ഇന്ത്യയുടെ 'കൊവാക്സിന്‍' മനുഷ്യരിൽ പരീക്ഷണം തുടങ്ങി; ഫലം മൂന്നുമാസത്തിനകമെന്ന് പ്രതീക്ഷ; എയിംസ് മേധാവി

By Web Team  |  First Published Jul 21, 2020, 12:24 PM IST

18നും 55 നും ഇടയിൽ പ്രായമുള്ള വ്യക്തികളെയാണ് ആദ്യ ഘട്ട പരീക്ഷണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ 12നും 65 നും ഇടയിൽ പ്രായമുള്ള 750 വ്യക്തികളിലാണ് പരീക്ഷണം നടത്തുക.


ദില്ലി: കൊറോണ വൈറസിനെ തുരത്താൻ‌ വാക്സിൻ കണ്ടെത്തിയെന്ന വാർത്തയ്ക്ക് വേണ്ടിയാണ് ലോകം മുഴുവനുമുള്ളവർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. അത്തരമൊരു ശുഭപ്രതീക്ഷയാണ് ദില്ലി എയിംസ് മേധാവി പങ്കുവച്ചിരിക്കുന്നത്. ദില്ലി എയിംസ് ഡയറക്ടറായ ഡോക്ടർ രൺദീപ് ​ഗലേറിയ ആണ് കൊറോണ വൈറസിനെതിരെയുള്ള കൊവാക്സിൻ മനുഷ്യരിൽ പരീ​ക്ഷണം ആരംഭിച്ചതായും മൂന്നു മാസത്തിനുള്ളിൽ ഫലം അറിയാൻ കഴിയുമെന്നുമുള്ള വാർത്ത പങ്കുവച്ചിരിക്കുന്നത്. ഇന്ത്യ തദ്ദേശീയായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ മരുന്നാണ് കൊവാക്സിൻ. 

ഒന്നാം ഘട്ടത്തിൽ 375 വോളണ്ടിയർമാരിലാണ് കൊവാക്സിൻ പരീക്ഷിക്കുന്നത്. ഈ വാക്സിൻ കുത്തി വച്ച് കഴിഞ്ഞാൻ കൊവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡീസ് ഉത്പാദിപ്പിക്കപ്പെടും എന്നാണ് ​ഗവേഷകരുടെ അവകാശവാദം. 18നും 55 നും ഇടയിൽ പ്രായമുള്ള വ്യക്തികളെയാണ് ആദ്യ ഘട്ട പരീക്ഷണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ 12നും 65 നും ഇടയിൽ പ്രായമുള്ള 750 വ്യക്തികളിലാണ് പരീക്ഷണം നടത്തുക. മൂന്നാം ഘട്ടത്തിൽ വലിയൊരു വിഭാ​ഗം വ്യക്തികളിൽ പരീ​ക്ഷണം നടത്തും. 

Latest Videos

undefined

പുരുഷൻമാരും സ്ത്രീകളുമുൾപ്പെടെയുള്ളവരെയാണ് പരീക്ഷണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതുവരെ 1800 പേരാണ് വാക്സിൻ പരീക്ഷണത്തിന് തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത്. ഇതിൽ 1125 പേരിൽ വാക്സിൻ പരീക്ഷണം നടത്തുമെന്നും എയിംസ് അറിയിച്ചു. മൂന്നാം ഘട്ടം കഴിയുന്നതോടെ പരീക്ഷണത്തിന് വിധേയരായവരിൽ വൈറസിനോട് എത്രത്തോളം പ്രതിരോധം ആർ‌ജ്ജിക്കാൻ സാധിക്കുന്നുണ്ടെന്ന് പഠിക്കുമെന്നും എയിംസ് അധികൃതർ വ്യക്തമാക്കി. 

ആരോ​ഗ്യപ്രവർത്തകർക്കായിരിക്കും വാക്സിൻ പരീക്ഷണത്തിൽ മുൻ​ഗണന നൽകുക. എപ്പോഴാണ് വാക്സിൻ തയ്യാറാകുക എന്ന കാര്യത്തിൽ മുൻകൂട്ടി പറയുക അസാധ്യമാണെന്നും ഡയറക്ടർ വ്യക്തമാക്കി. വൈറസിനെക്കുറിച്ച് ഓരോ ദിവസവും കൂടുതൽ പഠനങ്ങൾ നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

click me!