കൊവിഡ് വാക്സീനേഷൻ 18 തികഞ്ഞവർക്ക് മാത്രം, ഗർഭിണികൾക്ക് പാടില്ല, മാർഗനിർദേശം ഇങ്ങനെ

By Web Team  |  First Published Jan 15, 2021, 12:25 PM IST

നാളെയാണ് കൊവിഡ് വാക്സീനേഷന്‍റെ ആദ്യഘട്ടം നടക്കുന്നത്. വാക്സീനേഷൻ തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിൽ മാത്രമേ പാടുള്ളൂ എന്നതടക്കം കൃത്യമായ മാർഗനിർദേശങ്ങളാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ കൊവിഡ് വാക്സീനേഷൻ പ്രക്രിയയാണ് ഇന്ത്യയിൽ നടക്കാനിരിക്കുന്നത്.


ദില്ലി: ലോകത്തെ ഏറ്റവും വലിയ വാക്സീനേഷൻ പ്രക്രിയ നാളെ ഇന്ത്യയിൽ തുടങ്ങാനിരിക്കെ, എങ്ങനെ വാക്സീൻ വിതരണം നടത്തണമെന്നതിൽ വിശദമായ മാർഗനിർദേശം സംസ്ഥാനങ്ങൾക്ക് കൈമാറി കേന്ദ്രസർക്കാർ. കൊവാക്സിൻ, കൊവിഷീൽഡ് എന്നീ രണ്ട് വാക്സീനുകളാണ് വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ മൂന്ന് കോടി പേർക്കാണ് വാക്സീൻ വിതരണം ചെയ്യുന്നത്.

എന്താണ് മാർഗനി‍ർദേശങ്ങളടങ്ങിയ ഫാക്ട് ഷീറ്റിലുള്ളത്?

Latest Videos

വാക്സീൻ പ്ലാറ്റ്‍ഫോമിനെക്കുറിച്ചുള്ള വിവരങ്ങൾ, അതിന്‍റെ വിശദാംശങ്ങൾ, ഡോസേജ്, കോൾഡ് ചെയ്ൻ സ്റ്റോറേജ് വിശദാംശങ്ങൾ, ഏതൊക്കെ ആളുകൾക്ക് വിതരണം ചെയ്യാമെന്നതിന്‍റെ നിർദേശങ്ങൾ, വാക്സീനേഷൻ ചെയ്താൽ ആർക്കെങ്കിലും എന്തെങ്കിലും തരത്തിൽ പാർശ്വഫലങ്ങളുണ്ടായാൽ എന്ത് ചെയ്യണമെന്ന നിർദേശങ്ങൾ എന്നിവയെല്ലാം ഫാക്ട് ഷീറ്റിലുണ്ട്. 

പ്രോഗ്രാം മാനേജർമാർക്കും, കോൾഡ് ചെയ്ൻ ഹാൻഡ്‍ലേഴ്സും, വാക്സിനേറ്റേഴ്സും, അടക്കമുള്ളവർക്ക് ഈ ഫാക്ട് ഷീറ്റ് കൈമാറണം.

പ്രധാന മാർഗനിർദേശങ്ങൾ ഇങ്ങനെ:

1. 18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ വാക്സിനേഷൻ നടത്താൻ പാടുള്ളൂ
2. ഒരാൾക്ക് ആദ്യഡോസിൽ ഏത് വാക്സിൻ നൽകിയോ, അതേ വാക്സിൻ തന്നെയേ രണ്ടാം ഡോസായും നൽകാവൂ, മാറി നൽകരുത്. 
3. വാക്സിൻ നൽകുമ്പോൾ, എന്തെങ്കിലും തരത്തിൽ രക്തസ്രാവമോ, പ്ലേറ്റ്‍ലെറ്റ് സംബന്ധമായ അസുഖങ്ങളോ, രക്തം കട്ടപിടിക്കുന്നതോ, രക്തസംബന്ധമായ അസുഖങ്ങളോ ഉള്ള ആളുകൾക്ക് നൽകാതിരിക്കാൻ ശ്രദ്ധിക്കണം. ആദ്യഡോസിൽ ഏതെങ്കിലും തരത്തിൽ അലർജി റിയാക്ഷനുണ്ടായ ആൾക്ക് പിന്നീട് നൽകരുത്. 
4. ഗർഭിണികൾക്കും, മുലയൂട്ടുന്ന അമ്മമാർക്കും വാക്സീൻ നൽകരുത്
5. വൈകീട്ട് 5 മണിക്ക് ശേഷം നൽകരുത്
6. പാർശ്വഫലങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണം
7. വാക്സിനേഷൻ തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിൽ മാത്രം
8. വാക്സിനുകൾ നിർബന്ധമായും രണ്ട് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൂക്ഷിക്കണം. അവ നേരിട്ട് സൂര്യപ്രകാശമേൽക്കാതെ വയ്ക്കണം. മാത്രമല്ല, വാക്സിനുകൾ തണുത്തുറഞ്ഞ് പോവുകയുമരുത്. 

click me!