മദ്യലഹരിയിൽ വീടിന്റെ രണ്ടാം നിലയിൽ നിന്ന് ചാടി, മതിലിലെ ഇരുമ്പ് കമ്പി ദേഹത്ത് കയറി പൊലീസുകാരന് ദാരുണാന്ത്യം

By Asianet Malayalam  |  First Published Dec 22, 2024, 3:00 PM IST

മദ്യപിച്ച് വീട്ടിലെത്തി സഹോദരന്റെ വീട്ടിലെ സാധനങ്ങൾ മുഴുവൻ തല്ലിതകർത്ത ശേഷം മതിൽ ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പൊലീസുകാരന്റെ ദാരുണാന്ത്യം


ചെന്നൈ: മദ്യലഹരിയിൽ രണ്ടാം നിലയിൽ നിന്ന് ചാടിയ പൊലീസുകാരൻ വീണത് മതിലിൽ സ്ഥാപിച്ച ഇരുമ്പ് കമ്പികളിലേക്ക്. പുറത്തും സ്വകാര്യ ഭാഗത്തും അടക്കം കമ്പി തുളച്ച് കയറിയ 30കാരന് ദാരുണാന്ത്യം. ചെന്നൈയിലെ കെ കെ നഗറിലാണ് സംഭവം. സെൽവകുമാർ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വെള്ളിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. തമിഴ്നാട് വൈദ്യുതി വകുപ്പിലെ എൻജിനീയറായ സഹോദരനും  ചെങ്കൽപേട്ടിലെ വനിതാ കോടതിയിലെ ജഡ്ജുമായ സഹോദര ഭാര്യയ്ക്കും ഒപ്പമായിരുന്നു സെൽവകുമാർ താമസിച്ചിരുന്നത്. 

വെള്ളിയാഴ്ച രാത്രി 9.30ഓടെ ഇയാൾ മദ്യപിച്ച് വീട്ടിലെത്തി സഹോദരനുമായി തർക്കത്തിലായി. വാക്കേറ്റത്തിനിടെ സഹോദരനേയും സഹോദര ഭാര്യയേയും മുറിയിൽ പൂട്ടിയിട്ട ശേഷം ഇയാൾ വീട്ടിലെ സാധനങ്ങൾ എല്ലാം അടിച്ച് തകർത്തു. പിന്നാലെ ടെറസിലെത്തിയ ടെറസിലുണ്ടായിരുന്ന വസ്തുക്കളും തകർത്തു. മുറിയിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാതിരുന്ന സഹോദരൻ ഇതോടെ പൊലീസിലും അയൽക്കാരേയും സഹായത്തിന് വിളിച്ചു. 

Latest Videos

undefined

വീട്ടിലേക്ക് എത്തിയ ആളുകൾ വാതിൽ തുറക്കാൻ ശ്രമിക്കുകയും പൊലീസുകാരനോട് താഴേയ്ക്ക് ഇറങ്ങി വരാനും ആവശ്യപ്പെട്ടു. പൊലീസ് കൂടി സ്ഥലത്തേക്ക് എത്തുന്നുണ്ടെന്ന് മനസിലായ പൊലീസുകാരൻ വീടിന്റെ രണ്ടാം നിലയിലെ പാരപ്പെറ്റിൽ നിന്ന് താഴേയ്ക്ക് ചാടുകയായിരുന്നു. എന്നാൽ ഗേറ്റിന് പുറത്തേക്ക് ചാടിയ 30കാരൻ വീണത് മതിലിൽ വച്ചിരുന്ന ഇരുമ്പ് കമ്പികളിലേക്കായിരുന്നു. സ്വകാര്യ ഭാഗത്ത് അടക്കം ഇരുമ്പ് കമ്പി കുത്തിക്കയറി ഗുരുതര പരിക്കേറ്റ പൊലീസുകാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെകെ നഗറിൽ തന്നെയുള്ള ഇഎസ്ഐ ആശുപത്രിയിലാണ് പൊലീസുകാരനെ എത്തിച്ചത്. നാല് സഹോദരന്മാരിൽ നാലാമനാണ് സെൽവകുമാർ. ഇയാളുടെ മറ്റ് രണ്ട് സഹോദരന്മാർ വില്ലുപുരത്ത് കർഷകരാണ്. 

ചെന്നൈയിലെ സെമ്പിയം പൊലീസ് സ്റ്റേഷനിലെ ലോ ആൻഡ് ഓർഡർ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് മദ്യ ലഹരിയിൽ കൊല്ലപ്പെട്ടത്. പാരപ്പെറ്റിൽ നിന്ന് രണ്ട് അടി മാത്രമുള്ള മതിൽ ചാടിക്കടക്കാമെന്ന ധാരണയാണ് ഇയാൾ താഴേയ്ക്ക് ചാടിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!