കണ്ണകി നഗർ ഉൾപ്പടെ ചേരികളിൽ രോഗം പടരുകയാണ്. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകിയതോടെ ആളുകൾ കൂട്ടത്തോടെ തെരുവിലറങ്ങിയിരിക്കുകയാണ്
ചെന്നൈ: തമിഴ്നാട്ടിൽ ആറ് ദിവസത്തിനിടെ നാലായിരത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ കൂടുതൽ മേഖലയിലേക്ക് രോഗവ്യാപനം ഉണ്ടാവുന്നത് ആശങ്കയാവുകയാണ്. കണ്ണകി നഗർ ഉൾപ്പടെ ചേരികളിൽ രോഗം പടരുകയാണ്. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകിയതോടെ ആളുകൾ കൂട്ടത്തോടെ തെരുവിലറങ്ങിയിരിക്കുകയാണ്.
ആശങ്ക ഉണര്‍ത്തുന്ന കണക്കുകളാണ് കൊവിഡ് ബാധിതരുടെ എണ്ണം സംബന്ധിച്ച് തമിഴ്നാട്ടിൽ ഇന്ന് ഉയര്‍ന്ന് വരുന്നത്. തമിഴ്നാട്ടിൽ 70 ശതമാനം രോഗബാധിതരും ചെന്നൈയിലാണ് എന്നതടക്കമുള്ള വാര്‍ത്തകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ചേരികളും മറ്റും കേന്ദ്രീകരിച്ച് ക്ലസ്റ്ററുകൾ രൂപപ്പെടുന്ന സാഹചര്യത്തെ ആശങ്കയോടെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ കാണുന്നത്.
14000 ത്തോളം വരുന്ന രോഗ ബാധിതരിൽ ചെന്നെൈയിൽ നിന്ന് മാത്രം 9500 ഓളം പേരുണ്ടെന്നതാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു വസ്തുത. ചെന്നൈ നഗരത്തിന് പുറത്തേക്കും കൊവിഡ് വ്യാപിക്കുകയാണ്. കണ്ണകി നഗര്‍ പോലെ ഒരു ലക്ഷത്തോളം ആളുകൾ തിങ്ങിപ്പാര്‍ക്കുന്ന ചേരികളിൽ രോഗ വ്യാപനം വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
ഒരു വശത്ത് രോഗ വ്യാപനം ഇരട്ടിക്കുമ്പോൾ നിയന്ത്രണങ്ങളിൽ വലിയ ഇളവുകൾ നൽകുകയാണ് സംസ്ഥാന ഭരണകൂടം. എല്ലാ നിയന്ത്രണങ്ങളും ഇല്ലാതാകുന്നതോടെ ജനങ്ങൾ കൂട്ടത്തോടെ തെരുവിലിറങ്ങുന്ന അവസ്ഥയുമുണ്ട്. രോഗ വ്യാപന കണക്ക് ഇനിയും കൂടാൻ ഇടയുണ്ടെന്ന ആശങ്കയും ഇതോടെ ശക്തമാകുകയാണ്.