ഭാരത് ബയോടെക്കിന്‍റെ കൊവിഡ് വാക്സിന്‍: ഒന്നാം ഘട്ട പരീക്ഷണം രാജ്യത്ത് വിജയകരമെന്ന് റിപ്പോര്‍ട്ട്

By Web Team  |  First Published Aug 14, 2020, 11:30 PM IST

12 കേന്ദ്രങ്ങളില്‍ 375 പേരിലായിരുന്നു ആദ്യ ഘട്ട മനുഷ്യ പരീക്ഷണം. ആദ്യ കുത്തിവയ്പിന് ശേഷം രണ്ട് പേര്‍ക്ക് പനി കണ്ടെങ്കിലും മറ്റ് മരുന്നുകള്‍ നല്‍കാതെ തന്നെ നില മെച്ചപ്പെട്ടു.


ദില്ലി: ഭാരത് ബയോടെക്കിന്‍റെ കൊവിഡ് വാക്സിന് ഒന്നാം ഘട്ട പരീക്ഷണം രാജ്യത്ത് വിജയകരമെന്ന് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബറില്‍ രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചേക്കും. അടുത്ത കൊല്ലം പകുതിയോടെ ഭാരത് ബയോടെക്കിന്‍റെ കോവാക്സിന്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് സൂചന.

രാജ്യത്തെ കൊവിഡ് പ്രതിരോധത്തിന് പ്രതീക്ഷ നല്‍കുന്നതാണ് കൊവാക്സിന് പരീക്ഷണത്തിന്‍റെ ആദ്യ ഫല സൂചന. ഹൈദ്രാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്ക് ഐസിഎംആര്‍ സഹകരണത്തോടെയാണ് വാക്സിന്‍ പരീക്ഷണം നടത്തുന്നത്. 12 കേന്ദ്രങ്ങളില്‍ 375 പേരിലായിരുന്നു ആദ്യ ഘട്ട മനുഷ്യ പരീക്ഷണം. ദില്ലി എയിംസിലും ഹരിയാന റോത്തക്കിലെ പണ്ഡിറ്റ് ഭഗവത് ദയാല്‍ ശര്‍മ്മ പോസ്റ്റ് ഗ്രാജ്യേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും നാഗ്പൂരിലും നടത്തിയ പരീക്ഷണങ്ങള്‍ ഇതുവരെ വിജയകരമെന്നാണ് ഗവേഷണ തലവന്മാര്‍ പറയുന്നത്. വാക്സിന്‍ പരീക്ഷിച്ച ആര്‍ക്കും കാര്യമായ അസ്വസ്തതകളില്ല. ആദ്യ കുത്തിവയ്പിന് ശേഷം രണ്ട് പേര്‍ക്ക് പനി കണ്ടെങ്കിലും മറ്റ് മരുന്നുകള്‍ നല്‍കാതെ തന്നെ നില മെച്ചപ്പെട്ടു.

Latest Videos

undefined

ദില്ലി എയിംസില്‍ പതിനാറ് പേരിലും നാഗ്പൂരില്‍ 55 പേരിലുമാണ് വാക്സിന്‍ പരീക്ഷണം നടത്തിയത്. ഈമാസം അവസാനം വരെ മരുന്നു നല്‍കിയവരെ നിരീക്ഷിക്കും. മുഴുവന്‍ കേന്ദ്രങ്ങളിലെയും റിപ്പോര്‍ട്ട് ലഭിച്ചശേഷം രണ്ടാം ഘട്ട പരീക്ഷണമാരംഭിക്കാനാണ് ഭാരത് ബയോടെക്കിന്‍റെ നീക്കം. അതിനായി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി തേടും. രണ്ടാം ഘട്ടത്തില്‍ 750 പേരില്‍ പരീക്ഷണം നടത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആഹമ്മദാബിദലെ സൈഡസ് കാഡില്ലയുടെ സിഡ്കോവ് ഡി മരുന്നിന്‍റെയും ആദ്യ ഘട്ട പരീക്ഷണം പുരോഗമിക്കുകയാണ്. പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഓക്സ്ഫഡ് സർവ്വകലാശാലയുമായി ചേർന്ന് മരുന്നുല്പാദനത്തിന് ശ്രമിക്കുന്ന മറ്റൊരു കമ്പനി.

click me!