പഞ്ചറായ ടയർ മാറ്റാൻ നിർത്തിയ ട്രക്കിന്‍റെ മുൻവശത്തോ പിൻവശത്തോ സൈൻ ബോർഡുകൾ ഇല്ലായിരുന്നു. ട്രക്കിന്‍റെ പാർക്കിങ് ലൈറ്റുകളും ഇട്ടിരുന്നില്ലെന്ന് പൊലീസ്.
അഹമ്മദാബാദ്: നിർത്തിയിട്ടിരുന്ന ട്രക്കിൽ കാറിടിച്ച് ഏഴ് മരണം. മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് തീർത്ഥാടകരാണ് മരിച്ചത്. ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ മംഗഡ് ഗ്രാമത്തിലാണ് സംഭവം. പുലർച്ചെയാണ് അപകടമുണ്ടായത്.
ക്ഷേത്രത്തിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് സംഭവം. ഇരുട്ടായതിനാൽ കാർ ഡ്രൈവർ ട്രക്ക് കണ്ടില്ലെന്ന് പൊലീസ് പറഞ്ഞു. ട്രക്ക് ഡ്രൈവറും ക്ലീനറും പഞ്ചറായ ടയർ മാറ്റുന്നതിനിടെയാണ് കാർ പാഞ്ഞുകയറിയത്. ജയ്‌ദേവ് ഗോഹിൽ (23), ഭാര്യ സരസ്വതി (21), ബന്ധു വിവേക് ഗണപത് ഗോഹിൽ (16), ഹൻഷ അരവിന്ദ് ജാദവ് (35), മകൾ സന്ധ്യാബെൻ ജാദവ് (11), മിതാൽബെൻ ജാദവ് (40), കീർത്തിബെൻ (6) എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. അവരെ ഉടൻ തന്നെ ജംബുസറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വഡോദരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പഞ്ചറായ ടയർ മാറ്റാൻ നിർത്തിയ ട്രക്കിന്‍റെ മുൻവശത്തോ പിൻവശത്തോ സൈൻ ബോർഡുകൾ ഇല്ലായിരുന്നുവെന്ന് സബ് ഇൻസ്‌പെക്ടർ കെ എൻ സോളങ്കി പറഞ്ഞു. ട്രക്കിന്‍റെ പാർക്കിങ് ലൈറ്റുകളും ഇട്ടിരുന്നില്ല. കാർ ഡ്രൈവർ ഇരുട്ടിൽ ട്രക്ക് കണ്ടിട്ടുണ്ടാകില്ലെന്ന് പൊലീസ് പറഞ്ഞു. അപകട സ്ഥലത്തു നിന്ന് ട്രക്ക് ഡ്രൈവറും സഹായിയും രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ട്രക്ക് ഡ്രൈവർക്കും സഹായിക്കും എതിരെ ഭാരതീയ ന്യായ് സൻഹിതയിലെ സെക്ഷൻ 285 (അശ്രദ്ധമായ പെരുമാറ്റം), 125 (എ) (മറ്റുള്ളവരുടെ ജീവൻ അപകടപ്പെടുത്തൽ), 125 (ബി) എന്നിവ പ്രകാരവും വാഹന നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരവും ജംബുസർ പൊലീസ് കേസെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം