chintan shivir :ചിന്തന്‍ ശിബിരം കോണ്‍ഗ്രസിനെ രക്ഷിക്കുമോ?

By Binuraj S  |  First Published May 10, 2022, 7:43 PM IST

chintan shivir അഞ്ച് സംസ്ഥാനങ്ങളിലെ ദയനീയ തോല്‍വി കോണ്‍ഗ്രസിനുണ്ടാക്കിയ ക്ഷീണം വാക്കുകളില്‍ വര്‍ണ്ണിക്കാനാവില്ല. ദേശീയ തലത്തില്‍ ഓരോ ദിനവും പാര്‍ട്ടി ചുരുങ്ങി ചുരുങ്ങി വരുന്നു


ഞ്ച് സംസ്ഥാനങ്ങളിലെ ദയനീയ തോല്‍വി കോണ്‍ഗ്രസിനുണ്ടാക്കിയ ക്ഷീണം വാക്കുകളില്‍ വര്‍ണ്ണിക്കാനാവില്ല. ദേശീയ തലത്തില്‍ ഓരോ ദിനവും പാര്‍ട്ടി ചുരുങ്ങി ചുരുങ്ങി വരുന്നു.തെരഞ്ഞെടുപ്പെന്ന അഗ്നിപരീക്ഷയില്‍ വെന്തുരുകി തീരുന്നു. പാര്‍ട്ടിയെ രക്ഷിക്കാന്‍ ആര്‍ക്ക് കഴിയും?. നെഹ്റു കുംടുംബത്തോട് അയ്യോ അച്ഛാ പോകല്ലേയെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നേതാക്കള്‍ക്കും നിശ്ചയമില്ല. വിമതരെന്ന് പേരു ദോഷം കേട്ട ഗ്രൂപ്പ് 23 നേതാക്കള്‍ പതിവില്‍ നിന്ന് വിരുദ്ധമായി  ഇക്കുറി നിലപാട് കടുപ്പിച്ചു. നേതൃത്വം എന്തെങ്കിലും ചെയ്തേ മതിയാവൂയെന്ന് നേതാക്കള്‍ തറപ്പിച്ചു പറഞ്ഞു. പരസ്യമായി പലകുറി യോഗം ചേര്‍ന്നു.  പതിവ് നിസംഗത ഇനി തുടരനാവില്ലെന്ന് സോണിയ ഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞു.

രാഹുല്‍ഗാന്ധിയുടെ സ്ഥിരതയില്ലായ്മയേയും കുറ്റപ്പെടുത്തി.  നേതൃമാറ്റം എന്ന ആവശ്യത്തോട് മുഖം തിരിഞ്ഞു നിന്ന നേതാക്കള്‍ക്കും സ്തുതിപാഠകര്‍ക്കും കാര്യങ്ങള്‍ അത്ര പന്തിയാവല്ലെന്ന് തോന്നി. തെരഞ്ഞെടുപ്പ് തോല്‍വിക്ക് തൊട്ടുപിന്നാലെ ചേര്‍ന്ന പ്രവര്‍ത്തക സമിതി ( അതും ഒരു പുതുമയായിരുന്നു.  തെരഞ്ഞെടുപ്പ്  ഫലം വന്ന് എപ്പോഴെങ്കിലുമായിരുന്നു തോല്‍വി പഠിക്കാന്‍ പ്രവര്‍ത്തക സമിതി ചേരാറുണ്ടായിരുന്നത്) ആ തീരുമാനത്തിലേക്ക് എത്തി. ആശയം സോണിയ ഗാന്ധി തന്നെയാണ് മുന്‍പോട്ട് വച്ചത്. രക്ഷപ്പെടാന്‍ വഴികളാലോചിക്കുന്നതിനായി ഒരു ചിന്തന്‍ ശിബിരം.

