കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥനെ കൊണ്ടുപോകവെ തുറമുഖത്തു നിന്ന് കാർ കടലിലേക്ക് വീണു; ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

By Web Team  |  First Published Dec 19, 2024, 2:06 PM IST

കാറിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവർക്ക് പുറത്തു കടക്കാൻ സാധിച്ചില്ല. പിന്നീട് 100 മീറ്ററോളം അകലെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. 


ചെന്നൈ: ചെന്നൈ തുറമുഖത്ത് കാർ നിയന്ത്രണംവിട്ട് കടലിലേക്ക് പതിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. കൊടുങ്ങയ്യൂർ സ്വദേശിയായ മുഹമ്മദ് ഷാഹി (33) ആണ് മരിച്ചത്. കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനെ ഡോക്കിലേക്ക് കൊണ്ടുപോകുന്നതിനിടെ പിന്നിലേക്ക് എടുത്ത വാഹനം നിയന്ത്രണം വിട്ട് കടലിലേക്ക് വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

തുറമുഖത്തു നിന്ന് ജവഹർ ഡോക്ക് -5ലേക്ക് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനെ കൊണ്ടു പോകുന്നതിനിടെയായിരുന്നു അപകടം. പാരപ്പറ്റ് ഭിത്തിയില്ലാതിരുന്നതിനാൽ വാഹനം പെട്ടെന്ന് കടലിലേക്ക് വീണു.  വാഹനത്തിലുണ്ടായിരുന്ന കോസ്റ്റ് ഗാർഡ് സെയിലർ ജോഗേന്ദ്ര കാന്ത വാഹനത്തിന്റെ ഗ്ലാസ് പൊട്ടിച്ച ശേഷം പുറത്തുകടന്ന് തീരത്തേക്ക് നീന്തി രക്ഷപ്പെട്ടു. തിരത്തെത്തിയ അദ്ദേഹം അവിടെ കുഴഞ്ഞുവീണു. നാവികനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഡ്രൈവർ വാഹനത്തിനുള്ളിൽ തന്നെ കുടുങ്ങിപ്പോവുകയായിരുന്നു. 

Latest Videos

undefined

മുപ്പതിലധികം കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരും 20 അഗ്നിശമന സേനാ ഉദ്യോഗസ്ഥരും സ്കൂബാ ഡൈവർമാരും തുറമുഖ പൊലീസ് വിഭാഗവും ഉൾപ്പെടുന്ന സംഘം ഉടൻ തന്നെ സ്ഥലത്തെത്തി തെരച്ചിൽ ആംരംഭിച്ചു. രണ്ട് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ 85 അടി ആഴത്തിൽ നിന്ന് കാർ കണ്ടെത്തിയെങ്കിലും ഡ്രൈവർ അതിനകത്തുണ്ടായിരുന്നില്ല. കാർ പിന്നീട് ഉയർത്തി മാറ്റി. തെരച്ചിൽ തുടരുന്നതിനിടെ അപകടം നടന്ന സ്ഥലത്തിന് 100 മീറ്ററോളം അകലെ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ചെന്നൈ തുറമുഖത്ത് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്. ഇവരെ കൊണ്ടുപോകാനും തിരിച്ച് കൊണ്ടുവരാനും വേണ്ടി വാഹനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഇതിൽപ്പെട്ട ഒരു വാഹനമാണ് കടലിലേക്ക് വീണത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!