മണിരത്നത്തിന്‍റെ 'ഗുരു'വും പാര്‍ലമെന്‍റിലെ പ്രധാനമന്ത്രിയുടെ 'ജാക്കറ്റും' പിന്നെ സെന്തില്‍ ശങ്കറെന്ന സംരംഭകനും

By Web Team  |  First Published Feb 12, 2023, 11:37 AM IST

നന്ദി പ്രമേയത്തിന് മറുപടി പറയാനെത്തിയ പ്രധാനമന്ത്രി ധരിച്ച നീല നിറമുള്ള ജാക്കറ്റ് നിര്‍മ്മിച്ചത് 34 കാരനായ ഈ സംരംഭകന്‍റെ സ്ഥാപനമാണ്. പാര്‍ലമെന്‍റിലെ പ്രതിഷേധങ്ങള്‍ക്കൊപ്പം തന്നെ പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ച ഈ ജാക്കറ്റും ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായി


ചെന്നൈ: മണി രത്നം സംവിധാനം ചെയ്ത ഗുരു എന്ന ചിത്രവും രാഷ്ട്രപതിയുടെ നന്ദി പ്രമേയത്തിന് മറുപടി പറയാനായി വന്ന പ്രധാനമന്ത്രി ധരിച്ചിരുന്ന ജാക്കറ്റും തമ്മില്‍ ഒരു ബന്ധമുണ്ട്. മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് പഠനം കഴിഞ്ഞ് നാട്ടുനടപ്പ് പോലെ കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ ജോലിക്ക് കയറിയ ഒരു യുവാവിനെ സംരംഭകനാക്കിയ ചിത്രമായിരുന്നു മണി രത്നത്തിന്‍റെ ഗുരു. നന്ദി പ്രമേയത്തിന് മറുപടി പറയാനെത്തിയ പ്രധാനമന്ത്രി ധരിച്ച നീല നിറമുള്ള ജാക്കറ്റ് നിര്‍മ്മിച്ചത് 34 കാരനായ ഈ സംരംഭകന്‍റെ സ്ഥാപനമാണ്. പാര്‍ലമെന്‍റിലെ പ്രതിഷേധങ്ങള്‍ക്കൊപ്പം തന്നെ പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ച ഈ ജാക്കറ്റും ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു.

ബജറ്റ് സമ്മേളനത്തിൽ രാഷ്ട്രപതിയുടെ നന്ദി പ്രമേയത്തിന് മറുപടി പറയാൻ എത്തിയ പ്രധാനമന്ത്രിയുടെ ജാക്കറ്റ് വൈറലായതിന് പിന്നാലെ ചെന്നൈയിലെ സ്വദേശിയായ സെന്തില്‍ ശങ്കറിന്‍റെ ഫോണിന് വിശ്രമം ഉണ്ടായിട്ടില്ല. കാരണം എന്താണെന്നോ കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് സംരംഭകനായി മാറിയ സെന്തിലിന്‍റെ ഫാക്ടറിയിലാണ് മോദിയുടെ ജാക്കറ്റ് നിര്‍മ്മിച്ചത്.  തമിഴ്നാട്ടിലെ വസ്ത്ര നിര്‍മ്മാണ മേഖലയിലെ തലസ്ഥാനമെന്ന് തന്നെ വിശേഷിപ്പിക്കപ്പെടുന്ന കരൂരിലെ ഫാക്ടറിയില്‍  റീസൈക്കിൾ  ചെയ്ത പ്ലാസ്റ്റിക് കുപ്പികളിൽ നിന്നാണ് പ്രധാനമന്ത്രി ധരിച്ച ഇളം നീല സ്ലീവ് ലെസ് ജാക്കറ്റ്. ഫെബ്രുവരി 6ന് ബെംഗളൂരുവിൽ നടന്ന ഇന്ത്യ എനർജി വീക്കിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്രധാനമന്ത്രിക്ക് സമ്മാനിച്ചതാണ് ഈ ജാക്കറ്റ്. റീസൈക്കിൾ ചെയ്ത പോളിയെത്തിലീൻ ടെറഫ്താലേറ്റ് കുപ്പികളിൽ നിന്നാണ് നീല ജാക്കറ്റ് നിർമ്മിച്ചത്.

Latest Videos

undefined

ശ്രീ രംഗ പോളിമര്‍ ആന്‍ഡ് എക്കോലൈന്‍ ക്ലോത്തിംഗിന്‍റെ മാനേജിംഗ് പാര്‍ട്നറായ 34കാരന്‍ സെന്തിലിന് ലഭിക്കുന്ന പ്രതികരണങ്ങളിലുള്ള സന്തോഷം കൊണ്ട് സംസാരിക്കാന്‍ പോലുമാവാത്ത സ്ഥിതിയാണ് നിലവിലുള്ളത്. 20 മുതല്‍ 28 വരെ പിഇടി ബോട്ടിലുകള്‍ ഉപയോഗിച്ചാണ് പ്രധാനമന്ത്രി ധരിച്ച നീല ജാക്കറ്റ് തയ്യാറാക്കിയത്. രണ്ടായിരം രൂപയ്ക്കാണ് റീട്ടെയ്ലുകാര്‍ക്കായി ജാക്കറ്റ് നല്‍കുന്ന വിലയെന്നും സെന്തില്‍ ശങ്കര്‍ വിശദമാക്കുന്നു. സുസ്ഥിരതയിലൂന്നിയുള്ള ഫാഷന്‍ പാശ്ചാത്യ രാജ്യങ്ങളില്‍ വ്യാപകമായിട്ടുള്ള രീതിയാണ്. ഇന്ത്യന്‍ വിപണിയിലേക്ക് ഈ രീതി പ്രാവര്‍ത്തികമായി വരുന്നതേ ഒള്ളുവെന്നും സെന്തില്‍ പറയുന്നു. നിരവധി സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഒപ്പം നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സെന്തില്‍ പറയുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, സെന്‍റ് ഗോബെയിന്‍, സോഹോ പോലുള്ള സ്ഥാപനങ്ങളും തങ്ങളുടെ ഉപഭോക്താക്കളാണെന്ന് വളരെ അഭിമാനത്തോടെയാണ് സെന്തില്‍ വിശദമാക്കുന്നത്.

