സിബിഎസ്ഇ 12ാം ക്ലാസ് ബോർഡ് പരീക്ഷ രണ്ട് തവണ നടത്തിയേക്കും; മാറ്റം 2026 മുതൽ, മികച്ച മാർക്ക് സ്വീകരിക്കാം

By Web Team  |  First Published Jul 17, 2024, 9:33 AM IST

വിദ്യാർത്ഥികൾക്ക് താൽപ്പര്യമുണ്ടെങ്കിൽ എല്ലാ വിഷയങ്ങളും വീണ്ടും എഴുതാൻ കഴിയും. പരീക്ഷകൾ വിദ്യാർത്ഥികളിലുണ്ടാക്കുന്ന സമ്മർദം ലഘൂകരിക്കുകയാണ് ലക്ഷ്യം. 


ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ 2026 മുതൽ രണ്ടു തവണ നടത്തിയേക്കും. മാർച്ചിന് പുറമെ ജൂണിലും പരീക്ഷ  നടത്താനാണ് ആലോചന. ഇതോടെ മികച്ച മാർക്ക് ഏതാണോ അത് വിദ്യാർത്ഥികൾക്ക് സ്വീകരിക്കാൻ കഴിയും. നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് ഫോർ സ്കൂൾ എജ്യുക്കേഷൻ (എൻ.സി.എഫ്.എസ്.ഇ) ആണ് ഇതു സംബന്ധിച്ച ശുപാർശ നൽകിയത്. 

നിലവിൽ 12ആം ക്ലാസ് വിദ്യാർത്ഥികൾ ഫെബ്രുവരി - മാർച്ച് മാസങ്ങളിലാണ് സിബിഎസ്ഇ ബോർഡ് പരീക്ഷ എഴുതുന്നത്. മെയ് മാസത്തിൽ ഫലം പ്രഖ്യാപിക്കുന്നു. അതിനുശേഷം ജൂലൈയിൽ സപ്ലിമെന്‍ററി പരീക്ഷ എഴുതി ഒരു വിഷയത്തിലെ മാർക്ക് മെച്ചപ്പെടുത്താൻ കഴിയും. പാസ്സാകാത്തവർക്കും ഈ പരീക്ഷ എഴുതാം. ഈ വർഷത്തെ 12-ാം ക്ലാസിലെ സപ്ലിമെന്‍ററി പരീക്ഷകൾ ജൂലൈ 15 നാണ് നടന്നത്. 

Latest Videos

undefined

2020ലെ പുതിയ ദേശീയ വിദ്യാഭ്യാസ നയം വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിന് രണ്ട് തവണ പരീക്ഷ നടത്തുക എന്ന നിർദേശം മുന്നോട്ടുവെച്ചു. പ്രതിവർഷം രണ്ട് ബോർഡ് പരീക്ഷകൾ നടത്തുന്നതിനുള്ള നിർദ്ദേശം തയ്യാറാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം സിബിഎസ്ഇയോട് ആവശ്യപ്പെടുകയും ചെയ്തു. രണ്ട് തവണ പരീക്ഷ നടത്തുമ്പോള്‍ വിദ്യാർത്ഥികൾക്ക് താൽപ്പര്യമുണ്ടെങ്കിൽ എല്ലാ വിഷയങ്ങളും വീണ്ടും എഴുതാൻ കഴിയും. എന്നിട്ട് കൂടുതലുള്ള മാർക്ക് ഏതാണോ അത് സ്വീകരിക്കാം. 

ജൂൺ മാസത്തിൽ പരീക്ഷ നടത്തുമ്പോള്‍ വിദ്യാർത്ഥികൾക്ക് താൽപ്പര്യമുണ്ടെങ്കിൽ ഒരു വിഷയത്തിൽ മാത്രമല്ല എല്ലാ വിഷയങ്ങളിലും വീണ്ടും പരീക്ഷ എഴുതാം. രണ്ടാം സെറ്റ് പരീക്ഷകൾ നടത്താൻ സിബിഎസ്ഇയ്ക്ക് ആദ്യ ഫലം പുറത്തുവിട്ട് ഏകദേശം 15 ദിവസത്തെ ഇടവേള വേണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഫലം പ്രഖ്യാപിക്കാൻ ഒരു മാസവും വേണ്ടിവരും. അതിനാൽ രണ്ടാം ബോർഡ് പരീക്ഷയുടെ ഫലം ഓഗസ്റ്റോടെയാകും പ്രസിദ്ധീകരിക്കുക. വിദ്യാർത്ഥികൾക്ക് എഴുതേണ്ട മറ്റ് പ്രവേശന പരീക്ഷകൾ, രണ്ട് തവണ മൂല്യനിർണയം മൂലം അധ്യാപകർക്കുണ്ടാവുന്ന അമിത ജോലിഭാരം തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചാകും അന്തിമ തീരുമാനമെടുക്കുക. 

എല്ലാ വിദ്യാർത്ഥികളും രണ്ടാം ബോർഡ് പരീക്ഷയിൽ എല്ലാ വിഷയങ്ങളും വീണ്ടും എഴുതില്ലെന്നാണ് സർക്കാരിന്‍റെ കണക്കുകൂട്ടൽ. രണ്ടോ മൂന്നോ വിഷയങ്ങളേ എഴുതൂ എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. പരീക്ഷകൾ വിദ്യാർത്ഥികളിലുണ്ടാക്കുന്ന സമ്മർദം ലഘൂകരിക്കുകയാണ് ലക്ഷ്യം. 

സിയുഇടി യുജി: ആയിരത്തോളം വിദ്യാർത്ഥികൾക്ക് ജൂലൈ 19ന് വീണ്ടും പരീക്ഷ, ഫലം ജൂലൈ 22നകമെന്ന് എൻടിഎ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!