'കൊറോണയെ ഇങ്ങോട്ടയച്ചത് കൃഷ്ണഭ​ഗവാൻ'; വിവാദ പ്രസ്താവനയുമായി കോൺ​ഗ്രസ് നേതാവ്; മാപ്പ് പറയണമെന്ന് ബിജെപി

By Web Team  |  First Published Jul 1, 2020, 12:49 PM IST

ഭ​ഗവാനെയും ഇന്നത്തെ ലോകത്തിലെ അസുരനായ  കൊറോണയെയും തമ്മിൽ താരതമ്യപ്പെടുത്തുകയാണ് ചെയ്തത്. അത് അപലപിക്കേണ്ട കാര്യമാണ്. ഉത്തരാഖണ്ഡിലെ ബിജെപി സ്റ്റേറ്റ് യൂണിറ്റ് വൈസ് പ്രസിഡന്റ് ​ദേവേന്ദ്ര ഭാസിൻ വ്യക്തമാക്കി.


ഉത്തരാഖണ്ഡ്: കൊറോണ വൈറസ് ലോകത്തിന് നൽകിയത് കൃഷ്ണ ഭ​ഗവാൻ ആണെന്ന ഉത്തരാഖണ്ഡിലെ കോൺ​ഗ്രസ് ഉപാധ്യക്ഷൻ‌ സൂര്യകാന്ത് ധസ്മാനയുടെ പ്രസ്താവനയ്ക്കെതിരെ സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ രൂക്ഷവിമർശനം. സൂര്യകാന്ത് മാപ്പ് പറയണമെന്നാണ് ബിജെപി നേതാക്കളുടെ ആവശ്യം. തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക ഹിന്ദി വാർത്താ ചാനലിന്റെ സംവാദത്തിൽ പങ്കെടുക്കവേയാണ് കോൺ​ഗ്രസ് നേതാവ് ഈ പരാമർശം  നടത്തിയത്. 

വളരെ വേ​ഗത്തിൽ ഈ പരാമർശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. കോൺ​ഗ്രസ് നേതാവ് സനാതന ധർമ്മത്തെ അപമാനിച്ചു എന്നാണ് മിക്കവരുടെയും പ്രതികരണം. 'കൊറോണ കൃഷ്ണ  എന്നീ വാക്കുകൾ ആരംഭിക്കുന്നത് ക എന്ന ശബ്ദത്തിൽ നിന്നാണ്. അതിനാൽ കൊറോണ വൈറസിനെ ഈ ലോകത്തേയ്ക്ക് അയച്ചത് അദ്ദേഹമാണെന്ന് വ്യക്തമാണ്.' സൂര്യകാന്ത് ധസ്മാന പറഞ്ഞു. എന്നാൽ സനാതന ധർമ്മത്തിനെതിരായോ കൃഷ്ണ ഭ​ഗവാനെതിരായോ താൻ ഒന്നും പറഞ്ഞിട്ടില്ല എന്നാണ് സൂര്യകാന്തിന്റെ വിശദീകരണം. 

Latest Videos

'എന്റെ പ്രസ്താവന പൂർണ്ണമായി ദുർവ്യാഖ്യാനം ചെയ്യപ്പെട്ടിരിക്കുകയാണ്. പ്രസ്താവന നടത്തുമ്പോൾ ഞാൻ‌ ഭ​ഗവദ് ​ഗീത ഉദ്ധരിച്ചിരുന്നു. ഭ​ഗവദ് ​ഗീതയിൽ കൃഷ്ണ ഭ​ഗവാൻ വളരെ വ്യക്തമായി പറയുന്നുണ്ട്, ലോകത്തിൻെ സ്രഷ്ടാവും സംരക്ഷകനും നശിപ്പിക്കുന്നവനും താൻ തന്നെയാന്ന്. അവന്റെ ഇഷ്ടമല്ലാതെ ലോകത്തിൽ മറ്റൊന്നും സംഭവിക്കുന്നില്ല. കൊറോണയെ ശ്രീകൃഷ്ണ ഭ​ഗവാൻ അയച്ചതാണെന്നും അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം തന്നെ വാക്സിൻ വികസിപ്പിച്ചിട്ടുണ്ടെന്നുമാണ് ഞാൻ പറഞ്ഞത്.' അദ്ദേഹം വിശദീകരിച്ചു.

ധസ്മാനയുടെ പ്രസ്താവനയിൻമേൽ കോൺ​ഗ്രസ് മാപ്പ് പറയണമെന്നാണ് ബിജെപിയുടെ ആവശ്യം. 'കോൺ​ഗ്രസ് എത്രമാത്രം മാനസിക പാപ്പരത്തം ഉള്ളവരാണ് എന്ന് ഈ പ്രസ്താവനയിൽ നിന്ന് മനസ്സിലാക്കാം. കൃഷ്ണൻ ഈ ലോകത്തിലേക്ക് വന്നത് അസുരൻമാരെ നശിപ്പിക്കാനാണ്. എന്നാൽ കൊറോണയും കൃഷ്ണനും ക യിൽ തുടങ്ങുന്നു എന്ന് പറഞ്ഞത്  വഴി, ഭ​ഗവാനെയും ഇന്നത്തെ ലോകത്തിലെ അസുരനായ  കൊറോണയെയും തമ്മിൽ താരതമ്യപ്പെടുത്തുകയാണ് ചെയ്തത്. അത് അപലപിക്കേണ്ട കാര്യമാണ്.' ഉത്തരാഖണ്ഡിലെ ബിജെപി സ്റ്റേറ്റ് യൂണിറ്റ് വൈസ് പ്രസിഡന്റ് ​ദേവേന്ദ്ര ഭാസിൻ വ്യക്തമാക്കി.

കൊറോണയും കോൺ​ഗ്രസും തമ്മിൽ താരതമ്യപ്പെടുത്തുകയായിരുന്നു കുറച്ചു കൂടി നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ വിഘ്നം സൃഷ്ടിക്കുന്നത് കോൺ​ഗ്രസാണ്. ഹിന്ദു ധർമ്മത്തെ അപമാനിക്കുകയാണ് സൂര്യകാന്ത് ചെയ്തതെന്നും മാപ്പ് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയുടെ ആരോപണങ്ങളെ പാടേ നിഷേധിക്കുകയാണ് സൂര്യകാന്ത് ധസ്മാന. താൻ ശ്രീകൃഷ്ണന്റെ കടുത്ത ഭക്തനാണ്. കഴിഞ്ഞ 25 വർഷമായി ഡെറാഡൂണിൽ ഭ​ഗവദ് ​ഗീത പാരായണം നടത്തുന്നുണ്ട്. മതത്തെ മാനിക്കാനും പിന്തുടരാനും തനിക്ക് ബിജെപിയുടെ അനുമതിപത്രം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

click me!