18 വയസ് പൂർത്തിയായവര്‍ക്കെല്ലാം വാക്സിന്‍; അറിയേണ്ട സുപ്രധാനമായ ആറു കാര്യങ്ങള്‍

By Web Team  |  First Published Apr 19, 2021, 8:46 PM IST

ഇന്ത്യയുടെ കൊവിഡ് വാക്സിനേഷന്‍ പദ്ധതിയുടെ മൂന്നാംഘട്ടവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇങ്ങനെയാണ്.


ദില്ലി: 18 വയസ് പൂർത്തിയായ രാജ്യത്തെ എല്ലാ പൗരൻമാർക്കും വാക്സിൻ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കൊവിഡ് വ്യാപനം അതിതീവ്രമായ നിലയിലേക്ക് ഉയർന്നതിന് പിന്നാലെയാണ് വാക്സിൻ വിതരണം വ്യാപകമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. അൽപസമയം മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ മുതിർന്ന ഡോക്ടർമാരുമായി ചർച്ച നടത്തിയിരുന്നു ഇതിനു പിന്നാലെയാണ് നിർണായക പ്രഖ്യാപനം.

ആദ്യഘട്ടത്തിൽ കോവിഡ് മുൻനിര പോരാളികൾക്കാണ് വാക്സിൻ നൽകിയത്. പിന്നീട് 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും മൂന്നാം ഘട്ടത്തിൽ 45 വയസിന് മുകളിൽ പ്രായമുള്ളവർക്കും വാക്സിൻ നൽകിയിരുന്നു. പ്രായപൂർത്തിയായ മുഴുവൻ ആളുകൾക്കും വാക്സിൻ നൽകാൻ തീരുമാനിച്ചതോടെ ലോകത്തെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ പ്രക്രിയകളിലൊന്നിലേക്കാണ് ഇന്ത്യ കടക്കുന്നത്.

Latest Videos

undefined

ഇന്ത്യയുടെ കൊവിഡ് വാക്സിനേഷന്‍ പദ്ധതിയുടെ മൂന്നാംഘട്ടവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇങ്ങനെയാണ്.

1. വാക്സിന്‍ നിര്‍മ്മാതാക്കള്‍ മൂന്നാംഘട്ടത്തില്‍ തങ്ങളുടെ നിര്‍മ്മാണത്തിന്‍റെ 50 ശതമാനം വിതരണം നടത്തുന്ന സെന്‍ട്രല്‍ ഡ്രഗ്സ് ലാബോറട്ടറി വഴിയാണ്. ഇത് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന സൌജന്യ വാക്സിനേഷന്‍ പദ്ധതിക്ക് ഉപയോഗിക്കും. ബാക്കി 50 ശതമാനം പൊതു മാര്‍ക്കറ്റിലൂടെ വില്‍ക്കും. ഇത് സംസ്ഥാനങ്ങള്‍ക്കോ, സ്വകാര്യ സ്ഥാപനങ്ങള്‍ക്കോ വാങ്ങിക്കാം.

2. മെയ് 1, 2021ന് മുന്‍പ് പൊതുവിപണിയില്‍ വില്‍ക്കുന്ന വാക്സിന്‍റെ വില വാക്സിന്‍ നിര്‍മ്മാതാക്കള്‍ സുതാര്യമായി പ്രഖ്യാപിക്കണം. ഈ വിലയ്ക്ക് സംസ്ഥാന സര്‍ക്കാറുകള്‍ക്ക്, സ്വകാര്യ ആശുപത്രികള്‍ക്ക്, സ്ഥാപനങ്ങള്‍ക്ക് എന്നിവര്‍ക്ക് വാക്സിന്‍ വാങ്ങാം. സ്വകാര്യ വാക്സിന്‍ ദാതാക്കള്‍ തങ്ങളുടെ നിരക്ക് മുന്‍കൂട്ടി പ്രഖ്യാപിക്കണം. സ്വകാര്യ വാക്സിന്‍ കേന്ദ്രങ്ങളില്‍ 18 വയസിന് മുകളിലുള്ള ആര്‍ക്കും വാക്സിന്‍ സ്വീകരിക്കാം.

