കർണാടകത്തില്‍ കൊവിഡ് വ്യാപനം കുത്തനെ കൂടുന്നു; ഇന്നലെ മാത്രം 1502 കേസുകൾ, മരണം 272 ആയി

By Web Team  |  First Published Jul 3, 2020, 8:10 AM IST

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 6793 പേർക്കാണ് കർണാടകയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3998 പേരും ബെംഗളൂരു നഗരത്തിലുള്ളവരാണ്. ഇവിടെ, രോഗം സ്ഥിരീകരിച്ചവരില്‍ പകുതിയിലേറെ പേരുടെയും രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. 


ബെംഗളൂരു: കർണാടകയെ ആശങ്കയിലാക്കി കൊവിഡ് രോഗപടർച്ച. ഇന്നലെ ആയിരത്തി അഞ്ഞൂറിലേറെ ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ച കർണാടകയില്‍ രോഗപടർച്ച കുത്തനെ കൂടുകയാണ്. ബെംഗളൂരുവില്‍ മാത്രം 889 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കേരളത്തിന്‍റെ മികച്ച രോഗപ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതിന് പകരം യെദ്യൂരപ്പ സർക്കാർ അനാവശ്യ പ്രസ്താവനകൾ നടത്തി പരിഹാസ്യരാവുകയാണെന്ന് പ്രതിപക്ഷം വിമർശിച്ചു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 6793 പേർക്കാണ് കർണാടകയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3998 പേരും ബെംഗളൂരു നഗരത്തിലുള്ളവരാണ്. ബെംഗളൂരുവില്‍ രോഗം സ്ഥിരീകരിച്ചവരില്‍ പകുതിയിലേറെ പേരുടെയും രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ബംഗളൂരു നഗരത്തില്‍ ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 6179 ആയി. ഇന്നലെ മാത്രം 19 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 272 ആയി. രോഗം ഗുരുതരമായ 161 പേർ തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.

Latest Videos

ആശുപത്രികൾ രോഗികളെ കൊണ്ട് നിറയുന്നതിനാല്‍ കാര്യമായ രോഗലക്ഷണങ്ങളുള്ളവ‍ർക്ക് മാത്രമേ ഇനി ആശുപത്രികളില്‍ ചികിത്സയുള്ളൂവെന്ന് കഴിഞ്ഞ ദിവസം സർക്കാർ തീരുമാനിച്ചു. ബെല്ലാരി, ദക്ഷിണ കന്നഡ, ഉഡുപ്പി, കലബുറഗി എന്നീ ജില്ലകളിലും രോഗികളുടെ എണ്ണം നാൾക്കുനാൾ കൂടുകയാണ്. മാനദണ്ഡങ്ങൾ പാലിക്കാതെ മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസവും പുറത്ത് വന്നതോടെ നിലവിലെ സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ സർക്കാർ പൂർണ്ണ പരാജയമാണെന്ന വിമർശനം കടുപ്പിക്കുകയാണ് പ്രതിപക്ഷം.

കേരളത്തില്‍ നിന്നും രോഗ പ്രതിരോധ മാർഗങ്ങൾ പഠിക്കാതെ പ്രസ്താവനകളിറക്കി യെദ്യൂരപ്പ സർക്കാർ സ്വയം പരിഹാസ്യരാവുകയാണെന്ന് മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ വിമർശിച്ചു. വരും ദിവസങ്ങളില്‍ നിയന്ത്രണങ്ങൾ കൂടുതല്‍ കർശനമാക്കി രോഗപടർച്ച തടയാനാണ് സർക്കാറിന്‍റെ ശ്രമം. രോഗപ്രതിരോധ പ്രവർത്തനങ്ങളില്‍ അനാസ്ഥ കാണിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ മുന്നറിയിപ്പ് നല്‍കി.

click me!