കാറുകളും ബസുകളും ഇരുചക്ര വാഹനങ്ങളും ഉൾപ്പെടെ കടന്നുപോകുമ്പോഴാണ് ഭയപ്പെടുത്തുന്ന സംഭവം ഉണ്ടായത്.
ഗുരുഗ്രാം: ദേശീയപാതയിൽ അപകടകരമായ രീതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ചെയ്ത് ജോലിക്കാർ. ഗുരുഗ്രാമിലെ ദേശീയപാത 8ലാണ് ഗുരുതരമായ സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്. റോഡിന് മുകളിലൂടെ പോകുന്ന ബിൽ ബോർഡിൽ വെൽഡിംഗ് ജോലികൾ നടന്നിരുന്നു. വെൽഡിംഗ് സമയത്തുണ്ടാകുന്ന തീപ്പൊരികൾ ഭയാനകമായ രീതിയിൽ വാഹനങ്ങളുടെ മുകളിലേയ്ക്ക് വീഴുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.
36 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ദേശീയ പാത 8ൽ അശ്രദ്ധമായാണ് ജോലിക്കാർ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നത്. കാറുകളും ബസുകളും ഇരുചക്ര വാഹനങ്ങളും ഉൾപ്പെടെ കടന്നുപോകുന്നതിനിടെയാണ് വലിയ രീതിയിൽ തീപ്പൊരികൾ റോഡിലേയ്ക്ക് വീണത്. ചില വാഹനങ്ങൾക്ക് മുകളിലേയ്ക്ക് തീപ്പൊരി വീഴുകയും മറ്റ് ചില വാഹനങ്ങൾ ഇത് കണ്ട് നിർത്തുകയും ചെയ്യുന്നതായി വീഡിയോയിൽ കാണാം.
അശ്രദ്ധമായ നിർമ്മാണ ജോലിയ്ക്ക് എതിരെ നിരവധിയാളുകളാണ് രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഗതാഗത നിയന്ത്രണമോ അഗ്നി സുരക്ഷാ മുൻകരുതലുകളോ ഇല്ലാതെയാണ് അപകടകരമായ രീതിയിൽ രണ്ട് പേർ ജോലി ചെയ്യുന്നതെന്ന് ചില ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. ഒരു ദുരന്തത്തിന് ആവശ്യമായ എല്ലാ ചേരുവകളും ഇതിൽ അടങ്ങിയിട്ടുണ്ടെന്നായിരുന്നു മറ്റൊരു ഉപയോക്താവിന്റെ പരിഹാസം കലർന്ന വിമർശനം. ക്രിമിനൽ ലെവൽ അശ്രദ്ധ എന്ന് വീഡിയോയ്ക്ക് അടിക്കുറിപ്പ് നിർദ്ദേശിച്ചവരും ഇക്കൂട്ടത്തിലുണ്ട്.
Scenes from NH-8, Gurugram.
No traffic diversion or control, no fire safety precautions, no work zone isolation — a perfect recipe for disaster!
Jis hisaab se desh mein kadam kadam par maut ka khel chalta hai, yahan zinda rehna bhi apne aap mein ek uplabdhi hi hai. pic.twitter.com/Dse8wGFq4K
ഇതിനിടെ, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ശരിയായ സുരക്ഷാ നടപടികൾ പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഇത് സോഷ്യൽ മീഡിയയിൽ വീണ്ടും വിമർശനങ്ങൾക്ക് കാരണമായി. സുരക്ഷിതമായ പ്രവർത്തനം ഇതാണെങ്കിൽ സുരക്ഷിതമല്ലാത്ത പ്രവർത്തനം എന്തായിരിക്കുമെന്ന് അത്ഭുതപ്പെടുകയാണെന്നത് ഉൾപ്പെടെ നിരവധി പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ വർഷം ആദ്യം ഗോൾഫ് കോഴ്സ് റോഡിലെ സ്പീഡ് ബ്രേക്കർ കാരണം വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമാകുന്ന വീഡിയോ പുറത്തുവന്നത് ഗുരുഗ്രാമിലെ അധികാരികൾക്ക് വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ സംഭവം ഉണ്ടായിരിക്കുന്നത്.