ജനസമ്പർക്കവുമായി രാഹുൽഗാന്ധി,സർക്കാർ വിരുദ്ധരെ ഏകോപിപ്പിക്കും,2024 ലെ പൊതു തെരഞ്ഞെടുപ്പിന് നേരിടാൻ ഒരുക്കം

By Web Team  |  First Published Aug 18, 2022, 7:50 AM IST

ആദ്യ ജനസമ്പർക്ക പരിപാടി ഈ മാസം 22 ന് ദില്ലിയിൽ ചേരും


ദില്ലി : 2024 ലെ പൊതു തെരഞ്ഞെടുപ്പിന് മുൻപ് നിർണായക നീക്കവുമായി രാഹുൽ ഗാന്ധി. സർക്കാർ വിരുദ്ധരെ ഏകോപിപ്പിക്കാൻ നീക്കം തുടങ്ങി. ജനങ്ങളിലേക്ക് നേരിട്ടെത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ജനസമ്പർക്ക പരിപാടിയുമായി സജീവമാകും.ആദ്യ ജനസമ്പർക്ക പരിപാടി ഈ മാസം 22 ന് ദില്ലിയിൽ ചേരും. ഭാരത് ജോഡോ യാത്രക്കിടയിലും ജനസമ്പർക്ക പരിപാടി തുടരാനാണ് തീരുമാനം. 2014 ലെ തെരഞ്ഞെടുപ്പിന് മുൻപ് യു പി എ സർക്കാരിനെതിരെ ബി ജെ പി നടത്തിയ നീക്കത്തിന് സമാനമായ ശ്രമം ആണ് ഇത് എന്നാണ് വിലയിരുത്തൽ. 

453 കി.മീ പദയാത്ര,19 ദിവസം; രാഹുലിന്‍റെ ഭാരത് ജോഡോ യാത്ര, ഒരുക്കുന്നത് വന്‍ സ്വീകരണം; സ്വാഗതസംഘം ഓഫീസ് തുറന്നു

Latest Videos

കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ  കേരളത്തിലെ സ്വാഗതസംഘം ഓഫീസ് തുറന്നു. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയിലെ ഗാന്ധി കൽമണ്ഡപത്തിൽ നിന്ന് തുടങ്ങുന്ന യാത്ര കശ്മീരിലാണ് അവസാനിക്കുന്നത്. രാഹുലിന്‍റെ ഭാരത് ജോഡോ യാത്ര വന്‍ വിജയമാക്കി മാറ്റാനാണ് കെപിസിസിയുടെ തീരുമാനം. അതിന് തുടക്കം കുറിച്ചാണ് സ്വാഗതസംഘം ഓഫീസ് തുറന്നിരിക്കുന്നത്. ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ 11നാണ് കേരളത്തില്‍ പ്രവേശിക്കുന്നത്.

സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന ജോഡോ യാത്ര മൂന്ന് ദിവസത്തെ പര്യടന ശേഷം സെപ്റ്റംബര്‍ 11ന് രാവിലെ കേരള അതിര്‍ത്തിയിലെത്തും. കേരള അതിര്‍ത്തിയായ കളിക്കാവിളയില്‍ വന്‍ സ്വീകരണം നല്‍കാനാണ് തീരുമാനം. രാവിലെ 7 മുതല്‍ 10 വരെയും തുടര്‍ന്ന് വൈകുന്നേരം നാല് മുതല്‍ രാത്രി ഏഴ് വരെയുമായി ഓരോ ദിവസവും 25 കി.മീറ്റര്‍ ദൂരമാണ് പദയാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്ന് പോകുന്നത്.

തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ദേശീയ പാതവഴിയും തുടര്‍ന്ന് തൃശ്ശൂര്‍ നിന്നും നിലമ്പൂര്‍ വരെ സംസ്ഥാന പാതവഴിയുമാണ് പര്യടനം. പാറശാല മുതല്‍ നിലമ്പൂര്‍ വരെ 19 ദിവസമായി 453 കി.മീറ്ററാണ് ഭാരത് യാത്ര കേരളത്തില്‍ പര്യടനം നടത്തുന്നത്. തിരുവനന്തപുരം ജില്ലയില്‍ 11,12,13,14 തീയതികളില്‍  പര്യടനം നടത്തി 14ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കും. 15,16 തീയതികളില്‍ കൊല്ലം ജില്ലയിലൂടെ കടന്ന് പോകുന്ന യാത്ര 17,18,19,20 തീയതികളില്‍ ആലപ്പുഴയിലും 21,22ന് എറണാകുളം ജില്ലയിലും 23,24,25 തീയതികളില്‍ തൃശൂര്‍ ജില്ലയിലും 26നും 27ന് ഉച്ചവരെ പാലക്കാടും പര്യടനം പൂര്‍ത്തിയാക്കും. 27ന് ഉച്ചയ്ക്ക് ശേഷം മലപ്പുറം ജില്ലയില്‍ പ്രവേശിക്കും.

28,29നും മലപ്പുറം ജില്ലയിലൂടെ കടന്ന്   കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി കര്‍ണ്ണാടകത്തിലേക്ക് പ്രവേശിക്കും.മൂന്നൂറ് സ്ഥിരാംഗങ്ങളാണ് യാത്രയെ അനുഗമിക്കുന്നത്. എഐസിസി നിശ്ചയിക്കുന്ന 100 സ്ഥിരാംഗങ്ങള്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 148 ദിവസങ്ങളായി 3571 കി.മീറ്റര്‍ രാഹുല്‍ ഗാന്ധിയോടൊപ്പം പദയാത്രയില്‍ അണിചേരും. ജോഡോ യാത്ര കടന്ന് പോകുന്ന ഓരോ സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്ന 100 അംഗങ്ങള്‍ അതാത് സംസ്ഥാനങ്ങളില്‍ ആദ്യാവസാനം വരെ പദയാത്രയുടെ ഭാഗമാകും.

ഭാരത് ജോഡോ യാത്ര കടന്ന് പോകാത്ത സംസ്ഥാനങ്ങളില്‍ നിന്നും പദയാത്രയില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ 100 അംഗങ്ങളെയും ഉള്‍പ്പെടുത്തും. ജോഡോയാത്ര കടന്ന് പോകുന്ന വിവിധ ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനും ക്രമീകരണങ്ങള്‍ വരുത്തുന്നതിനുമായി വിവിധ കമ്മിറ്റികള്‍ക്കും കെപിസിസി രൂപം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ പാറശാല, നെയ്യാറ്റിന്‍കര, ബാലരാമപുരം, നേമം, തിരുവനന്തപുരം സിറ്റി, കഴക്കൂട്ടം, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, ഇരവിപുരം, കൊല്ലം, ചവറ, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, അരൂര്‍, ഇടപ്പള്ളി, കൊച്ചി, ആലുവ, അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഒല്ലൂര്‍, തൃശ്ശൂര്‍, വടക്കാഞ്ചേരി, വള്ളത്തോള്‍ നഗര്‍, ഷൊര്‍ണ്ണൂര്‍, പട്ടാമ്പി, പെരുന്തല്‍മണ്ണ, വണ്ടൂര്‍, നിലമ്പൂര്‍ തുടങ്ങി 43 അസംബ്ലി നിയോജക മണ്ഡലങ്ങളിലും 12 ലോക്‌സഭാ മണ്ഡലങ്ങളിലും ഭാരത് ജോഡോയാത്ര കടന്നുപോകും. 

click me!