Latest Videos

undefined

ചിന്തന്‍ ശിബിരം പുതുമയല്ല

1998ല്‍ പാര്‍ട്ടി പ്രതിപക്ഷത്തിരുന്ന കാലത്ത് ആദ്യ ചിന്തന്‍ ശിബിരം മധ്യപ്രദേശിലെ പച്ച്മഡിയില്‍ ചേര്‍ന്നു. കൂടുതല്‍ കരുത്ത് നേടി ഒറ്റക്ക്  മുന്‍പോട്ട് പോകണമെന്ന സന്ദേശം നല്‍കിയാണ് പച്ച്മഡി ശിബിരം പിരിഞ്ഞത്. പിന്നീട് 2003ല്‍ ഷിംലയില്‍ ചേര്‍ന്നു അടുത്ത ചിന്തന്‍ ശിബിരം.കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിന് കളമൊരുങ്ങാന്‍ ആ വേദി ഏറെ ഉപകരിച്ചുവെന്നാണ് പാര്‍ട്ടി വിലയിരുത്തിയത്. 2013ല്‍ രാജസ്ഥാനിലെ ജയ്പൂരില്‍ മൂന്നാമത് ചിന്തന്‍ ശിബിരം. സമാന മനസ്കരുമായി ചേര്‍ന്ന്  മുന്നേറണമെന്നായിരുന്നു പ്രധാന നിര്‍ദ്ദേശം. നിര്‍ഭയ സംഭവത്തിന് പിന്നാലെ നടന്ന ശിബിരം സ്ത്രീസംരക്ഷകരായി പാര്‍ട്ടി പ്രവര്‍ത്തകര്‍ മാറണമെന്ന് ആഹ്വാനം ചെയ്തു. 

പിന്നാക്കവിഭാഗക്കാരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ കൂടുതല്‍ ഊര്ജ്ജസ്വലമാകണമെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ 2014ലെ തെരഞ്ഞെടുപ്പില്‍  ശിബിരം ഗുണം ചെയ്തില്ല. പിന്നീട് ഇങ്ങോട്ട് അധികാരത്തില്‍ നിന്ന് മാറി നിന്ന ഇക്കാലയളവിലൊന്നും ആത്മപരിശോധനക്കോ, സ്വയം നവീകരണത്തിനോ നേതൃത്വം തയ്യാറായതുമില്ല. അധ്യക്ഷ സ്ഥാനം രാഹുല്‍ഗാന്ധി ഒഴിഞ്ഞു. മൂന്ന് വര്‍ഷമായി  ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തുടരുന്നു . കാല്‍ചുവട്ടിലെ മണ്ണ് ഏതാണ്ട് പൂര്‍ണ്ണമായും ഒലിച്ചുപോയെന്ന തിരിച്ചറിവാണ് വീണ്ടും ചിന്തന്‍ ശിബിരത്തിലേക്ക് കൊണ്‍ഗ്രസിനെ നയിച്ചത്.

ഉദയ് പൂര്‍  ചിന്തന്‍ ശിബിരം മൃത സഞ്ജീവനിയാകുമോ?

പാര്‍ട്ടി ഭരിക്കുന്ന രാജസ്ഥാനിലെ ഉദയ് പൂരാണ് നാലാമത് ചിന്തന്‍ ശിബിരത്തിന് വേദിയാവുന്നത്. 13 മുതല്‍ 15വരെ കൂലങ്കുഷമായ ചര്‍ച്ചകള്‍ക്ക് ഉദയ്പൂരിലെ താജ് ആരവല്ലി ഹോട്ടല്‍ വേദിയാകും.രാഷ്ട്രീയം, സംഘടന, സാമ്പത്തികം, യുവജനക്ഷേമം, സാമൂഹിക നീതി, കാര്‍ഷിക മേഖല ഇങ്ങനെ ആറ് വിഭാഗങ്ങളിലായി ആറ് സമിതികള്‍. എങ്ങനെ രക്ഷപ്പെടാമെന്ന് ഈ സമിതികള്‍ നിര്‍ദ്ദേശിക്കും. സമിതികളുടെ നിര്‍ദ്ദേശങ്ങളില്‍ ഒരു പ്രാഥമിക അജണ്ട കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രവര്‍ത്തക സമിതി തയ്യാറാക്കി കഴിഞ്ഞു. ഇതിനെ അധികരിച്ചാവും മൂന്ന് ദിവസത്തെ ചിന്തന്‍ ശിബരത്തില്‍ വിശാല ചര്‍ച്ചകള്‍ നടക്കുക. ഉരുത്തിരിയുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് പ്രവര്‍ത്തക സമിതി അംഗീകാരം വേണം. പ്രവര്‍ത്തക സമിതിയുടെ അംഗീകാരത്തോടെ നിര്‍ദ്ദേശങ്ങള്‍ ഉദയ് പൂര്‍ പ്രഖ്യാപനമായി മാറും. അതാകും പാര്‍ട്ടിയുടെ തുടര്‍ന്നങ്ങോട്ടുള്ള സഞ്ജീവനി.

