ദേശീയ അധ്യക്ഷനെതിരെ പരാതി; അസം യൂത്ത് കോൺഗ്രസ് പ്രസിഡന്‍റിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

By Web Team  |  First Published Apr 22, 2023, 11:30 AM IST

അങ്കിതയുടെ പരാതിയില്‍ ബിവി ശ്രീനിവാസിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കൽ.


ദില്ലി: യൂത്ത് കോൺ​ഗ്രസ് ദേശീയ പ്രസിഡന്‍റ് ബി.വി ശ്രീനിവാസിനെതിരെ പരാതി നൽകിയ അസം യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് അങ്കിത ദത്തയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി.  പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ചാണ് നടപടി.  ആറ് വർഷത്തേക്ക് ആണ്  അങ്കിതയെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്. അങ്കിതയുടെ പരാതിയില്‍ ബിവി ശ്രീനിവാസിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കൽ.

സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളുന്നയിച്ചാണ് അങ്കിത ദേശീയ പ്രസിഡന്‍റിനെതിരെ പരാതി നൽകിയിരുന്നത്. ശ്രീനിവാസ്   തന്നെ അപമാനിക്കുകയും ലിം​ഗവിവേചനത്തോടെ പെരുമാറുകയും ചെയ്തെന്നാണ് അങ്കിത ദത്തയുടെ ആരോപണം. പൊലീസിന് പുറമെ മജിസ്‌ട്രേട്ടിന് മുന്നിലും അങ്കിത മൊഴി നല്‍കി. അതിനിടെ അങ്കിതയുടെ ട്വീറ്റുകളുടെ അടിസ്ഥാനത്തില്‍ ദേശീയ വനിതാ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.  വനിതാ നേതാവിന്‍റെ ആരോപണങ്ങള്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ വലിയ വിമർശനത്തിനടയാക്കി. ഇതോടെയാണ് അങ്കിതയ്ക്കെതിരെ ദേശീയ നേതൃത്വം നടപടിയെടുത്തത്. 

Latest Videos

ഗുരുതര ആരോപണങ്ങളാണ് അങ്കിത യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെതിരെ നടത്തിയത്. റായ്പൂർ പ്ലീനറി സെഷനിൽ വെച്ച് ശ്രീനിവാസ് തന്നോട് വോഡ്ക കുടിക്കുമോ എന്ന് ചോദിച്ചുവെന്നും  താൻ ഞെട്ടിപ്പോയെന്നും അവർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. നേരത്തെ, കോൺഗ്രസ് നേതാക്കളായ രാഹുലിനെയും പ്രിയങ്ക ഗാന്ധിയെയും ടാഗ് ചെയ്‌ത് അങ്കിത വിഷയം ഉന്നയിച്ചിരുന്നു. നിരവധി തവണ പ്രശ്നം അവതരിപ്പിച്ചിട്ടും നേതൃത്വം ചെവിക്കൊണ്ടില്ലെന്നും അങ്കിത വ്യക്തമാക്കി. അസം യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയായ അങ്കിത, അസം പി.സി.സി. മുന്‍ അധ്യക്ഷനും മന്ത്രിയുമായ അഞ്ജന്‍ ദത്തയുടെ മകളുമാണ്. 

Read More : 'ലൈംഗിക ചുവയുള്ള പരാമർശം, ഭീഷണി'; യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെതിരെ പൊലീസ് കേസെടുത്തു

click me!