ചന്ദ്രനെ തൊട്ട് ചന്ദ്രയാൻ; ദേശീയപതാക വീശി ആഹ്ലാദം പങ്കിട്ട് പ്രധാനമന്ത്രി

By Web Team  |  First Published Aug 23, 2023, 6:20 PM IST
ചന്ദ്രയാൻ മിഷൻ വിജയത്തോടടുക്കുന്ന സമയം ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ നിന്ന് ഐഎസ്ആർഓയ്ക്കൊപ്പം ചേർന്ന പ്രധാനമന്ത്രി,വിജയ നിമിഷം കയ്യിലുള്ള ദേശീയ പതാക വീശിയാണ് ആഘോഷമാക്കിയത്.  

ദില്ലി:  ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രനെ തൊട്ട ചരിത്ര നിമിഷത്തിൽ ദേശീയപതാക വീശി ആഹ്ലാദം പങ്കുവച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാൻ മിഷൻ വിജയത്തോടടുക്കുന്ന സമയം ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ നിന്ന് ഐഎസ്ആർഓയ്ക്കൊപ്പം ചേർന്ന പ്രധാനമന്ത്രി, വിജയ നിമിഷം കയ്യിലുള്ള ദേശീയ പതാക വീശിയാണ് ആഘോഷമാക്കിയത്.  ചരിത്ര നിമിഷത്തിൽ 'ഇന്ത്യ ഈസ് ഓൺ ദ മൂൺ' എന്ന് പറഞ്ഞ ഐഎസ്ആർഒ ചെയർമാൻ, രാജ്യത്തെയും ഞങ്ങളെയും അഭസംബോധന ചെയ്യാൻ മോദിയെ ക്ഷണിക്കുകയായിരുന്നു. 

ഓഗസ്റ്റ് 23 വൈകുന്നേരം ആറേ കാലോടെയാണ് രാജ്യം ചരിത്രം കുറിച്ചത്. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകൾ കൊണ്ടാണ് പൂർത്തിയാക്കിയത്. 

Latest Videos

ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവുമാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ് വ‍ര്‍ക്കിലെ മിഷൻ ഓപ്പറേഷൻസ് കോപ്ലക്സ് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം. ചന്ദ്രയാൻ രണ്ട് ഓർബിറ്റർ വഴിയാണ് ഭൂമിയിൽ നിന്നുള്ള സിഗ്നലുകൾ ലാൻഡറിലേക്ക് എത്തുന്നത്. 

Read more: ചന്ദ്രനോളം അഭിമാനം, ചരിത്ര നിമിഷം; ഇന്ത്യയുടെ ചന്ദ്രയാൻ 3 ചന്ദ്രോപരിതലം തൊട്ടു

ലാൻഡിങ്ങ് പ്രക്രിയ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് തന്നെ അവസാന ഘട്ട കമാൻഡുകൾ പേടകത്തിലേക്ക് അയച്ചിരുന്നു. അതിന് ശേഷം പേടകത്തിലെ സോഫ്റ്റ്‍വെയറാണ് നിയന്ത്രണമേറ്റെടുത്തത്. മണിക്കൂറിൽ ആറായിരത്തിലേറെ കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തിന്‍റെ വേഗം കുറച്ച് സെക്കൻഡിൽ രണ്ട് മീറ്റർ എന്ന അവസ്ഥയിലെത്തിച്ചിട്ടാണ് ലാൻഡിംഗ് പൂർത്തിയാക്കുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മാൻസിനസ് സി, സിംപിലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാൻ മൂന്ന് ഇറങ്ങിയത്. നാല് കിലോമീറ്റർ വീതിയും 2.4 കിലോമീറ്റർ നീളവുമുള്ള പ്രദേശമാണ് ലാൻഡിങ്ങിനായി തെരഞ്ഞെടുത്തിരുന്നത്. ചന്ദ്രയാൻ രണ്ട് ഓർബിറ്ററിൽ നിന്നുള്ള ചിത്രങ്ങൾ വച്ചാണ് ചന്ദ്രയാൻ മൂന്നിന്റെ ലാൻഡിങ്ങ് സ്ഥാനം തെരഞ്ഞെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!