ആശങ്കയൊഴിയുന്നില്ല; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 4 ലക്ഷം കടന്നു

By Web Team  |  First Published Jun 21, 2020, 7:20 AM IST

അതേസമയം രോഗ മുക്തി നിരക്ക് ഉയരുന്നത്  ആശ്വാസമാണ്. 54 ശതനമാനത്തിന് മുകളില്‍ ആളുകള്‍ രോഗമുക്തി നേടി.
 


ദില്ലി: രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷം കടക്കുന്നു. പ്രതിദിന രോഗബാധ ഇന്നലെയും പതിനാലായിരം കടന്നിരുന്നു. രോഗ വ്യാപനം വേഗത്തിലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രണ്ടു ലക്ഷത്തില്‍ നിന്ന് മൂന്നു ലക്ഷമാകാന്‍ പത്തു ദിവസമെടുത്തപ്പോള്‍ മൂന്നു ലക്ഷത്തില്‍ നിന്ന് നാലു ലക്ഷമാകാനെടുത്തത് എടുത്തത് എട്ടു ദിവസം മാത്രം. അതേസമയം രോഗ മുക്തി നിരക്ക് ഉയരുന്നത്  ആശ്വാസമാണ്. 54 ശതനമാനത്തിന് മുകളില്‍ ആളുകള്‍ രോഗമുക്തി നേടി. 

പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പരിശോധനയുടെ എണ്ണവും കുത്തനെ കൂട്ടിയിട്ടുണ്ട്. 1.84 ലക്ഷത്തിലധികം പരിശോധനയാണ് പ്രതിദിനം നടത്തുന്നത്. 66.16 ലക്ഷം പരിശോധനയാണ് ഇന്നലെ വരെ നടത്തിയത്. 

Latest Videos

ദില്ലിയില്‍ രോഗവ്യാപനം തുടരുന്നു

തലസ്ഥാന നഗരമായ ദില്ലിയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ് സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ദില്ലിയില്‍ കഴിഞ്ഞ ദിവസം 3630 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 56,746 ആയി. തുടര്‍ച്ചയായി രണ്ടാം ദിവസവും രോഗികളുടെ എണ്ണം മൂവായിരം കടന്നു. ഇന്നലെ മാത്രം 77 പേര്‍ മരിച്ചു. ഇതുവരെ 2112 പേരാണ് ദില്ലിയില്‍ മരിച്ചത്. 17,533 പരിശോധനകളാണ് ഇന്നലെ മാത്രം നടത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ദില്ലിയില്‍ പരിശോധനകള്‍ കൂട്ടിയത്. 

അതെസമയം സ്വകാര്യ ആശുപത്രിയിലെ കോവിഡ് ചികിത്സ ചെലവ് മൂന്നിലൊന്നായി കുറക്കാനുള്ള ആഭ്യന്തര മന്ത്രാലയ സമിതിയുടെ ശുപാര്‍ശക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍ അംഗീകാരം നല്‍കി. കോവിഡ് ചികിത്സയില്‍ കഴിയുന്ന ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജയിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു.
 

click me!