ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജീവ് കുമാർ തൻ്റെ തീരുമാനം അറിയിച്ചത്
ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. ഇന്നത്തേത് തൻ്റെ അവസാനത്തെ വാർത്താ സമ്മേളനമാണെന്നും ശിഷ്ടകാലം അഞ്ച് മാസം ഹിമാലയത്തിൽ ധ്യാനമിരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിന് ശേഷം ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദില്ലിയിൽ ഫെബ്രുവരി അഞ്ചിന് വോട്ടെടുപ്പ് നടക്കുമെന്നും എട്ടിന് വോട്ടെണ്ണൽ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കിയ ശേഷമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വിരമിക്കൽ പ്രഖ്യാപിച്ചത്. 64 വയസുകാരനായ രാജീവ് കുമാർ മുൻ ബിഹാർ/ജാർഖണ്ഡ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. ദില്ലി സെൻ്റ് സ്റ്രീഫൻസ് കോളേജിലും ദില്ലി സർവകലാശാലയിലുമായി വിദ്യാഭ്യാസം നേടിയ ശേഷം 2017 മുതൽ 2020 വരെ കേന്ദ്ര ധനകാര്യ വകുപ്പ് സെക്രട്ടറിയായിരുന്നു. 2022 മെയ് 15 നാണ് ഇദ്ദേഹത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. ഈ വരുന്ന ഫെബ്രുവരി വരെ സർവീസ് കാലാവധിയുണ്ടായിരുന്നു.