ഡിസംബര്‍ 13ലെ യാത്രയ്ക്ക് വേണ്ടിയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ട്രെയിനിൽ കയറാൻ സ്റ്റേഷനിലെത്തിയപ്പോൾ, സാങ്കേതിക കാരണങ്ങളാൽ ട്രെയിൻ ഡിസംബർ 13 ന് ഗുഡ്ഗാവിലേക്ക് മൊബൈൽ നമ്പറിൽ സന്ദേശം ലഭിക്കുകയായിരുന്നു.
ചണ്ഡീഗഡ്: ട്രെയിൻ വഴിതിരിച്ച് വിട്ടത് മൂലം ബുദ്ധിമുട്ടിലായ ദമ്പതികൾക്ക് ഇന്ത്യൻ റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്. രണ്ട് ടിക്കറ്റുകൾക്കായി ചെലവഴിച്ച 477.70 രൂപ തിരികെ നൽകാനും ടിക്കറ്റ് പണം തിരികെ നൽകാൻ വിസമ്മതിച്ചതിന് 10,000 രൂപ നഷ്ടപരിഹാരം നൽകാനുമാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനോടും (ഐആര്‍സിടിസി) ഇന്ത്യൻ റെയിൽവേയോടും ചണ്ഡീഗഡ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്. സാങ്കേതിക കാരണങ്ങളാൽ വഴിതിരിച്ചുവിട്ട ട്രെയിൻ അവരുടെ ബോർഡിംഗ് സ്റ്റേഷനായ ഗുഡ്ഗാവിലേക്ക് എത്താത്ത സാഹചര്യത്തിലാണ് ദമ്പതികൾ പ്രയാസം നേരിട്ടത്.
2022 നവംബർ 29ന് താനും ഭാര്യ നീല സൂദും ഗുഡ്ഗാവിൽ നിന്ന് ചണ്ഡിഗഡിലേക്കുള്ള യാത്രയ്ക്ക് 477.70 രൂപയ്ക്ക് രണ്ട് റെയിൽവേ ടിക്കറ്റുകൾ ബുക്ക് ചെയ്തുവെന്ന് ചണ്ഡീഗഡ് സ്വദേശിയായഭരതേന്ദു സൂദിന്‍റെ ഒരു പരാതിയിൽ പറയുന്നു. ഡിസംബര്‍ 13ലെ യാത്രയ്ക്ക് വേണ്ടിയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ട്രെയിനിൽ കയറാൻ സ്റ്റേഷനിലെത്തിയപ്പോൾ, സാങ്കേതിക കാരണങ്ങളാൽ ട്രെയിൻ ഡിസംബർ 13 ന് ഗുഡ്ഗാവിലേക്ക് മൊബൈൽ നമ്പറിൽ സന്ദേശം ലഭിക്കുകയായിരുന്നു.
തുടര്‍ന്ന് ബസിലാണ് ഇവര്‍ ചണ്ഡിഗഡിലേക്ക് പോയത്. ഒരാഴ്ചയ്ക്ക് ശേഷം, ടിക്കറ്റ് തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഐആർസിടിസിക്ക് ഇമെയിൽ അയച്ചെങ്കിലും ബോർഡിംഗ് സ്റ്റേഷനിൽ 72 മണിക്കൂറിനുള്ളിൽ പരാതിക്കാർ അപേക്ഷ നൽകാത്തതിനാൽ റീഫണ്ട് നൽകാൻ കഴിയില്ലെന്നാണ് അറിയിപ്പ് വന്നത്. മുതിർന്ന പൗരന്മാരായതിനാൽ ഗുഡ്ഗാവിലെ ബോർഡിംഗ് സ്റ്റേഷനിൽ പോയി റീഫണ്ടിനായി അപേക്ഷിക്കുന്നത് പ്രായോഗികമല്ലെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു.
ടിക്കറ്റ് ബുക്ക് ചെയ്ത് കഴിഞ്ഞാല്‍ നിരക്ക് റെയില്‍വേയിലേക്ക് പോകുമെന്നും തങ്ങൾക്ക് ഇതില്‍ ഒരു പങ്കുമില്ലെന്നുമാണ് ഐആര്‍സിടിസി വിശദീകരിച്ചത്. ട്രെയിനുകൾ വഴിതിരിച്ചുവിടുന്നതിൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നും ഐആര്‍സിടിസി പറഞ്ഞു. പരാതി തള്ളിക്കളയണമെന്നായിരുന്നു ഇന്ത്യൻ റെയിൽവേയുടെ മറുപടി.
എന്നാല്‍, ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് പരാതിക്കാരനിൽ നിന്ന് 17.70 രൂപ കൺവീനിയൻസ് ഫീ ആയി ഐആര്‍സിടിസി ഈടാക്കിയെന്നും ഇന്ത്യൻ റെയിൽവേ പരാതിക്കാരിൽ നിന്ന് 460 രൂപ ടിക്കറ്റ് നിരക്കായി ഈടാക്കിയെന്നും ഇലക്ട്രോണിക് റിസർവേഷൻ സ്ലിപ്പ് വ്യക്തമായി സൂചിപ്പിക്കുന്നുവെന്ന് കമ്മീഷൻ കണ്ടെത്തി. തുടര്‍ന്നാണ് ടിക്കറ്റ് നിരക്കും നഷ്ടപരിഹാരവും നല്‍കണമെന്ന് ഉത്തരവിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം