കൊറോണ വൈറസ് പരിശോധനയിലെ അലംഭാവം ട്രോജൻ കുതിരയെ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ് എന്നാണ് കോടതിയുടെ വിമർശനം.
ഹൈദരാബാദ്: സംസ്ഥാനത്തെ കൊറോണ വൈറസ് പരിശോധനിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. കൊവിഡ് പരിശോധനാ നിരക്ക് വളരെ കുറവാണെന്നാണ് ഹൈക്കോടതിയുടെ വിമർശനം. കൊറോണ വൈറസ് പരിശോധനയിലെ അലംഭാവം ട്രോജൻ കുതിരയെ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ് എന്നാണ് കോടതിയുടെ വിമർശനം. മനുഷ്യജീവിതം വളരെ പ്രാധാന്യമുള്ളതാണ്. അപകട സാധ്യതയുള്ള കേസുകളിൽ പോലും പരിശോധന കൃത്യമായി നടക്കുന്നില്ല എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സംസ്ഥാനത്ത് 1920 പേർക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. 56 പേർ മരിച്ചു.
മെയ് 1 മുതൽ 25 വരെയുള്ള കാലയളവിലെ പരിശോധന റിപ്പോർട്ടുകൾ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് നിർമ്മൽ, സൂര്യാപേട്ട് എന്നീ ജില്ലകളിലെ. കർശനമായ കൊവിഡ് പരിശോധനയ്ക്ക് ശേഷം മാത്രമേ മൃതദേഹം ബന്ധുക്കൾക്ക് കൈമാറാവൂ എന്നും കോടതി നിർദ്ദേശിച്ചു. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് കോടതി റദ്ദ് ചെയ്തു. മൃതദേഹങ്ങളിൽ നിന്നുള്ള സാംപിൾ പരിശോധന നിർത്തലാക്കാൻ പബ്ലിക് ഹെൽത്ത് ഡയറക്ടർ കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു.
തിരികെയെത്തിയ അതിഥി തൊഴിലാളികളിലെ പരിശോധന റിപ്പോർട്ടും കോടതി തേടിയിട്ടുണ്ട്. എത്ര കുടിയേറ്റക്കാർ തിരിച്ചെത്തി? അവരിൽ എത്ര പേരിൽ കൊവിഡ് സ്ഥിരീകരിച്ചു? എത്ര പേരെയാണ് ക്വാറന്റൈനിലാക്കിയിരിക്കുന്നത്? ഗ്രാമങ്ങളിലെ സ്ഥിതി ഗതികൾ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. റെഡ്, ഓറഞ്ച് ഗ്രീൻ സോണുകളായി പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ എന്തൊക്കെ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും കോടതി ചോദിച്ചു.
സർക്കാർ ആശുപത്രികളിൽ മരണ നിരക്ക് വർദ്ധിച്ച സംഭവത്തെ ഗുജറാത്ത് ഹൈക്കോടതി അപലപിച്ചിരുന്നു. പാവപ്പെട്ടവർക്കും ദരിദ്രർക്കും ആശ്രയിക്കാൻ മറ്റ് ഇടങ്ങളൊന്നും ഇല്ല എന്നും കോടതി ചൂണ്ടിക്കാണിച്ചു. ഇന്ത്യയിലുടനീളം 1.45 പേർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. നാലായിരത്തിലധികം പേർ മരിച്ചു.