മരിച്ചയാളുടെ ബീജം നൽകുന്നത് സംബന്ധിച്ച് നിയമപരമായ വ്യക്തതയില്ലാത്തത് കൊണ്ട് ആശുപത്രി അധികൃതർ മാതാപിതാക്കളുടെ ആവശ്യം നിരസിക്കുകയായിരുന്നു.
ന്യൂഡൽഹി: മരണപ്പെട്ടയാളുടെ ബീജം മാതാപിതാക്കൾക്ക് കൈമാറാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്. ക്യാൻസർ ബാധിച്ച് മരിച്ച യുവാവിന്റെ പിതാവാണ് ആവശ്യവുമായി കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി, ബീജം കൈമാറാൻ ഡൽഹിയിലെ ഗംഗാറാം ആശുപത്രിക്ക് നിർദേശം നൽകി. മരണത്തിന് ശേഷവും കുട്ടികൾക്ക് ജന്മം നൽകുന്ന കാര്യത്തിൽ ഇന്ത്യൻ നിയമത്തിൽ വിലക്കൊന്നും ഇല്ലെന്ന് കോടതി നിരീക്ഷിച്ചു.
ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പ്രതിഭ എം സിങാണ് കേസിൽ വിധി പറഞ്ഞത്. ക്യാൻസർ ബാധിച്ച് മരിച്ച തന്റെ മകന്റെ ബീജം ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും അത് വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് പിതാവാണ് കോടതിയെ സമീപിച്ചത്. മകന്റെ കുട്ടിയെ വളർത്താൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം അറിയിച്ചു. മരണശേഷം സന്താനോത്പാദനം നടത്തുന്നതിന് നിയമത്തിൽ വിലക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ബീജം വിട്ടുകൊടുക്കാൻ ആശുപത്രിയോട് നിർദേശിച്ചു. കുട്ടികളെ അവരുടെ മാതാപിതാക്കളുടെ അച്ഛനും അമ്മയും വളർത്തുന്നത് സാധാരണ കാര്യമാണെന്നും കോടതി നിരീക്ഷിച്ചു.
ബീജം വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് കോടതി നിബന്ധന വെച്ചിട്ടുണ്ട്. ഐവിഎഫ് ചികിത്സയ്ക്കായാണ് യുവാവിന്റെ ബീജം ആശുപത്രിയിൽ ശീതീകരിച്ച് സൂക്ഷിച്ചത്. 2020 സെപ്റ്റംബറിൽ യുവാവ് ക്യാൻസർ ബാധിച്ച് മരിച്ചു. പിന്നീട് ബീജം വിട്ടുനൽകാൻ ആവശ്യപ്പെട്ട് മാതാപിതാക്കൾ ആശുപത്രിയെ സമീപിച്ചെങ്കിലും നിയമപരമായ വ്യക്തതയില്ലാത്തതിനാൽ സർക്കാറിൽ നിന്നോ കോടതിയിൽ നിന്നോ നിർദേശം വേണമെന്ന നിലപാട് ആശുപത്രി സ്വീകരിച്ചു. ഇതോടെയാണ് കേസ് കോടതിയിലെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം