ട്ര വിമാനയാത്രകൾ (കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ പ്രത്യേക അനുമതി ഇല്ലാത്തത്)
2) മെട്രോ റയിൽ സംവിധാനം
3) സിനിമാ ഹാളുകൾ, ജിംനേഷ്യങ്ങൾ, സ്വിമ്മിംഗ് പൂളുകൾ, എന്‍റർടെയിൻമെന്‍റ് പാർക്കുകൾ, തീയറ്ററുകൾ, ബാറുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, അസംബ്ലി ഹാളുകൾ, സമാനമായ മറ്റിടങ്ങൾ
4) സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, കായിക, വിനോദ, അക്കാദമിക, മത ചടങ്ങുകളും, നിരവധി ആളുകൾ ഒന്നിച്ചു കൂടുന്ന അത്തരം പ്രദേശങ്ങളും.

കൊവിഡ് നിയന്ത്രണത്തിനുള്ള ദേശീയ മാർഗനിർദേശങ്ങൾ

കൊവിഡ് നിയന്ത്രണത്തിന് കേന്ദ്രസർക്കാർ ദേശവ്യാപകമായി പുറത്തിറക്കുന്ന മാർഗനി‍ർദേശങ്ങളാണിത്. ഇത് അനുസരിച്ച് മാത്രമേ വിവിധ സംസ്ഥാനങ്ങൾക്ക് ഇളവുകൾ പരിഗണിക്കാനാവൂ. വേണമെങ്കിൽ കൂടുതൽ നിയന്ത്രണങ്ങളാകാം. പക്ഷേ, കേന്ദ്ര അനുമതിയില്ലാതെ ഇളവുകൾ പാടില്ല. 

നൈറ്റ് കർഫ്യൂ

രാജ്യത്തെ നൈറ്റ് കർഫ്യൂവിൽ കേന്ദ്രസർക്കാർ ഇളവ് വരുത്തിയിട്ടുണ്ട്. നിലവിൽ വൈകിട്ട് 7 മണി മുതൽ രാവിലെ 7 മണി വരെയാണ് ലോക്ക്ഡൗൺ നൈറ്റ് കർഫ്യൂ നില നിന്നിരുന്നതെങ്കിൽ അൺലോക്ക് ഒന്നാംഘട്ടത്തിൽ നൈറ്റ് കർഫ്യൂ രാത്രി 9 മണി മുതൽ പുലർച്ചെ അഞ്ച് മണി വരെയാക്കി മാറ്റി. തദ്ദേശഭരണസ്ഥാപനങ്ങൾക്ക് വേണമെങ്കിൽ ഇതിൽ കൂടുതൽ നിയന്ത്രണങ്ങൾ വരുത്താൻ അനുമതിയുണ്ടാകും.

ലോക്ക്ഡൗൺ കണ്ടെയ്ൻമെന്‍റ് സോണുകളിൽ മാത്രം

1) ലോക്ക്ഡൗൺ ജൂൺ 30 വരെ കണ്ടെയ്ൻമെന്‍റ് സോണുകളിൽ മാത്രമേ നിലനിൽക്കൂ.
2) ജില്ലാ അധികാരികൾക്കാണ് കണ്ടെയ്ൻമെന്‍റ് സോണുകൾ നിശ്ചയിക്കാൻ അധികാരം. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാർഗരേഖ പ്രകാരമായിരിക്കണം ഇത് നിശ്ചയിക്കേണ്ടത്.
3) അത്യാവശ്യസേവനങ്ങൾ മാത്രമേ കണ്ടെയ്ൻമെന്‍റ് സോണുകളിൽ പാടുള്ളൂ. ഈ മേഖലകളിൽ നിന്ന് ആളുകൾ പുറത്തുപോകുന്നത് കർശനമായി തടയും. അതല്ലെങ്കിൽ അടിയന്തരവൈദ്യസഹായത്തിന് വേണ്ടിയോ, അവശ്യചരക്ക് നീക്കത്തിനോ വേണ്ടി മാത്രമായിരിക്കണം യാത്ര. കണ്ടെയ്ൻമെന്‍റ് സോണുകളിൽ, കോണ്ടാക്ട് ട്രേസിംഗ് ശക്തിപ്പെടുത്തണം. വീടുവീടാന്തരം നിരീക്ഷണം ശക്തമാക്കണം, വൈദ്യസഹായം ഉറപ്പാക്കണം.
4) കണ്ടെയ്ൻമെന്‍റ് സോണുകൾക്ക് പുറത്ത് ബഫർ സോണുകൾ ഉണ്ടാകണം. പുതിയ കേസുകൾ ഉണ്ടാകാൻ സാധ്യതയുണ്ടോ എന്ന് പരിശോധിച്ചുകൊണ്ടേയിരിക്കണം. ഇവിടെ എന്തെല്ലാം നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന്, ജില്ലാ അധികൃതർ തീരുമാനിക്കണം.

