ഇതുവരെ സെൻസസ് നടത്തിയിട്ടില്ല, എന്ന് നടത്തുമെന്ന് അറിയിച്ചിട്ടില്ല. ബിൽ വനിതകൾക്ക് ഗുണം ചെയ്യില്ലെന്നും മോദി രാജ്യത്തെ സ്ത്രീകളെ വഞ്ചിച്ചെന്നും അവരുടെ പ്രതീക്ഷകൾ തകർത്തെന്നും കോൺഗ്രസിന്റെ ട്വീറ്റ്
ദില്ലി: സെൻസസ് നടപ്പാക്കിയാൽ മാത്രമേ വനിത സംവരണ ബിൽ നടപ്പാക്കാനാകുവെന്ന് കോൺഗ്രസ്. ഇപ്പോഴത്തെ ബിൽ മോദിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണെന്നും മോദി രാജ്യത്തെ സ്ത്രീകളെ വഞ്ചിച്ചെന്നും പ്രതീക്ഷകൾ തകർത്തെന്നും കോൺഗ്രസ് വിമർശിച്ചു. ഇതുവരെ സെൻസസ് നടത്തിയിട്ടില്ലെന്നും എന്ന് നടത്തുമെന്ന് അറിയിച്ചിട്ടില്ലെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു. നിലവിലെ വനിത ബിൽ വനിതകൾക്ക് ഗുണം ചെയ്യില്ലെന്നും കോൺഗ്രസിന്റെ ട്വീറ്റിൽ പറയുന്നു. അതേസമയം ഇന്ന് വനിത ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. നിയമമന്ത്രി അർജുൻ റാം മേഘ് വാളാണ് ബിൽ അവതരിപ്പിച്ചത്.
ബില്ലിൽ മണ്ഡല പുനർനിർണ്ണയത്തിൻറെ അടിസ്ഥാനത്തിൽ സംവരണ സീറ്റുകൾ മാറ്റി നിശ്ചയിക്കുമെന്നും പട്ടികവിഭാഗ സംവരണ സീറ്റുകളിൽ മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യുമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം ഇന്ത്യൻ ജനാധിപത്യ ചരിത്രത്തില്‍ പുതിയ അധ്യായത്തിന് തുടക്കമിട്ട് പുതിയ പാര്‍ലമെന്‍റ് മന്ദിരം തുറന്നു. പഴയ പാര്‍ലമെന്‍റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന സംയുക്ത സമ്മേളനത്തിന് ശേഷം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ എംപിമാര്‍ കാല്‍നടയായി പുതിയ മന്ദിരത്തിലേക്ക് എത്തുകയായിരുന്നു.
Also Read: വനിത ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; പട്ടിക വിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക്
പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലെ ആദ്യ സമ്മേള്ളനത്തിൽ സ്പീക്കര്‍ ഓം ബിര്‍ല ലോക്സഭ നടപടികള്‍ തുടങ്ങിയതായി പ്രഖ്യാപിച്ചു. പുതിയ പാർലമെൻ്റ് നിർമ്മാണത്തിൽ പ്രധാനമന്ത്രിയെ സ്പീക്കർ അഭിനന്ദിച്ചു. പ്രധാനമന്ത്രി തുടര്‍ന്ന് ലോക്സഭയില്‍ സംസാരിച്ചു. ചരിത്രപരമായ തീരുമാനം പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തില്‍ ഉണ്ടാകുമെന്ന് മോദി നേരത്തേ വ്യക്തമാക്കിയിരുന്നു. ആ പ്രഖ്യാപനം വനിത ബില്ല് വഴി യാഥാർത്ഥ്യമായി. വനിത സംവരണ ബില്ലിൽ നാളെ ലോക്സഭയിൽ ചർച്ച നടത്തും. പിന്നീട് അത് പാസ്സാക്കും. അതേസമയം പഴയ പാര്‍ലമെന്‍റ് മന്ദിരം ഇനി മുതൽ ഭരണഘടന മന്ദിരം എന്നറിയപ്പെടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.