3. സര്‍ക്കാര്‍ വാക്സിന്‍ സെന്‍ററുകളില്‍ പതിവുപോലെ നേരത്തെ പ്രഖ്യാപിക്കപ്പെട്ട കേന്ദ്രങ്ങളില്‍ വാക്സിന്‍ നല്‍കും. ഇതില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിര പ്രവര്‍ത്തകര്‍, 45വയസിന് മുകളിലുള്ളവര്‍ എന്നിവര്‍ ഉള്‍പ്പെടും.

4. എല്ലാ സര്‍ക്കാര്‍‍, സ്വകാര്യ വാക്സിനേഷന്‍ സെന്‍ററുകളും ദേശീയ വാക്സിനേഷന്‍ പദ്ധതിയുടെ കീഴിലായിരിക്കും. എല്ലാ വാക്സിനേഷന്‍ പ്രോട്ടോക്കോളും, കോവിന്‍ പ്ലാറ്റ്ഫോം റജിസ്ട്രേഷന്‍ അടക്കം സ്വകാര്യ സെന്‍ററുകള്‍ അടക്കം പിന്തുടരണം. വാക്സിനേഷന്‍ ലഭ്യത, വില, വാക്സിനേഷന്‍ എടുത്തവരുടെ വിവരങ്ങള്‍ ഇവയെല്ലാം എഇഎഫ്ഐയില്‍ എല്ലാ വാക്സിനേഷന്‍ സെന്‍ററുകളും തല്‍സമയം റിപ്പോര്‍ട്ട് ചെയ്യണം.

5. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വാക്സിനുകള്‍ 50:50 എന്ന ശതമാനത്തില്‍ സര്‍ക്കാര്‍ വാക്സിനേഷനിലും, സ്വകാര്യ വാക്സിനേഷനിലും ഉപയോഗിക്കും. അതേ സമയം വിദേശത്ത് നിന്നും ഇറക്കുമതി അനുമതി നല്‍കുന്ന മറ്റു വാക്സിനുകള്‍ സ്വകാര്യ വാക്സിനേഷന്‍ പൂളിലേക്കായിരിക്കും നല്‍കുക.

6. രണ്ടാം ഡോസ് ലഭിക്കേണ്ട വിഭാഗങ്ങള്‍ക്കായിരിക്കും, തുടര്‍‍ന്നും പ്രഥമ പരിഗണന.

7. മെയ് 1ന് ശേഷം ഇപ്പോള്‍ തുടരുന്ന വാക്സിനേഷന്‍ പോളിസി നിരന്തരം പുനപരിശോധിക്കും. 

കൊവിഷിൽഡ് വാക്സിനാണ് ഇതുവരെ ഇന്ത്യയിൽ വ്യാപകമായി ഉപയോഗിച്ചത്. കൊവാക്സിനും നിരവധി ആളുകൾ ്സ്വീകരിച്ചു. മെയ് മുതൽ സ്പുടിനിക് വാക്സിനും ലഭ്യമാവും. ജനസംഖ്യയുടെ രണ്ട് ശതമാനം പോലും ഇതുവരെ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നാണ് അനൌദ്യോഗിക കണക്ക്. ഈ സാഹചര്യത്തിൽ പൊതുവിപണിയിലും സ്വകാര്യ വിപണിയിലും കൊവിഡ് വാക്സിൻ ലഭ്യമാക്കി കൊണ്ട് വാക്സിൻ ലഭ്യതയും വിതരണവും ലളിതമാക്കാനാവും കേന്ദ്രത്തിന്റെ നീക്കം. ഫൈസർ, ജോണ്സണ്ർ ആൻഡ് ജോണ്സണ് അടക്കം ആഗോള ബ്രാൻഡുകളുടെ വാക്സിൻ വരും മാസങ്ങളിൽ തന്നെ ഇന്ത്യയിൽ എത്താനാണ് സാധ്യത. 

വിദേശ കമ്പനികളുമായി ഇന്ത്യൻ കമ്പനികളെ സഹകരിപ്പിച്ചു കൊണ്ട് വൻതോതിൽ വാക്സിൻ ഉത്പാദിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്‍റെ ശ്രമം. ഇന്ത്യയുടെ ആവശ്യത്തിനുള്ള വാക്സിൻ കൂടാതെ ആഗോളവിപണി ലക്ഷ്യമിട്ട് കൊണ്ട് ഒരു വാക്സിൻ ഹബ്ബായി ഇന്ത്യയെ മാറ്റാനുള്ള സാഹചര്യമാണ് ഇനിയൊരുങ്ങുന്നത്.

click me!