16758 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്നലെ മാത്രം 1223 പേർ രോഗബാധിതരായി.
ദില്ലി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രാലയത്തിന്റെ സംഘം മഹാരാഷ്ട്ര സന്ദർശിക്കും. ജോയിൻ്റ് സെക്രട്ടറി ലാവ് അഗർവാളിൻ്റെ നേതൃത്വത്തിലുള്ള സംഘം, രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുമെന്നാണ് റിപ്പോർട്ട്.
ആരോഗ്യമന്ത്രാലയം അവസാനം പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തിൽ 16758 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 1223 പേർക്കാണ് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്നലെ 34 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് മരണ സംഖ്യ 651 ആയി. ധാരാവിയിൽ 24 മണിക്കൂറിനിടെ 68 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. 733 പേരാണ് ധാരാവിയിൽ രോഗ ബാധിതർ.
അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടക്കാനെടുത്തത് 98 ദിവസമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മൂന്ന് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം അതിതീവ്രഘട്ടത്തിലേക്ക് കടന്നതായി ആരോഗ്യമന്ത്രാലയത്തിന്‍റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ രോഗബാധ നിരക്ക് 4.8 ശതമാനത്തില്‍ നിന്ന് 6.6 ശതമാനമായി ഉയർന്നു. 11 ദിവസത്തിനിടെ രോഗബാധിതരുടെ എണ്ണം ഇരട്ടിയായി. മഹാരാഷ്ട്ര, ദില്ലി, ഗുജറാത്ത് സംസ്ഥാനങ്ങളിലെ രോഗബാധ നിരക്കിലെ കുതിപ്പ് അതിതീവ്രഘട്ടത്തിലേക്ക് കടന്നതിന്‍റെ സൂചനയായി.
Also Read: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടക്കാനെടുത്തത് 98 ദിവസം