നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം: 8 പേരെ സിബിഐ അറസ്റ്റ് ചെയ്തു

By Web Team  |  First Published Jul 18, 2022, 9:09 PM IST

ദില്ലി, ഹരിയാന സംസ്ഥാനങ്ങളിലെ സെന്‍ററുകളിലാണ് തട്ടിപ്പ് നടന്നത്. 


ദില്ലി: ആള്‍മാറാട്ടം നടത്തി നീറ്റ് പരീക്ഷ എഴുതിയ കേസില്‍ എട്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തു. ദില്ലിയിൽ നിന്നാണ് എട്ട് പേരെയും അറസ്റ്റ് ചെയ്തത്. 11 പേർക്കെതിരെയാണ് കേസ്. ദില്ലി, ഹരിയാന സംസ്ഥാനങ്ങളിലെ സെന്‍ററുകളിലാണ് തട്ടിപ്പ് നടന്നത്. 

കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളെ അടിവസ്ത്രം അഴിച്ചു പരിശോധിച്ചതായി പരാതി

Latest Videos

കൊല്ലം ആയൂരിൽ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി പരാതി. പരീക്ഷാ കേന്ദ്രത്തിനെതിരെ ശൂരനാട് സ്വദേശി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നല്‍കി. പരിശോധന നടത്തുന്നത് കോളേജധികൃതർ അല്ലെന്നും പുറത്ത് നിന്നുള്ള ഏജൻസിയാണെന്നുമാണ് സ്വകാര്യ കോളേജിന്‍റെ വിശദീകരണം.

നീറ്റിലെ സുരക്ഷാ പരിശോധനയുടെ പേരിൽ നടന്ന അവഹേളനത്തിനെതിരെ  ഉയരുന്നത് വ്യാപക പ്രതിഷേധമാണ്. പരീക്ഷാ കേന്ദ്രത്തിലെ പ്രവേശന കവാടത്തിലെ മുറിയിൽ വച്ച് വസ്ത്രങ്ങള്‍ പരിശോധിച്ച് അടിവസ്ത്രം അഴിപ്പിച്ചെന്നാണ് പരാതി. വസ്ത്രത്തില്‍ ലോഹ വസ്തു ഉണ്ടെന്ന  കാരണം പറഞ്ഞായിരുന്നു നടപടി. സംഭവം വിദ്യാര്‍ഥിനികളെ മാനസികമായി തളര്‍ത്തിയെന്നും പരീക്ഷയെ വലിയ രീതിയിൽ ബാധിച്ചെന്നുമാണ് രക്ഷിതാക്കൾ പറയുന്നത്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ കൊല്ലം റൂറൽ എസ്പിക്ക് നിർദേശം നൽകി.

നീറ്റ് പരീക്ഷ; വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച അധികൃതർക്കെതിരെ നടപടി വേണമെന്ന് എസ്എഫ്ഐ

 

നീറ്റ് പരീക്ഷാ കേന്ദ്രത്തിൽ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ.  കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച അധികൃതരുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് കെ അനുശ്രീ,സംസ്ഥാന സെക്രട്ടറി  പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

 കൊല്ലം ആയൂര്‍ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍‍ഡ് ടെക്നോളജിയിലെ പരീക്ഷാ കേന്ദ്രത്തിലാണ് നൂറോളം വരുന്ന വിദ്യാർത്ഥിനികൾ കടുത്ത മനുഷ്യാവകാശ ലംഘനത്തിനാണ് ഇരകളായിരിക്കുന്നത്. പരീക്ഷയുടെ സുരക്ഷാ കാരണങ്ങൾ ഉയർത്തിക്കാട്ടി നീറ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന പീഡനത്തെക്കുറിച്ചുള്ള വാർത്തകൾ മുൻ വർഷങ്ങളിലും ഉയർന്നു വന്നിട്ടുണ്ട്. എന്നാൽ നീറ്റ് പരീക്ഷ സംഘടിപ്പിക്കുന്ന അധികൃതർ തിരുത്തലുകൾക്ക് തയ്യാറാവുന്നില്ല എന്നാണ് കൊല്ലത്തെ സംഭവം സൂചിപ്പിക്കുന്നതെന്ന് എസ്എഫ്ഐ ഭാരവാഹികള്‍ ആരോപിച്ചു.

ഇത്തരം വിദ്യാർത്ഥിവിരുദ്ധ സമീപനങ്ങളുമായി മുന്നോട്ട് പോകുന്ന അധികൃതർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തയ്യാറാവണം. വിദ്യാർത്ഥി വിരുദ്ധതയുടെ അപ്പോസ്‌തലൻമാരായി വിലസുന്ന നീറ്റ് അധികൃതർക്കെതിരെ വലിയ വിദ്യാർത്ഥി പ്രതിഷേധം ഉയർത്തിക്കൊണ്ടുവരുമെന്നും എസ്എഫ്ഐ വ്യക്തമാക്കി.

click me!