90 ദിവസത്തെ പരോളാണ് കൃഷി ചെയ്യാനായി കോടതി അനുവദിച്ചത്. ഒരു കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് 11 വർഷമായി ഇയാൾ ജയിലിൽ കഴിയുകയാണ്.
ബംഗളുരു: കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്ക് കൃഷി നോക്കി നടത്താൻ 90 ദിവസത്തെ പരോൾ അനുവദിച്ച് കർണാടക ഹൈക്കോടതി. കർണാടകയിലെ രാമനഗര ജില്ലയിൽ സിദ്ദേവരഹള്ളി ഗ്രാമത്തിൽ തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ കൃഷി ചെയ്യാനും കൃഷിക്ക് മേൽനോട്ടം വഹിക്കാനും കുടുംബത്തിൽ മറ്റ് പുരുഷന്മാർ ആരുമില്ലെന്ന് കാണിച്ചാണ് ഇയാൾ കോടതിയെ സമീപിച്ചത്. ആദ്യം ബംഗളുരു സെൻട്രൽ ജയിൽ സൂപ്രണ്ടിന് ഇതേ ആവശ്യം പറഞ്ഞ് നൽകിയ അപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഒരു കൊലപാതക കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ചന്ദ്ര എന്നയാളാണ് പരോളിനായി കോടതിയെ സമീപിച്ചത്. 11 വർഷത്തെ ശിക്ഷാ കാലയളവ് ഇതിനോടകം ഇയാൾ പൂർത്തീകരിച്ചിട്ടുണ്ട്. പാരമ്പര്യമായി കാർഷിക വൃത്തിയിൽ ഏർപ്പെടുന്ന തന്റെ കുടുംബത്തിൽ ഇപ്പോൾ കൃഷി നോക്കിനടത്താൻ പുരുഷന്മാർ ആരുമില്ലെന്ന് ഇയാൾ കോടതിയിൽ ചൂണ്ടിക്കാട്ടി. 11 വർഷം തടവിൽ കഴിഞ്ഞതും ഇക്കാലയളവിൽ ഇതുവരെ പരോൾ അനുവദിക്കപ്പെട്ടിട്ടില്ലെന്നതും കണക്കിലെടുത്താണ് കോടതി വിധി.
undefined
മോചിതനാവുന്ന ദിവസം മുതൽ 90 ദിവസത്തെ പരോളാണ് കോടതി അനുവദിച്ചത്. ഇക്കാലയളവിൽ മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളിലൊന്നും ഏർപ്പെടരുതെന്ന നിർദേശവും നൽകിയിട്ടുണ്ട്. എല്ലാ ആഴ്ചയും ആദ്യ ദിവസം പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നും മറ്റ് ജാമ്യ വ്യവസ്ഥകൾ ജയിൽ സൂപ്രണ്ടിന് തീരുമാനിക്കാമെന്നും കോടതി ഉത്തരവിൽ പറയുന്നു. നിബന്ധനകൾ ഏതെങ്കിലും ലംഘിച്ചാൽ പരോൾ റദ്ദാവും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം