
ദില്ലി: നാഷണൽ ഹെറാൾഡ് കേസ് അന്വേഷിക്കുന്ന ഇഡിക്ക് ദില്ലി റോസ് അവന്യൂ കോടതിയിൽ തിരിച്ചടി. കേസിൽ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രം അപൂർണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കൂടുതൽ രേഖകൾ ഹാജരാക്കാൻ ഇഡിയോട് ഇന്ന് നിർദ്ദേശിച്ചു. കുറ്റപത്രത്തിൽ പ്രതിചേർക്കപ്പെട്ട കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്കും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ നോട്ടീസ് അയക്കാൻ കോടതി വിസമ്മതിച്ചു. നോട്ടീസ് നൽകേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടണമെന്ന് വ്യക്തമാക്കിയ കോടതി, കേസ് മെയ് രണ്ടിന് പരിഗണിക്കാൻ മാറ്റി.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്‍റെ നടത്തിപ്പുകാരായ എജെഎല്ലിന്‍റെ രണ്ടായിരം കോടിയോളം രൂപ വരുന്ന ആസ്തി 50 ലക്ഷം രൂപക്ക് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യംഗ് ഇന്ത്യന്‍ കമ്പനി തട്ടിയെടുത്തുവെന്നാണ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്. കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ നാഷണൽ ഹെറാൾഡ് കേസിൽ സ്വത്ത് കണ്ടുകെട്ടലിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് തുടർ നടപടികൾ ആരംഭിച്ചിരുന്നു. അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ സ്വത്തുക്കൾ ഏറ്റെടുക്കുന്നതിന് രജിസ്ട്രാർമാർക്ക് ഇഡി നോട്ടീസ് അയച്ചിരുന്നു. ദില്ലി, മുംബൈ, ലക്നൗ എന്നിവിടങ്ങളിലായി എജെഎല്ലിൻ്റെ 700 കോടിയിലധികം വരുന്ന സ്വത്തുക്കളാണ് ഇഡി കണ്ടു കെട്ടിയത്. മുംബൈയിലെ നാഷണൽ ഹെറാൾഡ് കെട്ടിടത്തിലെ വാടകക്കാർക്കും ഇഡി നോട്ടീസ് നൽകിയിരുന്നു. കെട്ടിടത്തിൻ്റെ വാടക ഇനി മുതൽ ഇഡി ഡയറക്ടറുടെ പേരിൽ അടക്കണമെന്നാണ് കെട്ടിടം വാടകയ്ക്ക് എടുത്ത ജിൻഡാൽ കമ്പനിക്ക് നിർദ്ദേശം നൽകിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam