കൊവിഡ് സ്ഥിരീകരിച്ച ചാലക്കര ആയുർവേദ കോളേജ് പ്രിൻസിപ്പലുമായി സമ്പർക്കമുണ്ടായതിനെ തുടർന്നാണ് അഡ്മിനിസ്ട്രേറ്റർ ഉൾപ്പെടെ 50ഓളം ഉദ്യോഗസ്ഥരുടെ സ്രവ പരിശോധന നടത്തിയത്.
മാഹി: മാഹിയിൽ ആശങ്ക ഒഴിയുന്നു. മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അമൻ ശർമ്മയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായി. മറ്റ് 50 ഓളം ഉദ്യോഗസ്ഥരുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതോടെ വലിയ ആശ്വാസമാണ് മാഹിയിൽ. കൊവിഡ് സ്ഥിരീകരിച്ച ചാലക്കര ആയുർവേദ കോളേജ് പ്രിൻസിപ്പലുമായി സമ്പർക്കമുണ്ടായതിനെ തുടർന്നാണ് അഡ്മിനിസ്ട്രേറ്റർ ഉൾപ്പെടെ 50ഓളം ഉദ്യോഗസ്ഥരുടെ സ്രവ പരിശോധന നടത്തിയത്.
മാഹി ആയുർവേദ കോളേജ് പ്രിൻസിപ്പളടക്കം മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് കേന്ദ്ര ഭരണപ്രദേശത്ത് ആശങ്ക കനക്കുന്നത്. എംഎൽഎയും അഡ്മിനിസ്ട്രേറ്ററുമടക്കം മാഹിയുടെ ഭരണചുമതലയുള്ള നിരവധിയാളുകളുമായി പ്രിൻസിപ്പൾക്ക് സമ്പർക്കമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവരെയെല്ലാം നിരീക്ഷണത്തിലാക്കുകയായിരുന്നു.
ഉന്നത ഉദ്യോഗസ്ഥരുടെ കൊവിഡ് അവലോകന യോഗത്തിൽ ആയൂർവേദ കോളേജ് പ്രിൻസിപ്പൾ പങ്കെടുത്തിരുന്നു. ഇതേ യോഗത്തിൽ പങ്കെടുത്ത മാഹി എംഎൽഎ ഡോ വി രാമചന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ അമൻ ശർമ്മ, മാഹി എസ് പി, ആരോഗ്യവകുപ്പ് ഡയറക്ടർ എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെയാണ് നിരീക്ഷണത്തിലാക്കേണ്ടി വന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് അടക്കം നിയന്ത്രണം നൽകുന്നവർ കൂട്ടത്തോടെ നിരീക്ഷണത്തിലായത് വലിയ ആശങ്കയാണ് സൃഷ്ടിച്ചത്.
സമ്പർക്ക പട്ടികയിലെ അമ്പത് പേർക്ക് രോഗമില്ലെന്ന് വ്യക്തമായതോടെ വലിയ ഭീതിയാണ് ഒഴിഞ്ഞിരിക്കുന്നത്.