അന്തർസംസ്ഥാനയാത്രകൾക്ക് ഇളവ്

1) അന്തർസംസ്ഥാനയാത്രകൾക്കും സംസ്ഥാനങ്ങൾക്ക് അകത്തുള്ള യാത്രകൾക്കും നിയന്ത്രണങ്ങളില്ല. ഇതിനായി പ്രത്യേക പാസ്സുകളോ, അനുമതിയോ, ഇ - പാസ്സോ ആവശ്യമില്ല.
2) ഇനി ഏതെങ്കിലും സംസ്ഥാനം അന്തർസംസ്ഥാനയാത്രയ്ക്കോ, സംസ്ഥാനങ്ങൾക്ക് അകത്തുള്ള യാത്രകൾക്കോ നിയന്ത്രണവും അനുമതിയും വേണമെന്ന് തീരുമാനിച്ചാൽ അതിന് കൃത്യമായ ബോധവത്കരണം നടത്തണം. ജനങ്ങൾക്ക് കൃത്യമായ വിവരം നൽകണം.
3) ശ്രമിക് തീവണ്ടികളും, യാത്രാ തീവണ്ടികളും, ആഭ്യന്തരവിമാനയാത്രകളും, വിദേശങ്ങളിൽ കുടുങ്ങിയ ഇൻ്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതും, ഇവിടെ കുടുങ്ങിയ വിദേശികളെ തിരികെ കൊണ്ടുപോകലും തുടരും.
4) അന്തർസംസ്ഥാനചരക്കുനീക്കവും, അയൽരാജ്യങ്ങളിലേക്ക് കരാറുകളും ചട്ടങ്ങളും പാലിച്ചുകൊണ്ടുള്ള ചരക്കുനീക്കവും അനുവദിക്കും.

വൃദ്ധർ, കുട്ടികൾ, ഗർഭിണികൾ - യാത്ര ഒഴിവാക്കുക

65 വയസ്സിന് മുകളിലുള്ള വൃദ്ധർ, ഗുരുതരമായ അസുഖങ്ങളുള്ളവർ, കുട്ടികൾ, ഗർഭിണികൾ എന്നിവർ പുറത്തിറങ്ങാതിരിക്കുക. വൈദ്യസഹായം വേണമെങ്കിലോ അത്യാവശ്യങ്ങൾക്കോ മാത്രം പുറത്തിറങ്ങുക.

ആരോഗ്യസേതു ആപ്ലിക്കേഷൻ ഉപയോഗിക്കുക

മാസ്കുകൾ ഉപയോഗിക്കുക, സാമൂഹ്യാകലം പാലിക്കുക, വിവാഹങ്ങളിൽ പരമാവധി 50 പേർ മാത്രം, മരണാനന്തരച്ചടങ്ങുകൾക്ക് പരമാവധി 20 പേർ മാത്രം, പൊതുസ്ഥലങ്ങളിൽ തുപ്പരുത്, പൊതുസ്ഥലങ്ങളിൽ മദ്യം, പാൻ, ഗുഡ്ക, പുകയില എന്നിവ ഉപയോഗിക്കരുത്, വർക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കുക, നിയന്ത്രിതമായ ജോലിസമയങ്ങൾ ഓഫീസുകളിലും മറ്റ് തൊഴിൽസ്ഥലങ്ങളിലും പാലിക്കുക, കൃത്യമായി ആരോഗ്യപരിശോധനയും പരിസരശുചിത്വവും പാലിക്കുക, അണുനശീകരണം നടത്തുക എന്നിവ തുടരണം. 

click me!