2007ല്‍ ഗുരു എന്ന സിനിമ കണ്ടതാണ് തൊഴിലാളി എന്ന നിലയില്‍ നിന്ന് സംരംഭകന്‍ എന്ന നിലയിലേക്കുള്ള തന്‍റെ മാറ്റത്തിന് കാരണമായതെന്നും സെന്തില്‍ ശങ്കര്‍ പറയുന്നു. കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് കഴിഞ്ഞ വര്‍ഷം നല്‍കിയ കോട്ടാണ് അക്ഷരാര്‍ത്ഥത്തില്‍ കരൂര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സെന്തിലിന്‍റെ സ്ഥാപനത്തിന്‍റെ തലവര മാറ്റിയതെന്ന് പറയാം. മന്ത്രിക്ക് നല്‍കിയ കോട്ട് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സമാനമായ ഒരു കോട്ട് പ്രധാനമന്ത്രിക്ക് നല്‍കാനായി നിര്‍മ്മിക്കണമെന്ന് ഐഒസിഎല്‍ ആവശ്യപ്പെടുകയായിരുന്നു. അനുമതി ലഭ്യമായ ശേഷം ഒന്‍പത് നിറങ്ങളാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് സെന്തില്‍ നല്‍കിയത്. ഇതില്‍ നീല നിറമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് തെരഞ്ഞെടുത്തത്.

മൂന്ന് മുതല്‍ നാല് മാസത്തെ പ്രയത്നത്തിലാണ് കോട്ടിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായത്. ഐഒസിഎല്‍ ചെയര്‍മാന്‍ എസ് എം വൈദ്യയാണ് കോട്ട് പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. രാജ്യത്തുടനീളമുള്ള പെട്രോള്‍ പമ്പുകളിലെ ജീവനക്കാര്‍ക്ക് പുനരുപയോഗിച്ച പ്ലാസ്റ്റിക്കില്‍ നിന്നുള്ള യൂണിഫോമുകള്‍ വിതരണം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായി ആയിരുന്നു ഇത്. സെന്തിലിന്‍റെ പിതാവും 65കാരനുമായ കെ ശങ്കര്‍ 2008ലാണ് റീസൈക്കിള്‍ പോളിമര്‍ ഉല്‍പന്നങ്ങള്‍ക്കായുള്ള ആശയവുമായി ശ്രീ രംഗ പോളിമേഴ്സ് സ്ഥാപിക്കുന്നത്. ഐഐടിയിലെ പഠനവും സാങ്കേതിക വിദ്യയിലുള്ള താല്‍പര്യവുമായിരുന്നു ശങ്കറിന്‍റെ ആശയത്തിന് ഊര്‍ജ്ജമായത്.

പിഇടി ബോട്ടിലുകളെ പുനരുപയോഗിക്കാന്‍ ആരംഭിക്കുകയായിരുന്നു ശ്രീ രംഗ ചെയ്തത്. 15 വര്‍ഷത്തെ പരിശ്രമത്തിന് ശേഷമാണ് വ്യവസായം പോളിസ്റ്റര്‍ ഫൈബറിലേക്ക് എത്തിയത്. പ്ലാസ്റ്റിക്ക് നൂലുകളുടെ നിര്‍മ്മാണത്തിലേക്ക് എത്താന്‍ ശ്രീ രംഗയ്ക്ക് 2018 വരെ കാത്തിരിക്കേണ്ടി വന്നുവെന്നും സെന്തില്‍ പറയുന്നു. നിലവില്‍ 400 തൊഴിലാളികളാണ് ശ്രീ രംഗയില്‍ ജോലി ചെയ്യുന്നത്. 2011 ല്‍ സംരംഭകനാവുന്നതിന് മുന്‍പ് കോര്‍പ്പറേറ്റ് കമ്പനിയിലെ തൊഴിലാളിയായിരുന്നു സെന്തില്‍. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് പഠനം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു കോര്‍പ്പറേറ്റ് രംഗത്തേക്ക് സെന്തിലെത്തിയത്. 

'നെഹ്റുവിന്റെ പേര് എന്തുകൊണ്ട് സർ നെയിമായി ഉപയോ​ഗിക്കുന്നില്ല, എന്താണ് നാണക്കേട്'; ചോദ്യവുമായി പ്രധാനമന്ത്രി

click me!