ആശുപത്രി മോർച്ചറിയിലെ ഫ്രീസർ മുറിയ്ക്കുള്ളിൽ മൃതദേഹങ്ങൾക്കടുത്ത് കമിതാക്കളുടെ സ്നേഹ പ്രകടനം; അന്വേഷണം തുടങ്ങി

By Web Team  |  First Published Aug 23, 2024, 12:44 PM IST

ഇപ്പോൾ പുറത്തുവന്ന വീഡിയോ ഏകദേശം ഒരു മാസം മുമ്പ് പകർത്തിയതായണെന്നാണ് അനുമാനം. വലിയ വിവാദമാണ് ഇതിനൊപ്പം പുറത്തുവരുന്നത്. 


നോയിഡ: നോയിഡയിൽ ആശുപത്രി മോർച്ചറിയിൽ കമിതാക്കൾ സ്നേഹപ്രകടനം നടത്തുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ അധികൃതർ നടപടി തുടങ്ങി. നോയിഡയിലാണ് സംഭവം. അന്വേഷണത്തിനായി ആരോഗ്യ വകുപ്പ് പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. ഏകദേശം ഒരു മാസത്തോളം പഴയ ഒരു വീഡിയോ ക്ലിപ്പാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തുവന്നത്.

ആശുപത്രിയിലെ മോർച്ചറി കെട്ടിടത്തിനുള്ളിൽ ഫ്രീസ‍ർ മുറിയിൽ മൃതദേഹങ്ങൾക്ക് അടുത്തുവെച്ചായിരുന്നു കമിതാക്കളുടെ സ്നേഹപ്രകടനം. സമീപത്തുതന്നെ സ്ട്രച്ചറിൽ ഒരു മൃതദേഹം കിടത്തിയിരിക്കുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ് സംഘം ഷേർ സിങ് എന്ന ജീവനക്കാരനെ അറസ്റ്റ് ചെയ്തു. മോർച്ചറിയിയിൽ സ്വീപ്പറാണ് ഇയാൾ. വീഡിയോയിലുള്ള സ്ത്രീ മോർച്ചറി ജീവനക്കാരിയല്ല. ഇവരെ സംബന്ധിച്ചുള്ള വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

Latest Videos

മോർച്ചറിയിലെ മറ്റ് രണ്ട് ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു. ക്ലീനറായ പർവേന്ദ്ര എന്നയാളാണ് വീഡിയോ പകർത്തിയത്. ഡ്രൈവറായ ബാനു എന്നയാളും ഈ സമയം അടുത്തുണ്ടായിരുന്നു. നിരവധി സുരക്ഷാ വീഴ്ചകളാണ് സംഭവത്തിലൂടെ വ്യക്തമാവുന്നതെന്ന് നോയിഡ ചീഫ് മെഡിക്കൽ ഓഫീസർ പറ‌ഞ്ഞു. മോർച്ചറിയിലെ സുരക്ഷാ ജീവനക്കാരൻ എന്ത് ചെയ്യുകയായിരുന്നു എന്ന് അറിയില്ല. ഒരു ഡ്യൂട്ടി സൂപ്പർവൈസറും ഡോക്ടറും ഫാ‍മസിസ്റ്റും അവിടെ ഉണ്ടാവേണ്ടതുണ്ടായിരുന്നു. കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയമിക്കാനും കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോർച്ചറിയിൽ നിന്ന് കൂടുതൽ വീഡിയോ ക്ലിപ്പുകൾ റെക്കോർഡ് ചെയ്തിട്ടുണ്ടോ എന്നത് ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇത്രയുമൊക്കെ സംഭവിക്കുന്ന മോർച്ചറികളിൽ തെളിവ് നശിപ്പിക്കപ്പെടുന്നത് ഉൾപ്പെടെ മറ്റ് ഗുരുതരമായ കാര്യങ്ങളും സംഭവിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയും സോഷ്യൽ മീഡിയയിൽ ആളുകൾ പങ്കുവെയ്ക്കുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!