സമൂലമാറ്റമാണ് ഇതിനോടകം സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുടെ കാതല്‍.  ഒരാള്‍ക്ക് ഒരു പദവി, ഒരു വീട്ടില്‍ നിന്ന് ഒരാള്‍ക്ക് മാത്രം ടിക്കറ്റ്, പെട്ടിപിടുത്തക്കാര്‍ക്ക് മാത്രം പരിഗണനയെന്ന പരാതി മാറ്റണം, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സംസ്ഥാന ഘടകങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണം അങ്ങനെ പോകുന്നു നിര്‍ദ്ദേശങ്ങള്‍. വൃദ്ധ മന്ദിരം എന്ന പാര്‍ട്ടിയുടെ പേര് ദോഷം മാറ്റാന്‍ യുവാക്കള്‍ക്ക് എല്ലാ തലങ്ങളിലും പദവിയും പ്രാതിനിധ്യവും വേണമെന്നും ആവശ്യമുണ്ട്. നെഹ്റു കുടംബം നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറല്ലെങ്കില്‍ പകരം സംവിധാനത്തെ കുറിച്ച് ആലോചിക്കണമെന്ന് മധ്യപ്രദേശില്‍ നിന്നടക്കം നിര്‍ദ്ദേശങ്ങള്‍ വന്നിട്ടുണ്ട്. ഏത് തള്ളും, ഏത് കൊള്ളും എന്നതാകും ചിന്തന്‍ ശിബിരത്തെ പ്രസക്തമാക്കുക. 

മധ്യപ്രദേശും, രാജസ്ഥാനും പിന്നെ രണ്ടായിരത്തി ഇരുപത്തിനാലും

ഈ വര്‍ഷം ഗുജറാത്തിലും,കശ്മീരിലുമൊക്കെ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ടെങ്കിലും അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശും രാജസ്ഥാനുമാണ് കോണ്‍ഗ്രസിന് നിര്‍ണ്ണായകം. 2024 തെരഞ്ഞെടുപ്പോടെ ഭാവിയെന്തെന്നും വ്യക്തമാകും. ഈ തെരഞ്ഞെടുപ്പുകള്‍ നേരിടാനുള്ള തന്ത്രങ്ങളും വഴികളും ഉദയ് പൂരില്‍ തെളിയുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിശ്വാസം. നഷ്ടപ്രതാപം വീണ്ടെടുക്കാന്‍, പഴയ വോട്ട് ബാങ്കുകളെ ഒപ്പം നിര്‍ത്താന്‍ ചെറിയ പ്രയത്നം പോരായെന്ന്   ചുരുക്കം. മാറിയ കാലത്തെ നേരിടാന്‍ ഏത് തന്ത്രം എങ്ങനെ പ്രയോഗിക്കുമെന്നതാണ് പ്രധാനം. ബിജെപിയെ ചെറുക്കാന്‍  ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്തിമാത്രം മുന്‍പോട്ട് പോയാല്‍ മതിയോ?  ഹിന്ദുത്വ പ്രീണനം ആയുധമാക്കുമോ? അവസാന ആയുധമായി ദേശീയതയെ കൂട്ട് പിടിക്കുമോ? ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് ചിന്തന്‍ ശിബിരത്തിന് മുന്നില്‍ ഉയരുന്നത്. 

click me!