359 മീറ്റർ ഉയരവും 1315 കിലോമീറ്റർ നീളവുമുള്ള പാലം. ഭൂകമ്പത്തെ അതിജീവിക്കാനുള്ള കരുത്ത്. പാരിസിലെ ഈഫർ ടവറിനേക്കാൾ 35 മീറ്റർ ഉയരം കൂടുതലുണ്ട് ഈ പാലത്തിന്.
ശ്രീനഗർ: പരീക്ഷണ ഓട്ടവും പൂര്‍ത്തിയായതോടെ, ജമ്മു കശ്മീരിലെ ചെനാബ് റെയിൽ പാലത്തിലൂടെയുള്ള സര്‍വീസ് ഉടൻ ആരംഭിക്കാനുള്ള നീക്കത്തിലാണ് റെയില്‍വേ. ഇരു കരകളെ ബന്ധിപ്പിക്കുന്ന ഒരു പാലം എന്നതിനപ്പുറം, കശ്മീരിന്‍റെ സാമൂഹിക, വികസന സാധ്യതകളെ ആഴത്തിൽ സ്വാധീനിക്കാൻ പോകുന്ന പുതിയ പാതയാണ് ചെനാബ് ബ്രിഡ്ജ്.
359 മീറ്റർ ഉയരവും 1315 കിലോമീറ്റർ നീളവുമുള്ള പാലം. നിർമാണത്തിന് 28,860 മെട്രിക് ടണ്‍ ഉരുക്ക് ഉപയോഗിച്ചു. ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലമാണിത്. പാരിസിലെ ഈഫർ ടവറിനേക്കാൾ 35 മീറ്റർ ഉയരം കൂടുതലുണ്ട് ഈ പാലത്തിന്. ഭൂകമ്പത്തെ അതിജീവിക്കാനുള്ള കരുത്തും പാലത്തിനുണ്ടെന്ന് റെയിൽവേ അവകാശപ്പെടുന്നു. ബാരാമുള്ളയെയും ശ്രീനഗറിനെയും ജമ്മുവുമായി ബന്ധിപ്പിക്കുന്ന ഈ വമ്പൻ റെയിൽവേ പാലം കേവലമൊരു യാത്രാ മാർഗ്ഗമല്ല. ചെനാബ് ബ്രിഡ്ജിന് കശ്മീരിന്‍റെ സാമൂഹ്യ സാമ്പത്തിക ടൂറിസം മേഖലയിലും ഇന്ത്യൻ സൈനിക രാഷ്ട്രീയ മേഖലയിലും സുപ്രധാന പങ്ക് വഹിക്കാനുണ്ട്.
ചെനാബ് ബ്രിഡ്ജ് നിൽക്കുന്ന സ്ഥലം ഇപ്പോള്‍ തന്നെ സഞ്ചാരികളുടെ പ്രിയ സ്പോട്ടായി മാറിക്കഴിഞ്ഞു. റേസി ജില്ലയിൽ ഇനി സഞ്ചാരികളുടെ തിരക്കേറും. ആപ്പിൾ, കരകൌശല ഉത്പന്നങ്ങള്‍ തുടങ്ങിയ പ്രദേശിക ഉത്പന്നങ്ങളുടെ ചരക്കുനീക്കം എളുപ്പമാക്കാൻ പുതിയ പാത വഴിയൊരുക്കും. ശൈത്യ കാലത്ത് ഏറെ വളവുകളും തിരിവുകളുമുള്ള ശ്രീനഗർ - ജമ്മു ഹൈവേ അടച്ചിടാറുണ്ട്. പുതിയ റെയിൽ കണക്റ്റിവിറ്റി യാത്ര ശൈത്യ കാലത്തും സുഗമമാക്കും. ചെനാബ് ബ്രിഡ്ജ് 73 ജില്ലകളിലേക്ക് പുതിയ വാതിൽ തുറക്കുകയാണ്. നേരത്തെ കാൽനടയായോ ബോട്ടുകളിലോ മാത്രം എത്തിച്ചേരാൻ കഴിയുന്ന സ്ഥലങ്ങളായിരുന്നു ഇവയിൽ മിക്കവയും.
ഇന്ത്യൻ സൈന്യത്തിനും ചെനാബ് ബ്രിഡ്ജ് മുതൽക്കൂട്ടാവും. ആളും ആയുധവും എത്തിക്കാൻ ഈ പാലം പ്രധാന മാർഗമാവും. പാതയുടെ ട്രയൽ റണ്‍ കഴിഞ്ഞ ദിവസം റെയിൽവേ പൂർത്തിയാക്കിയിരുന്നു. ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിട്ടാണ് ഇന്ത്യന്‍ റെയില്‍വേ ചെനാബ് റെയില്‍വേ പാലത്തിനെ വിശേഷിപ്പിക്കുന്നത്. നോര്‍ത്തേണ്‍ റെയില്‍വേ ഡിവിഷന്‍റെ കീഴിലാണ് പാലത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
2022 ഓടെ പാലത്തിന്‍റെ പണികള്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല. ഈ വര്‍ഷാവസാനത്തോടെ പദ്ധതിയുടെ ഉദ്ഘാടനം നടത്താൻ ആകുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍. ഉധംപൂർ - ശ്രീനഗർ - ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയുടെ ഭാഗമായിട്ടാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്.