കൊവിഡ് ബാധിക്കുമെന്ന പേടി മുന്‍കൂര്‍ ജാമ്യം നല്‍കാനുള്ള ഒരു കാരണമല്ലെന്ന് സുപ്രീം കോടതി

By Web Team  |  First Published May 25, 2021, 6:33 PM IST

കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരികയും ജയിലുകള്‍ നിറഞ്ഞിരിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ പ്രതികളുടെ ജീവന്‍ അപകടത്തിലാണെന്നും ഈ സാഹചര്യത്തില്‍ കുറ്റം ചുമത്തപ്പെട്ടവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കാവുന്നതാണെന്നും അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.


ദില്ലി: കൊവിഡ് ബാധിച്ചേക്കും എന്ന ഭയം ഒരാള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കാനുള്ള ഒരു കാരണമല്ലെന്ന് സുപ്രീം കോടതി. അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിതെരിരെ യുപി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി. കൊവിഡ് മൂലം മരണം സംഭവിച്ചേക്കാമെന്ന ഭയം മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിന് കാരണമാകുന്നില്ലെന്ന് സുപ്രീം കോടതി വിധിയില്‍ പറയുന്നു. പ്രതീക് ജയിന്‍ എന്ന 130 ഓളം തട്ടിപ്പു കേസുളിലെ പ്രതിയായ വ്യക്തിക്ക് ജാമ്യം നല്‍കിയ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. 

കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരികയും ജയിലുകള്‍ നിറഞ്ഞിരിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ പ്രതികളുടെ ജീവന്‍ അപകടത്തിലാണെന്നും ഈ സാഹചര്യത്തില്‍ കുറ്റം ചുമത്തപ്പെട്ടവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കാവുന്നതാണെന്നും അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. മഹാമാരിയുടെ കാലത്ത് അവരെ ജയിലില്‍ പാര്‍പ്പിക്കുന്നത് മരണത്തിനു തന്നെ കാരണമാകാമെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഇതിനെതിരാണ് ഇപ്പോള്‍ സുപ്രീംകോടതി വിധി വന്നിരിക്കുന്നത്. 

Latest Videos

undefined

ഇന്ത്യയില്‍ ജയിലുകള്‍ നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണുള്ളതെന്നും ജയില്‍പ്പുള്ളികളുടെയും പോലീസുകാരുടെയും ആരോഗ്യത്തിന് ഭീഷണിയാണെന്നുമുള്ള സുപ്രീം കോടതിയുടെ മുന്‍ നിരീക്ഷണവും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 

ഈ ഹൈക്കോടതി വിധി ചോദ്യംചെയ്താണ് യുപി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കോവിഡിന്റെ പേരില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും മറ്റു കോടതികള്‍ വിധി ആവര്‍ത്തിക്കുമെന്നും യുപി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അലഹബാദ് ഹൈക്കോടതിയുടെ ഈ ഉത്തരവ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി. മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് ഒരോ കേസിന്റേയും പ്രത്യേകതയും പ്രധാന്യവും പരിഗണിച്ചാകണമെന്നും സുപ്രീംകോടതി വിധിയില്‍ പറയുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!