ബിരിയാണി, നറുക്കെടുപ്പ്; കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ഈ ഗ്രാമത്തില്‍ കാത്തിരിക്കുന്നത് സമ്മാനങ്ങള്‍

By Web Team  |  First Published Jun 3, 2021, 6:51 PM IST

വാക്സിനെടുക്കുന്നവര്‍ക്ക് ഫ്രീ ബിരിയാണി ആയിരുന്നു തുടക്കത്തില്‍ നല്‍കിയത്. ഇതിന് പിന്നാലെ വാരാന്ത്യ നറുക്കെടുപ്പും ആരംഭിക്കുകയായിരുന്നു. മിക്സി, ഗ്രൈന്‍ഡര്‍, 2 ഗ്രാം സ്വര്‍ണ നാണയം എന്നിവയാണ് ആഴ്ചയില്‍ നടത്തുന്ന നറുക്കെടുപ്പിലെ സമ്മാനം. ബംപര്‍ സമ്മാനമായി നല്‍കുന്നത് റഫ്രിജറേറ്ററും വാഷിംഗ് മെഷീനും സ്കൂട്ടറുമാണ്


കൊവിഡ് വാക്സിനേഷനോട് വിമുഖത കാണിക്കുന്നവരെ  പ്രോത്സാഹിപ്പിക്കാന്‍ ബിരിയാണി മുതല്‍ ലക്കി ഡ്രോ വരെയുമായി തമിഴ്നാട്ടിലെ ഈ ഗ്രാമം. ചെന്നൈയ്ക്ക് സമീപമുള്ള മത്സ്യബന്ധനത്തൊഴിലാളി ഗ്രാമമായ കോവാലത്താണ് നൂതന ആശയങ്ങള്‍ നടപ്പിലാക്കുന്നത്. 14300 പേരാണ് ഇവിടെയുള്ളത്. ഇതില്‍ 6400 പേര്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. കഴിഞ്ഞ രണ്ട് മാസമായി ഇവിടെ വാക്സിന്‍ സ്വീകരിച്ചത് വെറും 58 പേര്‍ മാത്രമാണ്. വാക്സിനോടുള്ള വിമുഖതയാണ് ആളുകളെ പിന്തിരിപ്പിക്കുന്നതെന്ന് എസ്ടിഎസ് ഫൌണ്ടേഷന്‍ കോ ഓഡിനേറ്ററായ സുന്ദര്‍ പറയുന്നു.

വലിയ രീതിയില്‍ കൊവിഡ് വ്യാപനം തുടങ്ങിയതോടെയാണ് ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ചില സംഘടനകള്‍ ഇത്തരം ആശയങ്ങളുമായി മുന്നോട്ട് വന്നത്. എസ് എന്‍ രാംദാസ് ഫൌണ്ടേഷനും എസ്ടിഎസ് ഫൌണ്ടേഷനും ചിരാജ് ട്രസ്റ്റുമാണ് ഈ ആശയത്തിന് പിന്നില്‍. വാക്സിനെടുക്കുന്നവര്‍ക്ക് ഫ്രീ ബിരിയാണി ആയിരുന്നു തുടക്കത്തില്‍ നല്‍കിയത്. ഇതിന് പിന്നാലെ വാരാന്ത്യ നറുക്കെടുപ്പും ആരംഭിക്കുകയായിരുന്നു. മിക്സി, ഗ്രൈന്‍ഡര്‍, 2 ഗ്രാം സ്വര്‍ണ നാണയം എന്നിവയാണ് ആഴ്ചയില്‍ നടത്തുന്ന നറുക്കെടുപ്പിലെ സമ്മാനം. ബംപര്‍ സമ്മാനമായി നല്‍കുന്നത് റഫ്രിജറേറ്ററും വാഷിംഗ് മെഷീനും സ്കൂട്ടറുമാണ്. ഇതോടെ വാക്സിന്‍ സ്വീകരിക്കാനെത്തുന്നവരുടെ എണ്ണം കൂടിയെന്നാണ് റിപ്പോര്‍ട്ട്.

Latest Videos

undefined

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 345 പേരാണ് ഇവിടെ വാക്സിന്‍ സ്വീകരിച്ചത്. കൊവിഡ് മുക്തമായ കോവാലത്തിന് വേണ്ടിയാണ് പ്രയത്നമെന്ന് സുന്ദര്‍ വിശദമാക്കുന്നു.7000ത്തോളം പേരാണ് ഇവിടെ വാക്സിന് അര്‍ഹരായിട്ടുള്ളത്. നൂറ് ശതമാനം പേരും വാക്സിന്‍ സ്വീകരിക്കുകയെന്നതിനായി ഇത്തരം പദ്ധതികള്‍ തുടരുമെന്നും ഇവര്‍ പറയുന്നു. രാജ്യത്തെ നൂറ് ശതമാനം വാക്സിന്‍ സ്വീകരിച്ച ഗ്രാമമെന്ന ലക്ഷ്യത്തിലേക്കാണ് കോവാലത്തിന്‍റെ യാത്രയെന്നാണ് സംഘടനാംഗങ്ങള്‍ പറയുന്നത്.  


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!