
ബംഗളുരു: അപ്രതീക്ഷിതമായി വീടിനുള്ളിൽ കയറിയ പുലിയെ പിടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ കഷ്ടപ്പെട്ടത് അഞ്ച് മണിക്കൂർ. കർണാടകയിൽ ബംഗളുരുവിന് സമീപം ജിഗാനിയിൽ കഴിഞ്ഞ ദിവസമായിരുന്നു നാടകീയ സംഭവങ്ങൾ നടന്നത്. വീട്ടിൽ പുലി കയറിയത് കണ്ട് വീട് പൂട്ടി പുറത്തിറങ്ങിയ ദമ്പതികൾ വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
കുണ്ട്ലു റെഡ്ഡി ലേഔട്ടിലെ വീട്ടിൽ താമസിച്ചിരുന്ന വെങ്കിടേഷ്, വെങ്കടലക്ഷ്മി എന്നിവർ രാവിലെ വീട്ടിലെ ഹാളിൽ ടിവിക്ക് മുന്നിലിരുന്ന് കാപ്പി കുടിക്കുന്നതിനിടെയാണ് മുൻവശത്തെ വാതിലിലൂടെ ഒരു പുലി വീടിനകത്തേക്ക് കയറിയത്. കാലിന് പരിക്കേറ്റ ശേഷം വിശ്രമത്തിലായിരുന്നു വെങ്കിടേഷ്. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലെ വീട്ടിലേക്ക് കയറിയ പുലി ഒരു മുറിയുടെ അകത്തേക്ക് കയറിപ്പോയി. കാഴ്ചകണ്ട് ഞെട്ടിയ ഇരുവരും ബഹളമുണ്ടാക്കാതെയും മനഃസാന്നിദ്ധ്യം കൈവിടാതെയും സെക്കന്റുകൾക്കുള്ളിൽ വീടിന് പുറത്തിറങ്ങി, വീട് പുറത്തുനിന്ന് പൂട്ടി.
രാവിലെ 7.30 ആയിരുന്നു അപ്പോൾ സമയം. നാട്ടുകാരെ വിവരമറിയിച്ചപ്പോൾ എല്ലാവർക്കും ഞെട്ടൽ, രണ്ട് കിലോമീറ്റർ പരിധിയിലെങ്ങും കാട് പോലുമില്ലാത്ത സ്ഥലത്തെ വീടിനകത്ത് പുലി കയറിയെന്ന വാർത്ത വിശ്വസിക്കാനാവാതെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. അര മണിക്കൂറിനുള്ളിൽ വനം വകുപ്പുകാർ സന്നാഹങ്ങളുമായെത്തി. പ്രത്യേക ടാസ്ക് ഫോഴ്സ് ഉദ്യോഗസ്ഥരും പിന്നാലെയെത്തി. എന്നാൽ ചുറ്റും കെട്ടിടങ്ങളുള്ള ഒരു പ്രദേശത്തെ വീടിനകത്ത് കയറിപ്പോയ പുലിയെ എങ്ങനെ പുറത്തിറക്കി കൂട്ടിലാക്കുമെന്നറിയാതെ ഉദ്യോഗസ്ഥർ കുഴങ്ങി. പുലി എവിടെയാണ് കയറിയിരിക്കുന്നതെന്ന് അറിയാത്തതായിരുന്നു പ്രധാന പ്രശ്നം.
വീടിന്റെ രൂപരേഖയൊക്കെ തയ്യാറാക്കിയ ശേഷം പുറത്തുനിന്ന് പരിശോധന തുടങ്ങി. ഒടുവിൽ നീളമുള്ള വടിയിൽ മൊബൈൽ ഫോൺ കെട്ടിവെച്ച് വീഡിയോ കോൾ വിളിച്ച് മറ്റൊരു ഫോണിലൂടെ വീഡിയോ പരിശോധിച്ച് തെരച്ചിൽ തുടങ്ങി. ഓരോ മുറിയിലും മൊബൈൽ ക്യാമറ ഇങ്ങനെ കടത്തിവെച്ച് പരിശോധിച്ചു. അര മണിക്കൂർ നീണ്ട പരിശോധനയ്ക്കൊടുവിൽ ഒരു മുറിയിലെ കട്ടിലിനടിയിൽ കണ്ണുകൾ കണ്ട് പുലി അവിടെയാണെന്ന് ഉറപ്പിച്ചു.
ആറോ ഏഴോ വയസ് പ്രായമുള്ള പെൺപുലിയാണ് വീടിനകത്ത് കയറിയത്. പുലി മുറിയിൽ തന്നെയാണെന്ന് ഉറപ്പിച്ച ശേഷം ഉദ്യോഗസ്ഥർ മുൻ വാതിലിലൂടെ അകത്ത് കയറി. വാതിൽ പുറത്തു നിന്ന് പൂട്ടി. ശേഷം മുറിയുടെ വാതിലിലെ ചെറിയ വിടവിലൂടെ മയക്കുവെടി വെയ്ക്കുകയായിരുന്നു. വെടിയേറ്റ പുലി മയങ്ങി പിന്നീട് അനക്കമില്ലാതായി. ശേഷം മുറിയിൽ കയറി പുലിയെ പിടികൂടി കൂട്ടിലാക്കുകയായിരുന്നു. രണ്ടായിരത്തോളം പേരാണ് സമീപത്തെ കെട്ടിടങ്ങൾക്ക് മുകളിലും മറ്റുമായി ഈ സമയം തടിച്ചുകൂടിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 12.30ഓടെ പുലിയെ കൂട്ടിലടച്ച് ഓപ്പറേഷൻ അവസാനിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam